വിവാദ താരം ആമിര്‍ പാക് ടീമില്‍ തിരിച്ചെത്തി

Posted on: January 2, 2016 5:51 am | Last updated: January 1, 2016 at 11:52 pm
SHARE

mohammadamir-pakistan-cricket-lifeban-shc_3-24-2015_179133_lകറാച്ചി: തത്‌സമയ വാതുവെപ്പ് കേസില്‍ ഐ സി സിയുടെ അഞ്ച് വര്‍ഷ വിലക്ക് നേരിട്ട പേസ് ബൗളര്‍ മുഹമ്മദ് ആമിര്‍ വീണ്ടും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തി. ഏറെ എതിര്‍പ്പുകളെ അതിജീവിച്ചാണ് ആമിറിനെ ന്യൂസിലാന്‍ഡിനെതിരായ ടി20, ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഏകദിന ടീം നായകന്‍ അസ്ഹര്‍ അലി വാതുവെപ്പ് വിവാദത്തിലുള്‍പ്പെട്ട താരത്തെ ടീമിലെടുത്തതില്‍ പ്രതിഷേധിച്ച് ടീം ക്യാമ്പ് വിടുകയും ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാനൊരുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുനയിപ്പിക്കലിനെ തുടര്‍ന്നാണ് അസ്ഹര്‍ അലി ടീമുമായി സഹകരിക്കാന്‍ തയ്യാറായത്.
2010 ഇംഗ്ലണ്ട് പര്യടനത്തിനിടെയിലാണ് മുഹമ്മദ് ആമിര്‍ തത്‌സമയ വാതുവെപ്പിലേര്‍പ്പെട്ടത്. കായിക ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്റെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തുടങ്ങിയ ആമിര്‍ സെലക്ടര്‍മാരുടെ ശ്രദ്ധപിടിച്ചു പറ്റി. കഠിനാധ്വാനിയായ ആമിറിനെ ഒരിക്കല്‍ സംഭവിച്ച തെറ്റിന്റെ പേരില്‍ അകറ്റിനിര്‍ത്തുന്നത് ശരിയല്ലെന്ന് ചീഫ് സെലക്ടര്‍ ഹാരൂണ്‍ റഷീദ് പറഞ്ഞു.
ടീമില്‍ തിരിച്ചെത്തിയെങ്കിലും ആമിറിന് പര്യടനത്തിനായി ന്യൂസിലാന്‍ഡിലേക്ക് പോകുവാന്‍ സാധിക്കുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കാരണം, ഇതുവരെയും ആമിറിന് വിസ അനുവദിച്ചു കിട്ടിയിട്ടില്ല. ഇരുപത്തിമൂന്നുകാരനായ മുഹമ്മദ് ആമറിനൊപ്പം പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ടും മുഹമ്മദ് ആസിഫും അഞ്ച് വര്‍ഷ വിലക്ക് നേരിട്ടിരുന്നു. യുവതാരമായ ആമിറിന് ഐ സി സി പ്രത്യേക ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ സാധിച്ചത്. 2011 ഫെബ്രുവരിയില്‍ വന്ന വിലക്കിന്റെ കാലാവധി ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല സല്‍മാനും ആസിഫും.
പാക് നിരയിലേക്ക് വെറ്ററന്‍ പേസര്‍ ഉമര്‍ ഗുലും തിരിച്ചെത്തി. ടി20 സ്‌ക്വാഡിലേക്കാണ് ഗുലിനെ പരിഗണിച്ചത്.
മുപ്പത്തൊന്നുകാരനായ ഗുല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പരുക്കും ഫോമില്ലായ്മയും കാരണം ദേശീയ ടീമില്‍ സജീവമല്ല. കഴിഞ്ഞ ഏപ്രിലില്‍ ഒരു ടി20 കളിച്ചതിന് ശേഷം പരുക്കേറ്റ് കളം വിടുകയായിരുന്നു. ഇപ്പോള്‍, പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ഗുല്‍ സെലക്ടര്‍മാരുടെ വിശ്വാസവും ആര്‍ജിച്ചാണ് തിരിച്ചെത്തുന്നത്. ടെസ്റ്റില്‍ 163 വിക്കറ്റുകളും ഏകദിനത്തില്‍ 173ഉം ടി20യില്‍ 83 വിക്കറ്റും സ്വന്തമാക്കിയ താരമാണ് ഉമര്‍ ഗുല്‍.
പാക്കിസ്ഥാന്റെ ടി20 ടീം : ഷാഹിദ് അഫ്രീദി (ക്യാപ്റ്റന്‍), മുഹമ്മദ് ഹഫീസ്, അഹമ്മദ് ഷെഹ്‌സാദ്, ശുഐബ് മഖ്‌സൂദ്, ഉമര്‍ അക്മല്‍, സാദ് നാസിം, ശുഐബ് മാലിക്, ഇഫ്തീഖര്‍ അഹമ്മദ്, മുഹമ്മദ് റിസ്‌വാന്‍, സര്‍ഫറാസ് അഹമ്മദ്, അന്‍വര്‍ അലി, ആമിര്‍ യമീന്‍, ഇമാദ് വാസിം, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, ഉമര്‍ ഗുല്‍.
പാക്കിസ്ഥാന്‍ ഏകദിന ടീം : അസ്ഹര്‍ അലി (ക്യാപ്റ്റന്‍), മുഹമ്മദ് ഹഫീസ്, അഹമ്മദ് ഷെഹ്‌സാദ്, ശുഐബ് മഖ്‌സൂദ്, ശുഐബ് മാലിക്, ആസാദ് ഷഫീഖ്, ബാബര്‍ അസം, സഫര്‍ ഗോഹര്‍, ഇമാദ് വാസിം, അന്‍വര്‍ അലി, സര്‍ഫറാസ് അഹമ്മദ്, വഹാബ് റിയാസ്, റാഹത് അലി, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് ആമിര്‍.

LEAVE A REPLY

Please enter your comment!
Please enter your name here