Connect with us

Sports

ബാഡ്മിന്റണില്‍ ഇനി പ്രീമിയര്‍ പോരാട്ടങ്ങള്‍

Published

|

Last Updated

പി കശ്യപ്പി കശ്യപ്‌

മുംബൈ: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം, ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ് പേരില്‍ ചെറിയൊരു മാറ്റം വരുത്തി പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് ആയി ഇന്ന് വീണ്ടും അവതരിക്കുന്നു. ഐ പി എല്‍, ഐ എസ് എല്‍ മാത്രകയില്‍ ബാഡ്മിന്റണില്‍ ഇന്ത്യ നടത്തുന്ന കായിക പരീക്ഷണമാണ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്. 2013 ലെ പ്രഥമ എഡിഷന് ശേഷം ഇപ്പോഴാണ് അതിനൊരു തുടര്‍ച്ച സംഭവിക്കുന്നത്. പ്രമുഖ വിദേശതാരങ്ങള്‍ പങ്കെടുക്കുന്ന ലീഗില്‍ ആറ് ടീമുകളാണ് മാറ്റുരക്കുന്നത്. മുംബൈ റോക്കറ്റ്‌സ്, അവാധെ വാരിയേഴ്‌സ്, ഡല്‍ഹി ഏയ്‌സേഴ്‌സ്, ഹൈദരാബാദ് ഹണ്ടേഴ്‌സ്, ചെന്നൈ സ്മാഷേഴ്‌സ്, ബെംഗളുരു ടോപ്ഗണ്‍ എന്നിങ്ങനെയാണ് ടീമുകള്‍.
ഉദ്ഘാടന മത്സരത്തില്‍ മുംബൈ റോക്കറ്റ്‌സും അവാധെ വാരിയേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.
പതിനഞ്ച് ദിവസം ഇടവേളകളില്ലാതെയാണ് ടൂര്‍ണമെന്റ്. 14,15 തീയതികളില്‍ സെമിഫൈനലും പതിനേഴിന് ഫൈനലും നടക്കും.
താര ലേലത്തില്‍ ഒരു ലക്ഷം യു എസ് ഡോളര്‍ വിലമതിപ്പ് നേടിയ സൈന നെഹ്‌വാളാണ് അവാധെ വാരിയേഴ്‌സിന്റെ നേതൃസ്ഥാനത്ത്. ആതിഥേയരായ മുംബൈ റോക്കറ്റ്‌സിന്റെ ശക്തികേന്ദ്രങ്ങള്‍ പുരുഷസിംഗിള്‍സ് താരങ്ങളായ എച്ച് എസ് പ്രണോയും ഗുരുസായ്ദത്തുമാണ്. ഡബിള്‍സിലും മുംബൈ ശക്തരാണ്. ഡെന്‍മാര്‍ക്കിന്റെ മാത്യാസ് ബോയും റഷ്യയുടെ വഌദ്മിര്‍ ഇവാനോവുമാണ് ഡബിള്‍സില്‍ ഒരുമിക്കുന്നത്.
സൈനക്ക് പുറമെ അവാധെ വാരിയേഴ്‌സിന്റെ പ്രതീക്ഷയായി സായ് പ്രണീതും സൗരഭ് വര്‍മയുമുണ്ട്. തായ്‌ലന്‍ഡിന്റെ തനോംസാക് സെയിന്‍സോബൂന്‍സുകും വാരിയേഴ്‌സിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു.
നാളെ രണ്ട് മത്സരങ്ങളുണ്ട്. ഹൈദരാബാദ് ഹണ്ടേഴ്‌സും ബെംഗളുരു ടോപ് ഗണ്‍സും തമ്മിലാണ് ആദ്യ മത്സരം. വൈകീട്ട് മുംബൈ റോക്കറ്റ്‌സും ചെന്നൈ സ്മാഷേഴ്‌സും തമ്മിലാണ് കളി.
ലോകറാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തുള്ള കെ ശ്രീകാന്താണ് ബെംഗളുരു ടോപ് ഗണ്‍സിന്റെ ആകര്‍ഷണം. അടുത്തിടെ ടാറ്റ ഓപണ്‍ ചാലഞ്ച് സിംഗിള്‍സ് കിരീടം ചൂടിയ സമീര്‍ വര്‍മയും ആനന്ദ പവാറും ടോപ് ഗണ്‍സിന്റെ പ്രധാനികളാണ്.
മലേഷ്യയുടെ ഡബിള്‍സ് സ്‌പെഷ്യലിസ്റ്റുകളായ കിം വാ ലിം-തിന്‍ ഹോ ഹൂന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ വനിതാ ഡബിള്‍സ് സ്‌പെഷ്യലിസ്റ്റ് അശ്വനി പൊന്നപ്പയും ടോപ് ഗണ്‍സ് നിരയിലുണ്ട്.
ഹൈദരാബാദ് ഹണ്ടേഴ്‌സിന്റെ പ്രധാന താരം മലേഷ്യയുലെ ലോക അഞ്ചാം നമ്പര്‍ ലീ ചോംഗ്‌വിയാണ്. 2013 ലെ പ്രഥമ എഡിഷനിലും ലീ ചോംഗ്‌വി കളിച്ചിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റായ പി കശ്യപാണ് മറ്റൊരു പ്രധാന താരം. ലോകറാങ്കിംഗില്‍പതിനഞ്ചാം സ്ഥാനത്തുള്ള കശ്യപ് സമീപകാലത്ത് പരുക്കിന്റെ പിടിയിലായിരുന്നു.
പ്രീമിയര്‍ ലീഗിലൂടെ ശക്തമായൊരു തിരിച്ചുവരവാണ് കശ്യപ് ലക്ഷ്യമിടുന്നത്. പരിചയ സമ്പന്നരായ മിക്‌സഡ് ഡബിള്‍സ് സഖ്യം ഹണ്ടേഴ്‌സിനൊപ്പമുണ്ട്. ഡെന്‍മാര്‍ക്കിന്റെ വെറ്ററന്‍ കാസ്റ്റന്‍ മോഗെന്‍സനും ഇന്ത്യയുടെ ജ്വാല ഗുട്ടയും.
ചെന്നൈ സ്മാഷേഴ്‌സ് നിരയില്‍ പേരെടുത്ത പുരുഷ സിംഗിള്‍സ് താരങ്ങളില്ല. വനിതാ സിംഗിള്‍സ് താരങ്ങളിലാണ് ചെന്നൈയുടെ പ്രതീക്ഷ. ലോകറാങ്കിംഗില്‍ പിന്ത്രണ്ടാംസ്ഥാനത്തുള്ള പി വി സിന്ധുവാണ് പ്രധാന താരം.
അഞ്ച് വേദികളിലായിട്ടാണ് ലീഗ് നടക്കുന്നത്. മുംബൈ, ലക്‌നൗ, പൂനെ, ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വേദികള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങളെല്ലാം തത്‌സമയം സംപ്രേഷണം ചെയ്യും.

ലീഗ് ആഗോള ശ്രദ്ധയാകര്‍ഷിക്കും: കശ്യപ്
ന്യൂഡല്‍ഹി: ഐ പി എല്‍ ഉണ്ടാക്കിയതിനേക്കാള്‍ ആഗോളതരംഗമുണ്ടാക്കാന്‍ ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗിന് സാധിക്കുമെന്ന് ഇന്ത്യന്‍ താരം പി കശ്യപ്. ഐ പി എല്‍ ഇന്ത്യയില്‍ വലിയ തരംഗമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ആഗോള കായിക ഇനം എന്ന നിലക്ക് ക്രിക്കറ്റ് ഇനിയും വലിയ ഉയരങ്ങളിലെത്തിയിട്ടില്ല. ഫുട്‌ബോളും ബാഡ്മിന്റണും ടെന്നീസുമൊക്കെ ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ഗെയിമുകളാണ്. അതുകൊണ്ടു തന്നെ ഇത്തരം ഗെയിമുകളുടെ പ്രീമിയര്‍ ലീഗ് പതിപ്പുകള്‍ക്ക് ആഗോള കായിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും – കശ്യപ് പറഞ്ഞു.
പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്തെ കുതിപ്പിക്കും. വിദേശ താരങ്ങള്‍ക്കൊപ്പം ഇടപഴകി കളിക്കുവാനുള്ള അവസരം ഗുണം ചെയ്യുമെന്നും താരം. യുവതാരങ്ങള്‍ക്ക് വലിയ അവസരമാണ് ഇപ്പോഴുള്ളത്. സിറില്‍ വര്‍മ, സാത്വിക് എന്നീ ഭാവി താരങ്ങള്‍ക്ക് മികച്ച പരിശീലനക്കളരിയായി ലീഗ് മാറുമെന്നും കശ്യപ്. പ്രഥമ എഡിഷനില്‍ ബംഗാബീറ്റ്‌സിന്റെ താരമായിരുന്ന കശ്യപ് ഇത്തവണ ഹൈദരാബാദ് ഹണ്ടേഴ്‌സിനൊപ്പമാണ്.

Latest