Connect with us

National

ബംഗാളില്‍ പ്രചാരണത്തിന് മോദി മുന്നില്‍ ഉണ്ടാകില്ല

Published

|

Last Updated

ന്യൂഡല്‍ഹി : വിദേശ പരസ്യ ഏജന്റുമാരുടെയും ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധരുടെയും സഹായത്തോടെ വ്യാപക പ്രചാരണങ്ങളുടെ അകമ്പടിയോടെ രൂപപ്പെടുത്തിയ “മോദി തരംഗത്തി”ന്റെ മാറ്റ് കുറഞ്ഞതായി ബി ജെ പി വിലയിരുത്തല്‍. മോദി തരംഗത്തില്‍ വന്‍ നേട്ടം കൊയ്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയേറ്റതിന് പിന്നാലെയാണ് പാര്‍ട്ടി ഈ വിലയിരുത്തലിലെത്തിയതെന്നാണ് വിവരം.
ഇതുപ്രകാരം അടുത്ത് നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തെ പ്രധാനമന്ത്രി മുന്നില്‍ നിന്ന് നയിക്കേണ്ടതില്ലെന്നാണ് ബി ജെ പിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യ പ്രചാരകനാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടുവന്ന പരീക്ഷണ രീതിക്ക് മാറ്റം വരുത്താനാണ് പാര്‍ട്ടി തീരുമാനം. മോദിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ബീഹാറില്‍ പാര്‍ട്ടിക്കുണ്ടായ വന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന രൂക്ഷ വിമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് മോദിയുടെ പ്രഭാവത്തെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നും ഇത് പാര്‍ട്ടി ഘടകങ്ങളുടെ ശക്തി ഉപയോഗപ്പെടുത്തുന്നതിന് തടസ്സമാകുമെന്നും ഇതുവഴി കീഴ്ഘടകങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് കുറക്കാമെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. അതേസമയം, മോദി തരംഗം അവസാനിച്ചെന്ന രാഷ്ട്രീയ എതിരാളികളുടെ വാദം ശരിവെക്കുന്നതാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
ഇതോടെ, ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണത്തില്‍ അവസാന ഘട്ടത്തില്‍ മാത്രമാകും മോദി പ്രചാരണത്തിനെത്തുക. ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 294 സീറ്റില്‍ ഭൂരിഭാഗത്തിലും ബിജെപി തന്നെ മത്സരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീരുമാനം നടപ്പായാല്‍ മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരായിരിക്കും ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം മോദിയുടെ വണ്‍മാന്‍ഷോ ആയി മാറുന്നതിലൂടെ മറ്റു നേതാക്കളുടെ കൂട്ടുത്തരവാദിത്വം നഷ്ടമാകുന്നതായും, ഇത് നേതാക്കള്‍ക്കിടയില്‍ അസംതൃപ്തിക്ക് കാരണമാകുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബി ജെ പി നേതൃതിരയില്‍ ഉടലെടുത്ത ആഭ്യന്തര കലാപം ഇതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു.
മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനിയുടെയും മുരളീമനോഹര്‍ ജോഷിയുടെയും നേതൃത്വത്തില്‍ അതൃപ്ത വിഭാഗം പരസ്യമായി രംഗത്ത് വന്നത് പാര്‍ട്ടിക്ക് ഏറെ ക്ഷീണം ചെയ്തിരുന്നു. പിന്നീട് ആര്‍ എസ് എസ് നേതൃത്വം ഇടപെട്ട് ഇത് താത്കാലികമായി പരിഹരിച്ചെങ്കിലും ഭിന്നത പൂര്‍ണമായും പരിഹരിക്കാനായിട്ടില്ല.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം