Connect with us

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് വേഗംകൂട്ടി സി പി എം

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് പിണറായി വിജയന്‍ തന്നെയെന്ന് പറയാതെ പറഞ്ഞ് സി പി എം. വി എസ് അച്യുതാനന്ദന്‍ ഇനിയും മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം പിണറായി വിജയന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
പാര്‍ട്ടിപ്ലീനം കഴിഞ്ഞതിന് പിന്നാലെ നായകന്റെ റോളില്‍ പിണറായി വിജയന്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. സി പി എമ്മിന്റെ കേരളയാത്ര നയിക്കാന്‍ പിണറായിയെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു. എല്‍ ഡി എഫ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ചേരുന്ന അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നതും പിണറായിയാണ്. ഈ മാസം ഒമ്പത്, പത്ത് തീയതികളില്‍ തിരുവനന്തപുരത്താണ് കേരള പഠന കോണ്‍ഗ്രസ്. തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുമായി ഇന്നലെ ചര്‍ച്ച നടത്തിയ പിണറായി വിജയന്‍ സി പി എം മുന്നോട്ടുവെക്കുന്ന വികസന നിര്‍ദേശങ്ങള്‍ പങ്കുവെച്ചു.
എ കെ ജി പഠന ഗവേഷണ കേന്ദ്രമാണ് കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. മുവായിരത്തോളം പ്രതിനിധികളാണ് കേരള പഠന കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. പ്രൊഫഷനലുകള്‍, പണ്ഡിതര്‍, മാനേജ്‌മെന്റ് വിദഗ്ധര്‍, രാഷ്ട്രീയ, ബഹുജനസംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരെല്ലാമെത്തും. ഒമ്പതിന് രാവിലെ എ കെ ജി ഹാളില്‍ സി പി എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
പി ബി അംഗം പ്രകാശ് കാരാട്ടാണ് സമാപന സംഗമത്തിന്റെ ഉദ്ഘാടകന്‍. 51 സമാന്തര സെഷനുകളിലായി അഞ്ഞൂറിലേറെ വിദഗ്ധര്‍ പങ്കെടുക്കും. വ്യവസായം, കൃഷി, തൊഴില്‍, ഭൂപ്രശ്‌നം, മാധ്യമം, സാമൂഹിക സുരക്ഷ, ദളിത്- ആദിവാസി വിഷയങ്ങള്‍, സ്ത്രീകളുടെ പാര്‍ശ്വവത്കരണം, ലിംഗ നീതി, ട്രാന്‍സ്‌ജെന്‍ഡര്‍, സാന്ത്വന ചികിത്സ തുടങ്ങി സമസ്ത മേഖലകളിലെ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചക്ക് വരും. കൃഷി അനുബന്ധ മേഖലകളില്‍ ആറ് സെഷനുകളും വ്യവസായവുമായി ബന്ധപ്പെട്ട അഞ്ച് സെഷനുകളും ഉണ്ടാകും. ഭാഷ, സംസ്‌കാരം, മലയാളം കമ്പ്യൂട്ടിംഗ്, മാലിന്യസംസ്‌കരണം, പ്രവാസി ക്ഷേമം, സ്‌പോര്‍ട്‌സ് എന്നീ സെഷനുകളും നടക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഇന്ത്യക്ക് ഇടതുപക്ഷ ബദല്‍ എന്ന വിഷയത്തില്‍ സിംപോസിയം നടക്കും. മറ്റു അഞ്ച് വിഷയങ്ങളിലും സിംപോസിയങ്ങളുണ്ട്. ഭിന്ന ലിംഗ നയം സംബന്ധിച്ച പ്രത്യേക ചര്‍ച്ചയുണ്ട്. കാലാവസ്ഥാവ്യതിയാനം, നെറ്റ്‌ന്യൂട്രാലിറ്റി എന്നിവയിന്മേലുള്ള രണ്ട് ഓപണ്‍ഹൗസുകളും സംഘടിപ്പിച്ചിട്ടുണ്ട്.
കേരള വികസനം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് പിണറായി പറഞ്ഞു. ഇതര സംസ്ഥാനങ്ങളുടെ വികസന മാതൃക അതേപടി പിന്തുടരുന്നതിന് കേരളത്തിന് പരിമിതികളുണ്ട്. ജനസാന്ദ്രത, ഭൂമിയുടെ ദൗര്‍ലഭ്യം, ഭക്ഷ്യകാര്യത്തിലെ പരാശ്രയത്വം, വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവക്കു പുറമെ വിദേശ പണവരവിനെ ആശ്രയിച്ചുള്ള സമ്പദ്ഘടന എന്നീ മാറ്റങ്ങള്‍ കേരളത്തിനുണ്ട്. സമഗ്രമായി പഠിച്ച് പദ്ധതികള്‍ തയ്യാറാക്കി വികസന മാതൃകകള്‍ രൂപപ്പെടുത്തുകയാണ് പഠന കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പിണറായി പറഞ്ഞു.
യു ഡി എഫ് ഭരണം സംസ്ഥാനത്തെ വലിയ കടക്കെണിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് കണ്‍സല്‍ട്ടന്റുമാരെ വെച്ച് സൃഷ്ടിച്ച വികസന പരിപ്രേക്ഷ്യമല്ല കേരളത്തിന് വേണ്ടത്. ഇത്തരം നിയോലിബറല്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ജനകീയ ബദല്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പിണറായി പറഞ്ഞു.