തൊലിപ്പുറ ചികിത്സ കൊണ്ടായില്ല

Posted on: January 2, 2016 6:00 am | Last updated: January 2, 2016 at 1:16 am
SHARE

സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നേതാക്കള്‍ ഒരുമിച്ചിരുന്ന് പത്രസമ്മേളനം നടത്തിയിരിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്ത പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസിനകത്ത് പൂര്‍ണ ഐക്യം പുനഃസ്ഥാപിക്കുമെന്നും കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്നും നേതാക്കള്‍ പ്രഖ്യാപിക്കുകയുണ്ടായി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതകളുണ്ടാകില്ല. നിയമസഭാ തിരഞ്ഞെടുപ്പിനെ ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കതീതമായി ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കള്‍ അറിയിക്കുകയുണ്ടായി.
കേരളത്തിലെ മതേതര സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പ്രമുഖ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം അവസാനിച്ചു കാണാനും നേതാക്കള്‍ പൂര്‍ണയോജിപ്പോടെ മുന്നോട്ട് പോകാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, മതേതര വിശ്വാസികളും ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയ ഫാസിസത്തിന് കേരളത്തില്‍ വേണ്ടത്ര വേരോട്ടം ലഭിക്കാത്തതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് കോണ്‍ഗ്രസിന്റെയു ഇടതുപക്ഷത്തിന്റെയും സാന്നിധ്യമാണ്. ഇവിടെ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും തകര്‍ച്ച മതേതര ജനാധിപത്യത്തിന്റേത് കൂടിയാണ്. കോണ്‍ഗ്രസിന്റെ ആധിപത്യത്തിലായിരുന്ന പല സംസ്ഥാനങ്ങളിലും ഗ്രൂപ്പിസവും ഭരണത്തിലെ നയവൈകല്യവും കാരണം പാര്‍ട്ടി തൂത്തെറിയപ്പെട്ടിട്ടുെണ്ടങ്കിലും കേരളത്തില്‍ പാടേ തകരാതെ മുന്നോട്ടുകൊണ്ടുപോകാന്‍ നേതൃത്വത്തിനായിട്ടുണ്ട്. എങ്കിലും ഗ്രൂപ്പിസവും ഉപഗ്രൂപ്പിസവുമൊക്കെയായി പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ഭിന്നത ഇവിടെയും നേതാക്കളെ മാനസികമായി അകറ്റുകയും അത് പാര്‍ട്ടിയെ സാരമായി ക്ഷീണിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എ, ഐ വിഭാഗങ്ങള്‍ തമ്മിലുള്ള ശീതസമരം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ പോലും സാരമായി ബാധിക്കുകയുണ്ടായി. സോണിയയുമായുള്ള കഴിഞ്ഞ ദിവസത്തെ കുടിക്കാഴ്ചയില്‍ ഘടകകക്ഷി നേതാക്കള്‍ ഉണര്‍ത്തിയ മുഖ്യപരാതിയും ഇതായിരുന്നു. ഒരു ഭാഗത്ത് മുഖ്യമന്ത്രിയും മറുഭാഗത്ത് ആഭ്യന്തരമന്ത്രിയും നേതൃത്വം നല്‍കുന്ന വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് പലപ്പോഴും പാര്‍ട്ടി വേദികളില്‍ നിന്നു പൊതുവേദികളിലേക്ക് വ്യാപിക്കുകയുമുണ്ടായി. ഭരണകാര്യങ്ങളേക്കാളുപരി തങ്ങളുട ഗ്രൂപ്പിന്റെ ആധിപത്യമുറപ്പിക്കുന്നതിലും അതിന്റെ താത്പര്യം സംരക്ഷിക്കുന്നതിലുമാണ് നേതൃത്വത്തില്‍ പലരുടെയും ശ്രദ്ധ. നേതൃമാറ്റത്തിന് വേണ്ടിയുള്ള ചരടുവലിയിലെത്തിയിരിക്കുന്നു ഇപ്പോള്‍ കാര്യങ്ങള്‍.
പലപ്പോഴായി കേരളം സന്ദര്‍ശിച്ച ദേശീയ നേതാക്കള്‍ക്ക് കേള്‍ക്കേണ്ടിവന്ന പ്രധാന പരാതിയും സംസ്ഥാന നേതാക്കള്‍ക്കിടയിലെ ഭിന്നതയെയും വിഴുപ്പലക്കിനെയും കുറിച്ചായിരുന്നു. പ്രവര്‍ത്തന പരിചയവും വിദ്യാസമ്പന്നതയുമുള്ള നേതാക്കളുള്ള കേരള ഘടകത്തിലെ ഗ്രൂപ്പിസം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഫെബ്രുവരിയിലെ സന്ദര്‍ശന വേളയില്‍ പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണം പരിഹരിക്കാനും പുനരുജ്ജീവനത്തിന് മാര്‍ഗങ്ങളാരായാനും സംസ്ഥാനത്തുടനീളം സന്ദര്‍ശിച്ചപ്പോള്‍ നേതൃത്വത്തിലെ വിഭാഗീയതയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണെന്ന് മനസ്സിലാക്കാനായെന്നും അദ്ദഹം വെളിപ്പെടുത്തുകയുണ്ടായി.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാര്‍ട്ടിയെ ഊര്‍ജസ്വലമാക്കാനുള്ള നീക്കത്തിലാണ് ദേശീയ നേതൃത്വമിപ്പോള്‍. ഇതിന്റെ ഭാഗമായാണ് സംസ്ഥാന നേതാക്കള്‍ ഒന്നിച്ചിരുന്ന് പത്രസമ്മേളനം നടത്താന്‍ പാര്‍ട്ടി അധ്യക്ഷ ആവശ്യപ്പെട്ടത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ഇവര്‍ ഒരുമിച്ചിരിക്കുകയും വെളുക്കെ ചിരിക്കുകയും ചെയ്തത് കൊണ്ട് പാര്‍ട്ടിയില്‍ ഐക്യം പുനഃസ്ഥാപിക്കപ്പെടുമെന്നാരും വിശ്വസിക്കുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുണ്ടായ ക്ഷീണത്തില്‍ നിന്ന് കരകയറാനും തുടര്‍ഭരണം സാധ്യമാക്കാനും ഇത്തരം നാടകങ്ങള്‍ പ്രയോജനകരവുമല്ല. നേതാക്കള്‍ക്കിടയില്‍ മാനസികമായ അടുപ്പവും ഐക്യവും സംജാതമായെങ്കിലേ ഫലപ്രാപ്തി കൈവരികയുള്ളു. ഭിന്നതകളെല്ലാം മാറ്റിവെച്ച് കോണ്‍ഗ്രസും യു ഡി എഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചപ്പോഴാണ് മുന്നണിക്ക് മികച്ച വിജയവം നേടാനായതെന്നതാണ് കഴിഞ്ഞ കാലചരിത്രം. വിഭാഗീയ, അധികാര, സങ്കുചിത താത്പര്യങ്ങളേക്കാളുപരി പാര്‍ട്ടിയുടെ വളര്‍ച്ചക്ക് പ്രാമുഖ്യവും ഫാസിസ്റ്റ് ശക്തികളുടെ കടന്നുവരവിനെ ചെറുക്കാനുമുള്ള തീരുമാനവും മാനസികമായ തയ്യാറെടുപ്പും നേതാക്കളില്‍ വളര്‍ന്നു വന്നെങ്കിലേ ഇത് സാധ്യമാകുകയുള്ളൂ.