ജെയ്റ്റ്‌ലിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു: കീര്‍ത്തി ആസാദ്‌

Posted on: January 1, 2016 10:44 pm | Last updated: January 1, 2016 at 10:44 pm

keerthi azadന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു ബിജെപി എംപി കീര്‍ത്തി ആസാദ്. കാരണം കാണിക്കല്‍ നോട്ടീസിനു പാര്‍ട്ടിക്കു നല്‍കിയ മറുപടിയിലാണു തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി കീര്‍ത്തി ആസാദ് വ്യക്തമാക്കിയത്. അതിനിടെ, ഡിഡിസിഎയിലെ ക്രമക്കേടുകള്‍ തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും ആസാദ് പാര്‍ട്ടിക്കു കൈമാറി.

അഴിമതി വിഷയം ബിജെപിയില്‍ ചര്‍ച്ച ചെയ്യണമെന്നു നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. അതുകൊണ്ടുതന്നെ ഇതു പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയമല്ലെന്നാണു കരുതുന്നത്. പാര്‍ട്ടിയെ പരസ്യമായി കുറ്റപ്പെടുത്തുന്ന ഒരു നടപടിയും തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും കീര്‍ത്തി ആസാദ് വ്യക്തമാക്കി.

പാര്‍ട്ടി അച്ചടക്കനടപടിയെന്ന പരിച പിടിച്ച് ജയ്റ്റ്‌ലിക്ക് ഏറെക്കാലം സുരക്ഷിതനായി നില്‍ക്കാനാവില്ല. വ്യക്തിപരമായി ജയ്റ്റ്‌ലിക്കെതിരെയോ മറ്റു ബിജെപി നേതാക്കള്‍ക്കെതിരെയോ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. ക്രിക്കറ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് ഇതിനു മുന്‍പ് ബിജെപി അധ്യക്ഷന്‍മാരായി ഇരുന്നവര്‍ വ്യക്തമാക്കിയിരുന്നു. ജയ്റ്റ്‌ലിക്കു ക്രിക്കറ്റിലുള്ള താത്പര്യം വ്യക്തിപരം മാത്രമാണ്. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഒരു ആരോപണത്തില്‍ ഇടപെട്ടു സത്യം തെളിയിക്കാന്‍ ശ്രമിച്ചതിനു പുറത്താക്കിയത് എന്തിനാണെന്നു മനസിലാകുന്നില്ലെന്നും കീര്‍ത്തി ആസാദ് പറയുന്നു.