ഖത്വരികളെ തട്ടിക്കൊണ്ടു പോയതില്‍ യു എന്‍ ആശങ്ക രേഖപ്പെടുത്തി

Posted on: January 1, 2016 7:57 pm | Last updated: January 1, 2016 at 7:57 pm
SHARE
BANKIMOON
ബാന്‍ കി മൂണ്‍

ദോഹ: ഇറാഖില്‍ ഖത്വരി പൗരന്‍മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി. ബന്ദികളാക്കിയ ഖത്വരികളുടെ മോചനത്തിന് എല്ലാ പരിശ്രമവും നടത്തണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ബാന്‍ കി മൂണ്‍ നിര്‍ദേശിച്ചു. തീവ്രവാദികളില്‍ നിന്ന് തിരിച്ചുപിടിച്ച റമാദിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും അഭയാര്‍ഥികള്‍ക്ക് എത്രയും പെട്ടെന്ന് നഗരത്തിലേക്ക് തിരിച്ചെത്താനും യു എന്‍ സഹായം അദ്ദേഹം ഇറാഖിന് വാഗ്ദാനം ചെയ്തു.
26 സ്വദേശി പൗരന്‍മാരെയാണ് ഇറാഖില്‍ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്. ആറു പേരെ നേരത്തെ മോചിപ്പിച്ചിരുന്നു. ജി സി സി സെക്രട്ടേറിയറ്റ്, അറബ് ലീഗ് തുടങ്ങിയ അന്താരാഷ്ട്ര സമൂഹം സംഭവത്തെ അപലപിച്ചിരുന്നു. ഇറാഖ് അതിര്‍ത്തിയില്‍ വേട്ടക്കായി നിയമവിധേയമായി പ്രവേശിച്ച ഖത്വരികളാണ് സായുധ സംഘത്താല്‍ തട്ടിക്കൊണ്ടു പോകപ്പെട്ടത്.
രണ്ടാഴ്ച പിന്നിട്ടിട്ടും പൗരന്‍മാരുടെ മോചനവുമായി ബന്ധപ്പെട്ട ശുഭവാര്‍ത്തകള്‍ ഇറാഖല്‍ നിന്നു വന്നിട്ടില്ല.
കുവൈത്ത് വഴി ഇറാഖില്‍ ഒരു മാസം മുമ്പ് വേട്ടക്കു പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. 26 പേരടങ്ങുന്ന സംഘമാണ് ബന്ദികളാക്കപ്പെട്ടത്. ഇവരില്‍ ഒമ്പതുപേര്‍ മോചിപ്പിക്കപ്പെട്ടു. ഇതില്‍ ആറു പേര്‍ ഖത്വര്‍ സ്വദേശികളായിരുന്നു. ശേഷിക്കുന്ന മൂന്നു പേരില്‍ രണ്ടു പേര്‍ സഊദി പൗരന്‍മാരും ഒരാള്‍ കുവൈത്ത് സ്വദേശിയുമായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട സംഘത്തിലുള്‍പ്പെട്ട സ്വദേശികളുടെ സാഹയികളായി പോയവരാണ് മോചിപ്പിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖത്വര്‍ വിദേശകാര്യ സഹമന്ത്രിയും ഖത്വറിന്റെ ഇറാഖ് അംബാസിഡറുമാണ് പൗരന്‍മാരുടെ മോചനത്തിനു വേണ്ടി ചുമതല വഹിക്കുന്നത്.
പൗരന്‍മാര്‍ തട്ടിക്കൊണ്ടുപോകപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് ഇറാഖ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇറാഖിന് ഉത്തരവാദിത്തമുണ്ടെന്ന ജി സി സി സെക്രട്ടേറിയറ്റിന്റെയും അറബ് ലീഗിന്റെയും പ്രസ്തവാനയോടുള്ള പ്രതികരണത്തിലായിരുന്നു ഇറാഖിന്റെ അറിയിപ്പ്.