റാസ് ഗ്യാസ് എല്‍ എന്‍ ജി ഇന്ത്യക്ക് പകുതി വിലക്ക്

Posted on: January 1, 2016 7:55 pm | Last updated: January 1, 2016 at 7:55 pm

RasGas-Wins-Emirates-Energy-Awardദോഹ : ഇന്ത്യക്ക് ഖത്വറിന്റെ പുതുവര്‍ഷ സമ്മാനമായി പകുതിവിലക്ക് ഗ്യാസ്. ഇന്ത്യയിലെ മുന്‍നിര ഗ്യാസ് ഇറക്കുമതി സ്ഥാപനമായ പെട്രോനെറ്റ് എല്‍ എന്‍ ജിയും ഖത്വറിന്റെ റാസ് ഗ്യാസും വാതക കൈമാറ്റക്കരാര്‍ പുതുക്കി. മാസങ്ങളായി തുടര്‍ന്നുവന്ന വിലപേശല്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് നേരത്തേയുണ്ടായിരുന്നതിന്റെ പകുതിവിലക്ക് ഗ്യാസ് നല്‍കാന്‍ റാസ് ഗ്യാസ് സന്നദ്ധമായത്. മുന്‍കരാര്‍ വ്യവസ്ഥയനുസരിച്ച് ഗ്യാസ് ഇറക്കുമതി ചെയ്യാത്തതിനെത്തുടര്‍ന്ന് ചുമത്തിയ 12,000 കോടി രൂപയുടെ പിഴ ഒഴിവാക്കാനും ധാരണയായി.
ഇരു കമ്പനികളും തമ്മിലുള്ള വ്യാപാരക്കരാര്‍ ഇന്നലെ പുതുക്കി ഒപ്പിട്ടു. പുതിയ കരാര്‍ അനുസരിച്ച് മില്യന്‍ ബൃട്ടീഷ് 6-7 ഡോളറിനാണ് പെട്രോനെറ്റിന് റാസ് ഗ്യാസ് എല്‍ എന്‍ ജി നല്‍കുക. 1999ലാണ് ഇരു കമ്പനികളും ആദ്യ ഗ്യാസ് കരാറിലെത്തിയത്. 12-13 ഡോളറിന് ഗ്യാസ് നല്‍കാനായിരുന്നു കരാര്‍. ഈ നിരക്കാണ് ഇന്നലെ പുതുക്കി ഒപ്പിട്ടത്.
ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന കരാറിന് 2028 വരെ കാലാവധിയുണ്ട്. മുന്‍ കരാര്‍ പ്രകാരം നിരക്കില്‍ മാറ്റം വരുത്താന്‍ റാസ് ഗ്യാസിന് അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍, പുതിയ കരാറില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ വ്യത്യാസം അനുസരിച്ച് വില പരിശോധിക്കുകയും മാറ്റം വരുത്തുകയും ചെയ്യാം.
നേരത്തേ പ്രതിവര്‍ഷം 7.5 മില്യന്‍ ടണ്‍ ഗ്യാസ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനായിരുന്നു ധാരണയെങ്കില്‍ പുതിയ കരാറില്‍ ഇത് 8.5 മില്യന്‍ ടണ്‍ ആയി ഉയര്‍ത്തി. ഇന്ത്യന്‍ ഓയില്‍, ബി പി സി എല്‍, ജിയാല്‍ (ഇന്ത്യ), ഗുജ്‌റാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ എന്നീ കമ്പനികള്‍ക്കാണ് പെട്രോനെറ്റ് ഗ്യാസ് വിതരണം ചെയ്യുക. മുന്‍ കരാര്‍ അനുസരിച്ച് ഇന്ത്യ വാങ്ങേണ്ട ഗ്യാസിന്റെ 68 ശതമാനം മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളൂ. ഇതേത്തുടര്‍ന്നാണ് 12,000 കോടിയുടെ പിഴ ചുമത്തപ്പെട്ടത്. ചുരുങ്ങിയത് 90 ശതമാനമെങ്കിലും വാങ്ങിയിരിക്കണമെന്നായിരുന്നു കരാര്‍.
പുതിയ കരാര്‍ ഇന്ത്യക്ക് പ്രതിവര്‍ഷം 4,000 കോടി രൂപയുടെ ആദായമാണ് ഉണ്ടാക്കുകയെന്ന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. കരാര്‍ ഒപ്പുവെച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്വറുമായി വാതക വ്യാപാരക്കരാര്‍ പുതുക്കുന്നതിനും പിഴ ഒഴിവാക്കുന്നതിനും ഉന്നതതലത്തിലുള്ള ചര്‍ച്ചകളാണ് നടത്തിയതെന്ന് മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഈ വിഷയത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ സംഭാഷണം നടന്നതായി അദ്ദേഹം വെളിപ്പെടുത്തി.
നവംബറി മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഖത്വര്‍ സന്ദര്‍ശിച്ചിരുന്നു. നാളുകളായി നടന്നുവന്ന ചര്‍ച്ചകളാണ് ഫലം കണ്ടതെന്നും ഖത്വര്‍ ഇന്ത്യയുടെ വ്യാപാര സുഹൃദ് രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.