65 പുതിയ പാര്‍ക്കുകളുടെ രൂപകല്‍പ്പന പുരോഗമിക്കുന്നു

Posted on: January 1, 2016 7:18 pm | Last updated: January 1, 2016 at 7:18 pm

parkദോഹ: 65 പുതിയ പബ്ലിക് പാര്‍ക്കുകളുടെ രൂപകല്‍പ്പന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് നഗരസഭ, നഗരാസൂത്രണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. വ്യത്യസ്ത മുനിസിപ്പാലിറ്റികളിലായാണ് 65 പുതിയ പാര്‍ക്കുകള്‍ വരികയെന്ന് മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്‌സ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഖൂരി അറിയിച്ചു.
വിവിധ ഘട്ടങ്ങളിലായി ഈ പാര്‍ക്കുകളുടെ പഠനവും രൂപകല്‍പ്പനയും നടക്കുന്നുണ്ട്. മറ്റ് അതോറിറ്റികളുമായി സഹകരിച്ച് പാര്‍ക്കുകളില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തുന്നുണ്ട്. പാര്‍ക്ക് നിര്‍മിക്കാനുള്ള സ്ഥലവും കണ്ടെത്തും. ജനങ്ങള്‍ക്ക് ഒഴിവു സമയം ചെലവഴിക്കാനായി എല്ലാ മുനിസിപ്പാലിറ്റികളിലും പാര്‍ക്ക് നിര്‍മിക്കുകയാണ് ലക്ഷ്യം. 2010ല്‍ തുടക്കമിട്ട 38 പാര്‍ക്കുകളില്‍ 37 എണ്ണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അല്‍ ദുഹൈല്‍ പബ്ലിക് പാര്‍ക്കിന്റെ നിര്‍മാണം നിശ്ചിതസമയത്ത് പൂര്‍ത്തീകരിക്കാന്‍ കരാറെടുത്ത കമ്പനിക്ക് സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഒരു മാസം മുമ്പ് ഈ പാര്‍ക്കിന്റെ നിര്‍മാണം മറ്റൊരു കമ്പനിയെ ഏല്‍പ്പിച്ചു. ആറ് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകും. അല്‍ ഖൈസ പ്രദേശത്ത് പാര്‍ക്കുകളില്ലാത്തതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന്, മൂന്ന് പാര്‍ക്കുകളുടെ രൂപകല്‍പ്പന പൂര്‍ത്തിയായതായും മൂന്ന്- നാല് മാസത്തിനകം ടെന്‍ഡര്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട അധികൃതര്‍ സ്ഥലം അനുവദിക്കുന്ന മുറക്ക്, രൂപകല്‍പ്പനയും ടെന്‍ഡര്‍ ക്ഷണിക്കലും നടത്തും. പദ്ധതി നടപ്പാക്കാന്‍ കണക്കാക്കിയ ബജറ്റ് അനുവദിക്കുന്നതിനനുസരിച്ച് നിര്‍മാണം നടത്തുകയും മുനിസിപ്പാലിറ്റിക്ക് കൈമാറുകയും ചെയ്യും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞ വിലക്ക് അതീവ ഗുണമേന്മയുള്ള തൈകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ മന്ത്രാലയം അറിയിച്ചു. ശൈത്യകാലത്തെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത്, സെന്‍ട്രല്‍ പ്ലാന്റ് നഴ്‌സറിയിലും അല്‍ മതാര്‍ സെന്ററിലും 25 ലക്ഷത്തോളം പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 15 ലക്ഷത്തോളം തൈകള്‍ മുനിസിപ്പാലിറ്റികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്തു. ഓഫീസ് പരിസരം ഹരിതാഭമാക്കാനാണിത്. രണ്ടായിരം തൈകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. എല്ലാതരം ചെടികള്‍ക്കും തൈകള്‍ക്കും ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ആവശ്യപ്പെടാം. വീടുകളില്‍ സുരക്ഷിതമായി തൈകള്‍ വിതരണം ചെയ്യുന്നതിന് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.