വീരേന്ദ്ര കുമാറുമായി ഇനിയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് പിണറായി

Posted on: January 1, 2016 4:58 pm | Last updated: January 2, 2016 at 6:52 am
SHARE

pinarayi with veeran

തിരുവനന്തപുരം: ജെഡിയു നേതാവ് എംപി വീരന്ദ്രകുമാറിനോട് വ്യക്തി വിദ്വേഷമില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍. എന്നാല്‍ അദ്ദേഹവുമായി രാഷ്ട്രീയ വിയോജിപ്പുണ്ടെന്നും പിണറായി പറഞ്ഞു. വീരേന്ദ്രകുമാറിന്റെ ‘ഇരുള്‍ പരക്കുന്ന കാലം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

പുസ്തക പ്രകാശനത്തെ ഒരു ശത്രു മറ്റൊരു ശത്രുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന തരത്തിലാണ് കാണുന്നത്. അത്തരത്തിലാണ് മാധ്യമങ്ങള്‍ ഇതിനെ വ്യാഖ്യാനിക്കുന്നത്. എന്നാല്‍ തങ്ങള്‍ ശത്രുക്കളല്ലെന്ന് പിണറായി ആവര്‍ത്തിച്ചു. യോജിച്ചും വിയോജിച്ചുമാണ് ഇത്രത്തോളം എത്തിയത്. ഒരുമിച്ച് ജയിലില്‍ കിടന്നതിനാല്‍ തന്നെ ഞങ്ങള്‍ തമ്മിലുള്ള ബന്ധം കുറച്ചുകൂടി ദൃഢമാണ്. അക്കാര്യം തിരിച്ചറിയാത്തവരാണ് തെറ്റിദ്ധാരണകള്‍ പരത്തുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഒരു സോഷ്യലിസ്റ്റായ വീരേന്ദ്രകുമാറും കമ്യൂണിസ്റ്റായ താനും തമ്മില്‍ യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടായിട്ടുണ്ട്. അദ്ദേഹം യു.ഡി.എഫിലേക്ക് പോയപ്പോള്‍ ഞങ്ങള്‍ ശ്കതമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ നാളെ ഒരുമിച്ച് നിന്ന് പൊരുതുന്നതിന് ഇതൊന്നും തടസമല്ല. സോഷ്യലിസ്റ്റുകളുടെ സ്വാഭാവിക സ്ഥാനം ഇടതുപക്ഷത്താണ്. അതിന് വേണ്ടി തിരുത്തേണ്ടത് തിരുത്തണമെന്നും പിണറായി വ്യക്തമാക്കി.