സബ്‌സിഡി നിര്‍ത്തി; പാര്‍ലമെന്റ് ക്യാന്റീനില്‍ ഭക്ഷണത്തിന് വിലയുയര്‍ത്തി

Posted on: January 1, 2016 9:56 am | Last updated: January 1, 2016 at 12:14 pm

parliament

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സബ്‌സിഡി ഒഴിവാക്കി. ഇതോടെ പുതുവര്‍ഷ ദിനം മുതല്‍ ക്യാന്റീനില്‍ ഭക്ഷണത്തിന് വിലയുയരും. സബ്‌സിഡിയിനത്തില്‍ 16 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. വിമര്‍ശങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇത് നിര്‍ത്തലാക്കിയത്. എം പിമാര്‍, ലോക്‌സഭാ-രാജ്യസഭാ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, അതിഥികള്‍ തുടങ്ങിയവരെയാണ് വിലക്കയറ്റം ബാധിക്കുക.

2010ലാണ് ഇതിനു മുമ്പ് വില വര്‍ധിപ്പിച്ചത്. ഇനിമുതല്‍ വില സമയാ സമയങ്ങളില്‍ വിലയിരുത്തി മാറ്റം വരുത്തുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ക്യാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്.

61 രൂപയുടെ ഊണ്‍ ഇനി 90 രൂപയ്ക്കായിരിക്കും ലഭിക്കുക. വെജ് താലിയുടെ വില 18 രൂപയില്‍ നിന്ന് 30 രൂപയായി ഉയരും. 33ന് ലഭിച്ചിരുന്ന നോണ്‍ വെജ് താലി ഇനി മുതല്‍ 60 രൂപയാകും. 29 രൂപയുടെ കോഴിക്കറി 40 രൂപയാകും.