കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യ സംസ്ഥാനമാകുന്നു

Posted on: January 1, 2016 6:00 am | Last updated: January 1, 2016 at 12:24 am

കണ്ണൂര്‍: കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി പുതുവര്‍ഷത്തില്‍ പ്രഖ്യാപിക്കും. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ പ്രായ ഭേദമെന്യേ ഏവര്‍ക്കും അക്ഷര വെളിച്ചം പകര്‍ന്ന സംസ്ഥാന സാക്ഷരതാമിഷന്റെ അതുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയാണ് കേരളത്തിന് ചരിത്ര നേട്ടം സമ്മാനിച്ചത്.
ഈ മാസം 13ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി ഔദ്യോഗിക പ്രഖ്യാപനം നടത്തും. സമ്പൂര്‍ണ സാക്ഷരതായജ്ഞം പോലെ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരു ബഹുജന ക്യാമ്പയിന്‍ ആയി നടപ്പാക്കിയ പദ്ധതി പ്രകാരം കഴിഞ്ഞ ജൂണില്‍ 6613 കേന്ദ്രങ്ങളിലായി 2,25000 പേരാണ് പരീക്ഷയെഴുതിയത്.
മൂല്യ നിര്‍ണയത്തിന് ശേഷം സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഇതേക്കുറിച്ച് പഠനം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് 90 ശതമാനം പേരും നാലാം തരം തുല്യതാ പഠനം പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമെന്ന ബഹുമതി കേരളത്തിന് ലഭിക്കുന്നത്. തമിഴ് വിഭാഗത്തില്‍ 3659ഉം കന്നട വിഭാഗത്തില്‍ 2000ഉം പഠിതാക്കളുള്‍ പരീക്ഷയെഴുതി. അതേസമയം, പരീക്ഷയെഴുതിയ പത്തായിരത്തോളം പേര്‍ വേണ്ടത്ര നില മെച്ചപ്പെടുത്തിയിട്ടില്ലെന്നാണ് സാക്ഷരതാമിഷന്‍ വിലയിരുത്തല്‍. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റേയും പരിധിയില്‍പ്പെടുന്ന 15 മുതല്‍ 50 വയസ്സ് പ്രായമുള്ള പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയ മുഴുവന്‍ പേര്‍ക്കും സാക്ഷരതാ മിഷന്‍ നടപ്പാക്കിവരുന്ന തുല്യതാ പരിപാടിയിലൂടെ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനായിരുന്നു നാലാം തരം തുല്യാ പരിപാടി ലക്ഷ്യമിട്ടിരുന്നത്.
2007 മെയ് 1ന് പയ്യന്നൂര്‍ നഗരസഭയും 2008 ജനുവരി എട്ടിന് നിലമ്പൂര്‍ ഗ്രാമപഞ്ചായത്തും ആദ്യമായി പ്രാഥമികവിദ്യാഭ്യാസ പരിപാടി ഏറ്റെടുത്തു. 2010 ല്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ‘കിരണ്‍’പദ്ധതിയിലൂടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ ജില്ലയായി കണ്ണൂര്‍ മാറിയതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മറ്റു ജില്ലകള്‍ ഏറ്റെടുത്തു നടപ്പാക്കിത്തുടങ്ങി. തുടര്‍ന്ന് 2011ല്‍ ‘വിജ്ഞാന്‍ജ്യോതി’ പദ്ധതിയിലൂടെ കാസര്‍കോട് ജില്ല സമ്പൂര്‍ണ പ്രാഥമികവിദ്യാഭ്യാസം നേടുന്ന രണ്ടാമത്തെ ജില്ലയായി പ്രഖ്യാപിച്ചു. ഈ പദ്ധതികളുടെ വിജയത്തെ തുടര്‍ന്ന് അതുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടിക്ക് സാക്ഷരതാമിഷന്‍ രൂപം നല്‍കിയത്. നാലാംതരം തുല്യത, പരിപൂര്‍ണ സാക്ഷരത, പരിപൂര്‍ണ നാലാംതരം തുല്യത, ഇ -സാക്ഷരത, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പ്രത്യേക തുല്യതാപരിപാടി എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ഒരു പദ്ധതിയായാണ് അതുല്യം പദ്ധതി നടപ്പാക്കിയത്.
പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 2011ല്‍ 140 നിയോജക മണ്ഡലങ്ങളില്‍ തിരഞ്ഞെടുത്ത ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അതുല്യം സമ്പൂര്‍ണ പ്രാഥമികവിദ്യാഭ്യാസ പരിപാടി വിജയകരമായി നടപ്പിലാക്കി. രണ്ടാംഘട്ടത്തില്‍ 2014-15 വര്‍ഷം കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കി. ഈ വര്‍ഷം സമ്പൂര്‍ണ തുല്യതാ പഖ്യാപനം നടത്തുന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയൊരേടാണ് എഴുതിച്ചേര്‍ക്കുന്നത്.