Connect with us

Articles

എണ്ണക്കടമ്പ കടക്കാന്‍ ഗള്‍ഫില്‍ ബജറ്റ് വസന്തം

Published

|

Last Updated

അറബ് ലോകത്തെ പ്രമുഖ രാഷ്്ട്രീയ നിരീക്ഷകനും പത്രപ്രവര്‍ത്തകനുമായ അബ്്ദുര്‍റഹ്്മാന്‍ അല്‍ റാശിദ് ഇന്നലെ എഴുതി; “ബ്രിട്ടനില്‍ ഒരു കാറില്‍ ഇന്ധനം നിറക്കാന്‍ 100 ഡോളര്‍ നല്‍കണം. എന്നാല്‍ സഊദി അറേബ്യയില്‍ ഇപ്പോഴും 10 ഡോളര്‍ മാത്രം മതി. അതുകൊണ്ട് ഇന്ധന വില ഒരു പ്രശ്‌നമേയല്ല. പ്രശ്‌നവത്കരിക്കേണ്ടത് പൗരന്‍മാരുടെ വരുമാനത്തെയാണ്. ഈ ദിശയില്‍ രാജ്യത്താകെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ആശയം സ്വീകരിക്കണം. ഇത് സര്‍ക്കാറില്‍ മാത്രം ഒതുങ്ങേണ്ടതല്ല, ജനങ്ങള്‍ സര്‍ക്കാര്‍ സഹായം ഇല്ലാതെ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തി നേടണം”. സഊദി ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബജറ്റില്‍ ഇന്ധനവില ഉയര്‍ത്താനും സര്‍ക്കാര്‍ തലത്തില്‍ സേവന നിരക്കുകള്‍ ഉയര്‍ത്താനും തീരുമാനിച്ചതിനെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ടാണ് അബ്്ദുര്‍റഹ്്മാന്‍ റശീദിന്റെ നിരീക്ഷണം.
സഊദി മാത്രമല്ല, ബഹ്‌റൈനില്‍ ഇന്നു മുതല്‍ ഇന്ധനവില വര്‍ധന നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനവില പുനഃപരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം വാണിജ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഒമാന്‍ മന്ത്രിസഭയും എണ്ണവില വര്‍ധനക്കുള്ള നിര്‍ദേശം മുന്നോട്ടു വെച്ചു. ഗള്‍ഫില്‍ ആദ്യം ഇന്ധനവില വര്‍ധനക്കു സന്നദ്ധമായത് യു എ ഇയാണ്. അതുപക്ഷേ, അത്ര ചര്‍ച്ചയില്‍ വരാതിരുന്നതിന്റെ സാമ്പത്തിക സാഹചര്യം, കാലാനുസൃതമായി എണ്ണവില പരിശോധിക്കുകയും മാറ്റം വരുത്തുകയും ചെയ്തുവന്ന രാജ്യമാണ് യു എ ഇ എന്നതുകൊണ്ടാണ്. അതവര്‍ക്കു കഴിയുന്നത് എണ്ണയിതര ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതില്‍ ഗള്‍ഫില്‍ മുമ്പേ നടക്കാന്‍ അഥവാ സമ്പദ് വൈവിധ്യവത്കരണത്തിന്റെ പാത സ്വീകരിക്കാന്‍ സന്നദ്ധമായതുകൊണ്ടാണ്. യു എ ഇക്കു പിറകേ ബഹ്‌റൈന്‍, സഊദി, ഒമാന്‍ രാജ്യങ്ങളും തീരുമാനമെടുത്തു. കുവൈത്തിലും ഖത്വറിലും എണ്ണവില തത്കാലം വര്‍ധിക്കില്ലെന്നായിരുന്നു ആദ്യ നിരീക്ഷണങ്ങള്‍. എന്നാല്‍, ബജറ്റിലെ കമ്മി നികത്താന്‍ കുവൈത്ത് സര്‍ക്കാറും ഇന്ധനത്തില്‍ തൊടുന്നുവെന്ന വാര്‍ത്താ വിശകലനം രാജ്യത്തെ പ്രധാനദിനപത്രമായ കുവൈത്ത് ടൈംസ് ഇന്നലെ പ്രസിദ്ധീകരിച്ചു. ഇന്ധനവില വര്‍ധനവിനെതിരെ രംഗത്തു വന്ന പാര്‍ലിമെന്റംഗം അബ്ദുല്ല അല്‍ തുറൈജിയുടെ പ്രതിഷേധത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇന്ധനവില കൂട്ടിയാല്‍ അതു സാധാരണ പൗരന്‍മാരുടെ ജീവിതത്തെ ബാധിക്കുമെന്നും ബജറ്റ് കമ്മി മറികടക്കാന്‍ സര്‍ക്കാര്‍ മറ്റു വഴികള്‍ തേടണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. ഗള്‍ഫില്‍ ജനാധിപത്യ പാര്‍ലിമെന്റ് ആക്ടിവിസം നിലനില്‍ക്കുന്ന രാജ്യം ആയതുകൂടിയാണ് കുവൈത്തില്‍ ഇപ്രകാരം ഒരു പ്രതിഷേധം വരുന്നത് എന്നത് അതിലെ രാഷ്ട്രീയം. കുവൈത്തില്‍ എണ്ണവില ഉയര്‍ത്തുന്നതായി വരുന്ന മാധ്യമ വാര്‍ത്തകളെ ചൂണ്ടിക്കാട്ടി മറ്റൊരു പാര്‍ലിമെന്റ് അംഗം ഫൈസല്‍ അല്‍ കന്ദാരി ധനമന്ത്രിയോട് ഏതാനും ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്തുവന്നു.
ഖത്വറില്‍ ഇന്ധന വില വര്‍ധന ഇതുവരെ സൂചിപ്പിക്കപ്പെട്ടിട്ടില്ല. എന്നാല്‍, സാമ്പത്തിക പുനഃക്രമീകരണത്തിന് വ്യക്തമായ നിര്‍ദേശം നല്‍കുന്ന ബജറ്റിനാണ് കഴിഞ്ഞ ദിവസം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി അംഗീകാരം നല്‍കിയത്. 46.5 ബില്യന്‍ ഖത്വര്‍ റിയാലിന്റെ കമ്മി ബജറ്റാണ് ഖത്വര്‍ അവതരിപ്പിച്ചത്. എണ്ണവിലയെ ആശ്രയിച്ചായിരിക്കും ബജറ്റെന്ന് ധനമന്ത്രാലയം നേരത്തെ സൂചിപ്പിച്ചിരുന്നു. കമ്മി നികത്താനുള്ള സബ്‌സിഡി ഒഴിവാക്കലും നികുതി നിര്‍ദേശങ്ങളുമായാണ് ഒമാന്‍ ബജറ്റും വരുന്നത്. ബഹ്‌റൈനില്‍ ബജറ്റ് കമ്മിയില്‍ 14 ശതമാനത്തിന്റ ഉയര്‍ച്ച രേഖപ്പെടുത്തുന്നു. സഊദി ബജറ്റില്‍ എണ്ണവില ഉയര്‍ത്താനുള്ള തീരുമാനത്തേക്കാള്‍ നികുതി നിര്‍ദേശമാണ് കാതലായ വശം. എന്നാല്‍ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ മാത്രം ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നു എന്നതിലെ അപകടമാണ് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
മൂന്ന് വര്‍ഷത്തിനകം ഗള്‍ഫില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വരുന്നു എന്നതാണ് സാമ്പത്തിക വിശകലനത്തിന്റെ മര്‍മം. ബജറ്റ് അംഗീകരിച്ചുകൊണ്ടുള്ള സഊദി, ഒമാന്‍, ബഹ്‌റൈന്‍ മന്ത്രിസഭാ യോഗങ്ങള്‍ നികുതി നിര്‍ദേശവുമായി മുന്നോട്ടു പോകാന്‍ ധനമന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത സഹകരണ വേദിയായ ജി സി സി (ഗള്‍ഫ് കോ ഓപറേഷന്‍ കൗണ്‍സില്‍) ഒന്നിച്ചെടുത്ത തീരുമാനമാണ്. നികുതി താത്പര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളില്‍ നിന്നും വരുമാന നികുതി ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സഊദി ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം മധ്യത്തോടെ യാഥാര്‍ഥ്യമാക്കാന്‍ റിയാദ് ജി സി സി ഉച്ചകോടി തീരുമാനിച്ച ഗള്‍ഫ് കസ്റ്റം യൂനിയനും നേരത്തേ ഗള്‍ഫ് രാജ്യങ്ങളുടെ പരിഗണനയിലുള്ള ഗള്‍ഫ് മോണിറ്ററി ഫണ്ടും പ്രാബല്യത്തില്‍ വരുന്നതോടെ ഗള്‍ഫ് എക്കോണമി ഏകമാനത്തിലേക്കു സഞ്ചരിക്കും. യൂറോപ്പിനും യു എസിനുമെതിരെ ഗള്‍ഫിന്റെ കരുത്തുകൂടിയായിരിക്കും ഇത്. ഗള്‍ഫ് ഏകീകൃത കറന്‍സി നിര്‍ദേശവും ഇതിനോടു ചേര്‍ത്തു വിലയിരുത്തേണ്ടതാണ്. സാമ്പത്തിക സാഹചര്യത്തെ നേരിടുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കുകയും കരുതലോടെ നീങ്ങുകയും ചെയ്യുന്നുണ്ട്. വിപണിയില്‍ എണ്ണവില കൂപ്പു കുത്തുമ്പോഴും ഉത്പാദനം കുറക്കാനുള്ള സമ്മര്‍ദത്തെ ഒപെക് സമ്മേളനത്തില്‍ ചെറുത്തു തോല്‍പ്പിച്ചത് ഗള്‍ഫ് നാടുകള്‍ ഒന്നാകെയാണ്. എണ്ണയുത്പാദനത്തില്‍ അറേബ്യന്‍ കടല്‍ രാജ്യങ്ങള്‍ക്കുള്ള മേല്‍ക്കോയ്മ റദ്ദ് ചെയ്യാനുള്ള നീക്കത്തിനെതിരായ രാഷ്ട്രീയ വിജയംകൂടിയായിരുന്നു അത്. ആവശ്യം കുറയുമ്പോഴും വില ഇടിയുമ്പോഴും സമ്പത്തിന്റെ ബദല്‍ വ്യവഹാരങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ ഉണ്ടാകുന്നു എന്നതാണ് ഗള്‍ഫ് ബജറ്റുകളും പ്രസ്താവനകളും നല്‍കുന്ന സൂചന.
ഗള്‍ഫ് നാടുകളിലെ ഇന്ധനവില വര്‍ധന രാജ്യാന്തര സാമ്പത്തിക മേഖലയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. അന്താരാഷ്്ട്ര വിപണിയില്‍ ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ അതിന്റെ പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ രാഷ്ട്രീയവും കൗശലവും ചര്‍ച്ചയാണ്. പൊതുവെ അറബ് രാജ്യങ്ങളുടെ എണ്ണയാധിപത്യത്തിനു നേര്‍ക്കു കെറുവു കാണിച്ചു കൊണ്ടിരിക്കുന്ന പടിഞ്ഞാറ് ഉയര്‍ത്തുന്ന പ്രവചനങ്ങളും വിശകലനങ്ങളും അന്തരീക്ഷം മലിനമാക്കുമ്പോള്‍, മലയാളിയുടെ മണ്ഡലത്തില്‍ പതിവു പോലെ പ്രവാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് ഉയര്‍ന്നുവരുന്നത്. ശങ്കകളെ പര്‍വതീകരിച്ചുകൊണ്ടുള്ള നിഗമനങ്ങളും പ്രവചനങ്ങളും ഉണ്ട്. അടുത്ത ദിവസങ്ങളില്‍ അതു ശക്തിപ്പെടും. പുനരധിവാസ ആവശ്യങ്ങള്‍ പൊടിതട്ടിയെടുക്കും. എന്നാല്‍, പതിറ്റാണ്ടുകളായി മലയാളികളുള്‍പ്പെടെയുള്ള ദശലക്ഷക്കണക്കിനു ഇന്ത്യക്കാര്‍ക്ക് തൊഴിലും കൂലിയും നല്‍കിക്കൊണ്ടിരിക്കുന്ന ഗള്‍ഫ് നാടുകള്‍ക്ക്, വിദേശതൊഴിലാളികളെ സംരക്ഷിക്കുക എന്നതിനേക്കാള്‍ പ്രധാനം അവരുടെ രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യത്തെ സുരക്ഷിതമാക്കുക എന്നതും പൗരന്‍മാരുടെ ജീവിതം ഭദ്രമാക്കുക എന്നതുമായിരിക്കും. ഗള്‍ഫ് രാഷ്ട്രങ്ങളുടെ ജീവനം, അഥവാ പൗരന്‍മാരുടെ സാമ്പത്തിക സുരക്ഷിതത്വം എന്നാല്‍, അത് മലയാളികളുള്‍പ്പെടെയുള്ള വിദേശ മനുഷ്യവിഭവങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ളതുകൂടിയായിരിക്കും. ഈ സ്ഥിതിയില്‍നിന്നുള്ള മാറ്റം സമീപകാലത്തിന്റെ ആശങ്കയല്ല. അബ്ദുര്‍റഹ്്മാന്‍ റശീദിന്റെ നിരീക്ഷണത്തിലെ “ജനങ്ങള്‍ സര്‍ക്കാര്‍ സഹായം ഇല്ലാതെ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തി നേടണം” എന്ന അഭിപ്രായം പ്രവാസികള്‍ക്കും ബാധകമാണ്. ഗള്‍ഫില്‍ അവരുടെ പൗരന്‍മാര്‍ക്കു ലഭിക്കുന്ന സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍, അഥവാ മാതൃരാജ്യം നമുക്കു അനുവദിക്കാത്തത്ര സൗജന്യങ്ങള്‍ പറ്റിയാണ് വിദേശീ സമൂഹം ജീവിച്ചു പോരുന്നത് എന്ന് ചേര്‍ത്തു വിലയിരുത്തേണ്ടതും ഉണ്ട്.
ഗള്‍ഫിന്റെ വികസനം എണ്ണയുടെ വികസനത്തെ ആശ്രയിച്ചാണ് എന്നത് ചരിത്രമാണ്. സ്വാഭാവികമായും എണ്ണയുടെ ചുരുക്കം ഗള്‍ഫിനെ കരുതല്‍ കൂട്ടാന്‍ പ്രേരിപ്പിക്കും. ഗള്‍ഫ് നാടുകള്‍ കഴിഞ്ഞ ദശകത്തില്‍ തന്നെ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. എണ്ണയിതര ആഭ്യന്തര ഉത്പാദനത്തിലും വരുമാനത്തിലും അവര്‍ ശ്രദ്ധ പുലര്‍ത്തിവരുന്നു. രാജ്യത്തിനകത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാതലായ നീക്കങ്ങള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കും മുഴുവന്‍ ഗള്‍ഫ് നാടുകളും ഈ ദശകത്തില്‍ സാക്ഷ്യംനിന്നു. വിനോദസഞ്ചാരത്തെ വ്യാവസായികമായി വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. ഇന്ത്യയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നതിനും വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ് തുടങ്ങിയവയെ വികസനത്തിന്റെ ലഘു ഊര്‍ജങ്ങളായി കരുതി എണ്ണക്കപ്പുറവും സഞ്ചരിക്കല്‍ അനിവാര്യമായ സ്ഥിതിയിലേക്ക് ഗള്‍ഫ് രാജ്യങ്ങളുടെ ആസൂത്രണ വ്യവഹാരങ്ങള്‍ പുരോഗതിപ്പെട്ടിട്ടുണ്ട്. ബദല്‍ അന്വേഷണത്തിന്റെ റിയാലിറ്റിയില്‍ നിന്നു കൊണ്ടാണ് പുതിയ ബജറ്റുകളും ഉണ്ടാകുന്നത്. സബ്‌സിഡികള്‍ റദ്ദ് ചെയ്യപ്പെടുന്നതും. കാരണം അവര്‍ക്ക് പൗരന്‍മാരെ സ്വയം പര്യാപ്തരാക്കേണ്ടതുണ്ട്.
അബ്ദുര്‍റഹ്മാന്‍ അല്‍ റശീദ് പറയുന്നു; “സബ്‌സിഡികള്‍ പ്രഖ്യാപിക്കാനും തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കാനും രാഷ്ട്രീയക്കാര്‍ക്ക് എളുപ്പമാണ്. എന്നാല്‍ ഇത്, അസ്ഥിരതയാണ്. ശരിയായ സാമ്പത്തിക വ്യവഹാരം സര്‍ക്കാറുകളുടെ സാമ്പത്തിക ഞെരുക്കം ഇല്ലായ്മ ചെയ്യുന്നതാകണം. അഥവാ സബ്‌സിഡികള്‍ ഉണ്ടാക്കുന്ന ഭാരം കുറക്കണം. ഇപ്പോള്‍ ആശങ്കപ്പെടുന്ന ക്ഷീണങ്ങള്‍ സാമ്പത്തിക തത്വശാസ്ത്രവും ബലതന്ത്രവും മാറ്റത്തിനു വിധേയമാകുന്ന സാഹര്യത്തിന്റെതാണെന്ന് മനസ്സിലാക്കണം. വില വര്‍ധന സൃഷ്ടിക്കുന്ന അതിവേഗ സ്വാധീനത്തെയാണ് ദൗര്‍ഭാഗ്യവശാല്‍ ജനം ചര്‍ച്ചയാക്കുന്നത്. ദീര്‍ഘകാലത്തെ നിലനില്‍പ്പിനു വേണ്ടിയുള്ള പുനഃക്രമീകരണങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതുണ്ട്. ബദല്‍ മാര്‍ഗങ്ങള്‍ക്കു വേണ്ടി പരിശീലനം നല്‍കണം. കേടുവരുത്തുന്ന സാമൂഹികശീലങ്ങള്‍ക്കെതിരെ പൊരുതി നില്‍ക്കണം.
പൗരന്‍മാരുടെ സാമ്പത്തിക വളര്‍ച്ച, സുതാര്യമായ അഥവാ വാണിജ്യ, വ്യവസായ പുരോഗതി ആണ് അദ്ദേഹം മുന്നോട്ടു വെക്കുന്ന നിര്‍ദേശം. ഗള്‍ഫ് നാടുകള്‍ ലക്ഷ്യം വെക്കുന്നതും ഇതാണ്. ബദല്‍ വികസനവും വളര്‍ച്ചയും. അപ്പോഴും വിദേശികള്‍ തന്നെയായിരിക്കും മുഖ്യ ഹ്യൂമന്‍ റിസോഴ്‌സസ്.