ഓണ്‍ലൈന്‍ വ്യക്തിഹത്യ കുറ്റകരം: ആഭ്യന്തര മന്ത്രാലയം

Posted on: December 31, 2015 9:17 pm | Last updated: December 31, 2015 at 9:17 pm

ദോഹ: ഓണ്‍ലൈനിലൂടെ വ്യക്തികളെ ആക്രമിക്കുന്നതും സ്വകാര്യത ഹനിക്കുന്നതും കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ, ഇ മെയില്‍, വെബ്‌സൈറ്റ് തുടങ്ങിയവ വഴി മോശം കമന്റ് നടത്തുന്നതും സ്വകാര്യത ഹനിക്കും വിധം പ്രചാരണം നടത്തുന്നതും വിചാരണ നടപടികള്‍ക്ക് വിധേയമാകേണ്ട കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തമാശക്കാണ് ഇത്തരമൊരു പ്രവര്‍ത്തനമെങ്കിലും കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. സൈബര്‍ മേഖല പരമാവധി സുരക്ഷിതമാക്കണമെന്നും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും ട്വീറ്റില്‍ പറയുന്നു. ഓണ്‍ലൈന്‍ നിയമ ലംഘനങ്ങള്‍ എത്രയും പെട്ടെന്ന് അധികൃതരെ അറിയിക്കണം. ഇ മെയില്‍, വെബ്‌സൈറ്റ് തുടങ്ങിയവ വഴി അപകീര്‍ത്തിപ്പെടുത്തല്‍, ദുഷ്പ്രചാരണം, അഭിമാനക്ഷതം വരുത്തല്‍ തുടങ്ങിയവ ശിക്ഷാര്‍ഹമായ കുറ്റമാണ്.
മറ്റുള്ളവരുടെ സ്വകാര്യത ലംഘിച്ച് അവരുടെ വിവരങ്ങളും സ്വകാര്യ ഫോട്ടോകളും മോഷ്ടിക്കുന്നതും സ്വകാര്യ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നതും കുറ്റകരമാണ്. അറിയാത്ത സ്രോതസ്സില്‍ നിന്നുള്ള ഒന്നും ഡൗണ്‍ലോഡ് ചെയ്യരുത്. അതില്‍ വൈറസും ചാര പ്രോഗ്രാമുകളും ഉണ്ടായേക്കാം. അവിശ്വസനീയമായ വെബ്‌സൈറ്റുകളില്‍ നിന്ന് ഒന്നും വാങ്ങരുത്. ഇ മെയിലില്‍ വരുന്ന സാമ്പത്തിക സമ്മാന സന്ദേശങ്ങളില്‍ വീഴരുത്. ഇന്റര്‍നെറ്റില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ തെളിവ് റെക്കോര്‍ഡ് ചെയ്ത് രക്ഷിതാക്കളെയോ മറ്റ് ബന്ധപ്പെട്ടവരെയോ അറിയിക്കണം. സൈബര്‍ നിയമ ലംഘനങ്ങള്‍ 2347444, 66815757 എന്നീ നമ്പറുകളിലും [email protected] എന്ന ഇ മെയിലിലും അറിയിക്കാം.
കഴിഞ്ഞ മാസം ഖത്വര്‍ സൈബര്‍ നിയമം അനുസരിച്ച് ആദ്യമായി പ്രതിക്ക് ശിക്ഷ വിധിച്ചിരുന്നു. മുന്‍ ഭൂവുടമയെ വാട്ട്‌സ്ആപ്പിലൂടെ അപമാനിച്ചതിന് ആറ് മാസം തടവുശിക്ഷയും 20000 ഖത്വര്‍ റിയാല്‍ പിഴയും വിധിച്ചിരുന്നു. കഴിഞ്ഞ മെയ് മാസം, കുട്ടികളുടെ സ്‌കൂളിലെ പ്രിന്‍സിപ്പലിനെയും മറ്റ് ജീവനക്കാരെയും ഫേസ്ബുക്കിലൂടെ അപമാനിച്ചതിന് മൂന്ന് പ്രവാസികള്‍ക്ക് അഞ്ച് മാസത്തെ തടവുശിക്ഷയും ആയിരം ഖത്വര്‍ റിയാല്‍ പിഴയും വിധിച്ചിരുന്നു. ദോഹയിലെ ഫിലിപ്പൈന്‍ സ്‌കൂളില്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. പക്ഷെ ഇവരെ പുതിയ സൈബര്‍ നിയമം അനുസരിച്ചല്ല മറിച്ച് മാനഹാനി നിയമം അനുസരിച്ചാണ് ശിക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സൈബര്‍ക്രൈം നിയമം അമീര്‍ അംഗീകരിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം ഖത്വര്‍ റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. സ്വകാര്യമായോ ഫോണ്‍ ഉപയോഗിച്ചോ മറ്റൊരാളെ അപമാനിക്കരുതെന്ന് ഖത്വറിന്റെ ക്രിമിനല്‍ കോഡില്‍ നേരത്തെ പറയുന്നുണ്ട്. വിചാരണാ നടപടികള്‍ക്ക് വേണ്ടി തെളിവ് ആവശ്യപ്പെട്ടാല്‍ രാജ്യത്തെ ടെലികമ്യൂനിക്കേഷന്‍ പ്രൊവൈഡര്‍മാരായ ഉരീദുവും വോഡാഫോണും നല്‍കണം. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുകയും വേണമെന്നും നിര്‍ദേശമുണ്ട്.