Connect with us

Uae

പാര്‍ക്കിംഗ് നിയമം ലംഘിച്ച വാഹനങ്ങള്‍ക്ക്് പിഴ ചുമത്തി

Published

|

Last Updated

ദുബൈ: പാര്‍ക്കിംഗ് നിയമം ലംഘിച്ച പതിനായിരത്തിലധികം വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതായി ദുബൈ പോലീസ് ഗതാഗത വിഭാഗം വ്യക്തമാക്കി. പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കായി മാറ്റിവെച്ച പാര്‍ക്കിംഗ് ബേകളില്‍ വാഹനം നിര്‍ത്തിയിട്ടതിന് എതിരെയാണ് നടപടി സ്വീകരിച്ചതെന്നും 10,265 പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും ഗതാഗത വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജമാല്‍ അല്‍ ബന്നായി വെളിപ്പെടുത്തി. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലത്തെ കണക്കാണിത്. പ്രത്യേക പരിചരണം ആവശ്യമുള്ളവരുടെ പാര്‍ക്കിംഗ് മേഖല കൈയേറുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. 1,000 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയന്റുമാണ് ഇത്തരക്കാര്‍ക്ക് ചുമത്തുന്നത്. 2014ല്‍ 9,409 വാഹനങ്ങള്‍ക്കായിരുന്നു പിഴ ചുമത്തിയത്. 2013ല്‍ ഇത് 8,317 ഉം. ഇതുമായി ബന്ധപ്പെട്ട് 10 ദിവസത്തെ ബോധവത്കരണ പരിപാടിക്ക് ഗതാഗത വിഭാഗം തുടക്കമിട്ടിട്ടുണ്ട്.
സ്റ്റാന്റ് ബൈ ദെയര്‍ സൈഡ്… നോട്ട് ഇന്‍ ദെയര്‍ സ്‌പോട്ട് എന്ന പേരിലാണ് ബോധവത്കരണം നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണിത്. ഇത്തരം നിയമലംഘനങ്ങള്‍ കുറ്റകൃത്യം എന്നതിനൊപ്പം പ്രത്യേക പരിചരണം ആവശ്യമുള്ളവരുടെ അവകാശങ്ങളിലുള്ള കൈകടത്തല്‍കൂടിയാണ്. വളരെ കുറച്ച് പാര്‍ക്കിംഗ് ബേകള്‍ മാത്രമാണ് ഇവര്‍ക്കായി നാം നീക്കിവെച്ചിരിക്കുന്നത്. അത് കൂടി കൈയേറുകയെന്നത് മനുഷ്യത്വരഹിതമായ കാര്യമാണ്. മൊത്തം പാര്‍ക്കിംഗ് ബേയുടെ ഒരു ശതമാനം മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. പലരും സാധാരണ പാര്‍ക്കിംഗ് മേഖല ഒഴിഞ്ഞുകിടക്കുമ്പോഴും ഇത്തരം സ്ഥലങ്ങള്‍ കൈയേറുന്നത് നീതീകരിക്കാനാവില്ല. പ്രത്യേക പരിചരണം ആവശ്യമുള്ളവരായാലും അതിനായുള്ള പാര്‍ക്കിംഗ് പെര്‍മിറ്റ് ഇല്ലാതെ കൈയേറിയാല്‍ നിയമലംഘനത്തിന്റെ ഗണത്തില്‍ പെടുമെന്നും അദ്ദേഹം പറഞ്ഞു.