സംസ്ഥാനത്ത് നിലവാരമില്ലാത്ത മരുന്നു വില്‍പ്പന വ്യാപകം

Posted on: December 21, 2015 4:05 am | Last updated: December 21, 2015 at 9:36 am

medicine1പാലക്കാട്: സംസ്ഥാനത്ത് നിലവാരമില്ലാത്ത മരുന്നുകള്‍ വ്യാപകമായി വില്‍ക്കുന്നു. ജീവന്‍രക്ഷാ മരുന്നുകളില്‍ 15 ശതമാത്തോളം യാതൊരു വിധവും ഗുണവുമില്ലാത്ത മരുന്നുകളാണെന്നാണ് ആരോഗ്യവകുപ്പ് തന്നെ സമ്മതിക്കുന്നുണ്ട്. വിപണിയില്‍ ഇറങ്ങിയ ഇത്തരം മരുന്നുകളെക്കുറിച്ച് വിവാദമാകുമ്പോള്‍ പിന്‍വലിക്കാനായി ഡ്രഗ് കണ്‍ട്രോള്‍ ഉത്തരവിടുവെങ്കിലും അപ്പോഴെക്കും ഇത്തരം മരുന്നുകള്‍ വില്‍പ്പന കഴിഞ്ഞിട്ടുണ്ടാകുമത്രെ.
ഏഴായിരം ഇനങ്ങളിലായി 1,03,000 ബാച്ച് മരുന്നുകളാണ് സംസ്ഥാനത്ത് വിപണിയില്‍ എത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നതിനു പുറമേ പൊതുവിപണിയില്‍ എത്തുന്ന മരുന്നുകളില്‍നിന്ന് ഒരു ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഒന്‍പത് വീതം ശേഖരിച്ചു പരിശോധനക്ക് അയക്കണമെന്നാണ് നിയമം.
തിരുവനന്തപുരം, കൊച്ചി ലാബുകളിലായി 4300 ബാച്ചുകള്‍ പരിശോധനയ്ക്ക് എത്തുന്നതില്‍ 3600 ബാച്ചുകള്‍ മാത്രമാണു പരിശോധിക്കപ്പെടുന്നത്. ഇതില്‍ 15 ശതമാനവും നിലവാര പരിശോധനയില്‍ പരാജയപ്പെടുന്നു. ഒരു ബാച്ചില്‍ ശരാശരി രണ്ട് ലക്ഷം ഗുളികകള്‍ ഉണ്ടാകുമെന്നു കണക്കാക്കിയാല്‍ 300 കോടി വ്യാജ മരുന്നുകളാണ് സംസ്ഥാനത്ത് പ്രതിവര്‍ഷം കഴിച്ചുതീര്‍ക്കുന്നത്. മാത്രമല്ല, മൂന്ന് വര്‍ഷം മുന്‍പു ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ശേഖരിച്ച മരുന്നു സാംപിളുകള്‍ വരെ ഇനിയും പരിശോധിച്ചു തീര്‍ന്നിട്ടില്ലെന്നാണ് പറയുന്നത്. മരുന്നു കമ്പനികളുമായുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും ലക്ഷകക്കിന് രൂപ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി കമ്പനികള്‍ നല്‍കുന്നുണ്ടെന്നും ആരോപണമുണ്ട്.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള ഈ മരുന്നിന് ഒരുനിലവാരവുമില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു പിന്‍വലിക്കാന്‍ നിര്‍ദേശം പോയെങ്കിലും അപ്പോഴേക്കും ആ ബാച്ചിലെ മരുന്നുകളെല്ലാം വിറ്റുതീര്‍ന്നിരുന്നിരുന്നു. കൊച്ചി ലാബില്‍ എറണാകുളം ജില്ലയില്‍നിന്നുള്ള മരുന്നുകള്‍ മാത്രമേ പരിശോധിക്കുന്നുള്ളൂ. സംസ്ഥാനത്തെ മറ്റിടങ്ങളി ല്‍നിന്നു ശേഖരിക്കുന്ന സാമ്പിളുകളെല്ലാം തിരുവനന്തപുരത്തേക്കാണു കൊണ്ടുവരുന്നത്. ദിനംപ്രതി നൂറ്കണക്കിന് മരുന്നുകള്‍ മത്സരിച്ച് പല കമ്പനികളും ഇറക്കുമ്പോള്‍ രണ്ട് ലാബുകള്‍ മാത്രം പരിശോധനക്കായി ഉള്ളത് മരുന്നുകമ്പനികള്‍ക്ക് ഗുണം ചെയ്യുകയാണ്. പലപ്പോഴും പരിശോധനക്ക് അയക്കുന്ന മരുന്നുകളുടെ നിലവാരത്തെക്കുറിച്ചുള്ള ഫലം എത്താന്‍ വര്‍ഷങ്ങളെടുക്കും. അഥവാ പരിശോധിച്ചാല്‍ തന്നെ ഗുണനിലവാരമില്ലെന്ന വിവരം അപ്പോള്‍ത്തന്നെ ഉദ്യോഗസ്ഥര്‍ കമ്പനിക്കാരെ അറിയിക്കും. അതോടെ കമ്പനികള്‍ ഇവയുടെ വില്‍പന വേഗത്തിലാക്കും. ബാക്കിയുള്ളവ പൂര്‍ണമായി പിന്‍വലിച്ചു മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കുകയാണ് പതിവ്.
അതിനുശേഷമേ നിലവാര പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവരികയുള്ളൂ. വ്യാജമരുന്നു വില്‍പ്പനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.