Connect with us

Malappuram

ഹകീം അസ്ഹരിക്ക് ദഅ്‌വ: പുരസ്‌കാരം

Published

|

Last Updated

അരീക്കോട്: പ്രമുഖ പണ്ഡിതനും സാമൂഹിക പരിഷ്‌കര്‍ത്താവും സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ നേതാക്കളില്‍ പ്രഗത്ഭനുമായിരുന്ന നാലകത്ത് മരക്കാരുട്ടി മുസ്‌ലിയാരുടെ പേരില്‍ അരീക്കോട് മജ്മഅ് നല്‍കുന്ന പ്രഥമ ദഅ്‌വാ പുരസ്‌കാരത്തിന് ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി അര്‍ഹനായി. 1,11,111 രൂപയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്‌കാരം. ദഅ്‌വാ- സാമൂഹിക രംഗത്ത് വിശിഷ്ട സേവനം നടത്തുന്ന യുവ പണ്ഡിതര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 2016 ഫെബ്രുവരി 14,15,16 തീയതികളില്‍ നടക്കുന്ന അരീക്കോട് മജ്മഅ് 30- ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും. ഇന്ത്യക്കകത്തും പുറത്തും ഡോ. അസ്ഹരി നടത്തുന്ന സാമൂഹിക-മത രംഗത്തെ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.
ഇന്ത്യയിലെ 25ലധികം സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍, മദ്‌റസകള്‍, കോളേജുകള്‍, പള്ളി ദര്‍സുകള്‍ തുടങ്ങിയവ സ്ഥാപിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പണ്ഡിതന്മാര്‍ക്ക് പുറമെ ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, ആസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലെ പ്രമുഖ പണ്ഡിതന്മാരെ ഇന്ത്യന്‍ പണ്ഡിതന്മാരോട് അടുപ്പിക്കുന്നതിലും കേരളീയ മത തനിമ വിദേശ രാജ്യങ്ങളില്‍ പരിചയപ്പെടുത്തുന്നതിലും അദ്ദേഹം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും ജ്യൂറി അഭിപ്രായപ്പെട്ടു.