ജീവന്‍ പണയം വെച്ച് പാണ്ടിയാത്ര

Posted on: December 17, 2015 10:36 am | Last updated: December 17, 2015 at 10:36 am

20151215_162747പനമരം: സ്‌കൂളില്‍ പോകാന്‍ അതിരാവിലെ ജീവന്‍ പണയം വെച്ചുളള വിദ്യാര്‍ഥികളുടെ പാണ്ടിയാത്ര ബസ്തിപൊയില്‍ പതിവു കാഴ്ചയാണ്.
70 ഓളം കുട്ടികളാണ് ഇങ്ങനെ അക്ഷര പഠനത്തിനായി മറ്റൊരു പാഠവും പഠിക്കുന്നത്. ഏച്ചോം സര്‍വ്വോദയ, പനമരം ഗവ:ഹൈസ്‌കൂള്‍.മാനന്തവാടി ന്യൂമാന്‍സ് കോളജ്, പനമരം എല്‍ പി, എന്നിവിടങ്ങിലെ വിദ്യാര്‍ഥികളാണ് പാണ്ടി യാത്രയെ ആശ്രയിക്കുന്നത്. ഇവരെ പാണ്ടിയില്‍ അക്കരെ കടത്താന്‍ എടത്തുംകാട് രമണി (75) യാണുളളത്. കഴിഞ്ഞ നാല് പതിറ്റാണ്ട് ആയിട്ട് രമണി ഇങ്ങനെ കടത്തുകാരിയുടെ വേഷത്തിലാണ്. കുട്ടികളോട് യാതൊരു പ്രതിഫലവും വാങ്ങാറില്ല. രാവിലെ എട്ടു മുതല്‍ ഒമ്പത് വരെയും, വൈകുന്നേരം നാല് മുതല്‍ അഞ്ചു വരെയുമാണ് കുട്ടികള്‍ക്കായുളള കടത്ത് സമയം. പ്രദേശത്തെ നൂറോളം വീട്ടുകാരും പാണ്ടിയെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്.
മഴക്കാലമായാല്‍ യാത്ര താളം തെറ്റും. കുട്ടികളുടെ സ്‌കൂള്‍ പഠനവും മുടങ്ങും. ബസ്തിപൊയില്‍ പനമരത്തെ ഒരു പ്രധാന ആദിവാസി മേഖല കൂടിയാണ്. നീരട്ടാടി കവലയിലെ കണിയാമ്പറ്റ കുടിവെളള പദ്ധതിക്കടുത്താണ് കടവുളളത്. പാണ്ടി നിര്‍മാണം നാട്ടുകാര്‍ പിരിവിട്ടാണ്. പഞ്ചായത്തെങ്കിലും കടവ് യാത്രയിലെ ദുരിതം ഒഴിവാക്കാന്‍ രംഗത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ഈ കടവില്‍ ഏഴോളം കടത്ത് പാണ്ടികള്‍ ഉണ്ട്. നാലായിരത്തി അഞ്ഞൂറ് രൂപയാണ് ഒരു പാണ്ടിയുടെ നിര്‍മ്മാണ ചെലവ്. വര്‍ഷത്തില്‍ പാണ്ടി നിര്‍മ്മിക്കാനുളള ചെലവ് കൂലി പണിയെടുക്കുന്ന അവര്‍ക്ക് താങ്ങാന്‍ പ്രായാസമാണ്. നാട്ടുകാരില്‍ നിന്ന് പിരിവ് എടുത്താണ് പാണ്ടി നിര്‍മ്മാണത്തിന് തുക കണ്ടത്തുന്നത്.
മഴക്കാലമായാല്‍ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുമെന്നതിനാല്‍ കടത്ത് പ്രയാസകരമാണ്. ഈ സമയങ്ങളില്‍ ആറര കിലോ മീറ്ററോളം കാല്‍ നടയായി സഞ്ചരിച്ച് വേണം പാലുകുന്ന് ജംഷനില്‍ എത്താന്‍, അവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് അഞ്ചുകുന്ന് എത്തിയതിനുശേഷമാണ് സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ പോകുന്നത്. ഈ സമയം ആദിവാസി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാറാണ് പതിവ്.
പ്രശ്‌നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ജനസംമ്പര്‍ക്ക പരിപാടിയിലും മന്ത്രി ജയലക്ഷ്മിക്കും ജില്ലാ കലക്ടര്‍ക്കും പ്രദേശ വാസികള്‍ പരാതി കൊടുത്തെങ്കിലും യാതൊരു വിധ നടപടികളും നാളിതുവരെയായിട്ടു ഉണ്ടായിട്ടില്ല.
ചെറിയ തൂക്കു പാലം നിര്‍മിച്ചാല്‍ ഈ പ്രദേശത്തുകാരുടെ ദുരിതം തീരുമെന്നാണ് ഇവര്‍ പറയുന്നത്. ഏത് സമയവും വന്‍ ദുരന്തമുണ്ടാകുമെന്ന ആശങ്ക രക്ഷിതാക്കളില്‍ നിലനില്‍ക്കുന്നു. ഇതിനൊരു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.