ക്ഷണിച്ചവര്‍ക്ക് വരേണ്ടെന്ന് പറയാനും അവകാശമുണ്ട്: വെള്ളാപ്പള്ളി; കേരളത്തെ അപമാനിക്കുന്നതിന് തുല്യം: മുഖ്യമന്ത്രി

Posted on: December 14, 2015 1:56 pm | Last updated: December 14, 2015 at 7:12 pm

oommen chandy-vellappally

കൊല്ലം: ഒരു ചടങ്ങിന് ക്ഷണിച്ചവര്‍ക്ക് തന്നെ വരേണ്ടെന്ന് പറയാനും അവകാശമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത് ശരിയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞതും ശരിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗമാണ് മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്ന രാജ്‌നാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന.

അതേസമയം മുഖ്യമന്ത്രിയെന്ന നിലയില്‍ മുന്‍മുഖ്യമന്ത്രിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങിലേക്ക് ക്ഷണിച്ച ശേഷം വരേണ്ടെന്ന് പറഞ്ഞത് ദു:ഖമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസുകാരനുമായിരുന്നു. ഇങ്ങനെയൊരു ചടങ്ങിലേക്ക് ക്ഷണിച്ചിട്ട് വരേണ്ടെന്ന് പറഞ്ഞത് കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ബിജെപിയുടെ പരിപാടിയല്ല. അങ്ങനെയാണെങ്കില്‍ ആരും ഇക്കാര്യം ഗൗരവത്തിലെടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.