വെളിച്ചെണ്ണക്ക് തിരിച്ചടി; റബ്ബര്‍ വില വീണ്ടും താഴോട്ട്

Posted on: December 13, 2015 10:10 pm | Last updated: December 13, 2015 at 10:10 pm

market-reviewകൊച്ചി: തെക്കന്‍ കേരളത്തില്‍ കുരുമുളക് വിളവെടുപ്പ് പുരോഗമിക്കുന്നു, ഇടുക്കി, വയനാട് മേഖലയിലെ സ്‌റ്റോക്കിസ്റ്റുകള്‍ ഉല്‍പ്പന്ന നീക്കം നിയന്ത്രിച്ചു. വ്യവസായിക ഡിമാന്‍ഡിന്റെ അഭാവം ആഭ്യന്തര വിദേശ റബ്ബര്‍ മാര്‍ക്കറ്റുകളെ തളര്‍ത്തി. ഓയില്‍ മില്ലുകാരില്‍ നിന്നുള്ള വില്‍പ്പന സമ്മര്‍ദംം വെളിച്ചെണ്ണക്ക് തിരിച്ചടിയായി. ആഭരണ വിപണികളില്‍ സ്വര്‍ണ വില കയറി ഇറങ്ങി.

തെക്കന്‍ കേരളത്തില്‍ പുതിയ കുരുമുളക് വില്‍പ്പനക്ക് ഇറങ്ങിയെങ്കിലും ഹൈറേഞ്ച് ചരക്കില്‍ കര്‍ഷകരും സ്‌റ്റോക്കിസ്റ്റുകളും പിടിമുറുക്കി. വില ഇടിച്ച് ചരക്ക് കൈക്കലാക്കാന്‍ വാങ്ങലുകാര്‍ നടത്തിയ ശ്രമത്തെ പരാജയപ്പെടുത്താനാണ് കാര്‍ഷിക മേഖല ചരക്ക് നീക്കം നിയന്ത്രിച്ചത്. ഇതോടെ വാരാവസാനം മുളക് വില 200 രൂപ വര്‍ധിച്ച് 68,600 രൂപയായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 10,600-10,850 ഡോളറിലാണ്. ഇതര ഉത്പാദന രാജ്യങ്ങള്‍ 9000 ഡോളറില്‍ താഴ്ന്ന വിലക്കാണ് കയറ്റുമതി നടത്തുന്നത്.
വിദേശത്ത് റബ്ബര്‍ വില വീണ്ടും താഴ്ന്നതോടെ വ്യവസായികള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ നിരക്ക് താഴ്ത്തി ക്വട്ടേഷന്‍ ഇറക്കി. അവധി വ്യാപാരത്തിലെ തളര്‍ച്ച മുന്‍ നിര്‍ത്തി വ്യവസായികള്‍ ചരക്ക് എടുക്കാതെ പിന്‍വലിഞ്ഞതോടെ 10,550 ല്‍ നിന്ന് നാലാം ഗ്രേഡ് 10,300 ലേക്ക് നീങ്ങി. അഞ്ചാം ഗ്രേഡ് 10,300 രൂപയില്‍ നിന്ന് 10,000 രൂപയായി. 2009 ന് ശേഷം രാജ്യത്ത് റബ്ബറിന് രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലയാണ്.
നവംബര്‍-ജനുവരിയില്‍ റബ്ബര്‍ ടാപ്പിംഗിന് ഏറ്റവും അനുകൂല കാലാവസ്ഥയാണ്. എന്നാല്‍ കാര്‍ഷിക ചെലവുകള്‍ പോലും താങ്ങാനാകാത്തതിനാല്‍ കര്‍ഷകര്‍ ടാപ്പിംഗിന് മടിക്കുകയാണ്. മലബാര്‍, കൊച്ചി, കോട്ടയം വിപണികളില്‍ ഷീറ്റിന്റെ ലഭ്യത കുറഞ്ഞു. ജപ്പാനീസ് മാര്‍ക്കറ്റില്‍ റബ്ബര്‍ നാലാഴ്ച നീണ്ട ബുള്‍ റാലിക്ക് ശേഷം പ്രതിവാര നഷ്ടത്തിലാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് നേരിട്ട തളര്‍ച്ചയും റബ്ബറിന് തിരിച്ചടിയായി.
വെളിച്ചെണ്ണക്ക് ഡിമാന്‍ഡ് മങ്ങിയതിനിടയില്‍ മില്ലുകാര്‍ സ്‌റ്റോക്ക് വിറ്റുമാറുകയാണ്. തമിഴ്‌നാട്ടില്‍ കാലാവസ്ഥ തെളിഞ്ഞ സാഹചര്യത്തില്‍ ഈ വാരം നാളികേര വിളവെടുപ്പ് പുനരാരംഭിക്കാം. 10,000 രൂപയില്‍ വില്‍പ്പന തുടങ്ങിയ എണ്ണ മാര്‍ക്കറ്റ് വാരാന്ത്യം 9700 ലാണ്. 6780 രൂപയില്‍ നിന്ന് കൊപ്ര 6590 രൂപയായി.
ചുക്ക് സ്‌റ്റെഡി നിലവാരത്തില്‍ നീങ്ങി. ആഭ്യന്തര ആവശ്യം വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ല. കൊച്ചിയില്‍ മീഡിയം ചുക്ക് 19,000 രൂപയിലും ബെസ്റ്റ് 20,500 രൂപയിലുമാണ്.
ആഭരണ വിപണികളില്‍ പവന്‍ 19,320 രൂപയില്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച ശേഷം വിദേശത്തെ തുടര്‍ച്ച മൂലം 19,080 ലേക്ക് താഴ്ന്നു. എന്നാല്‍ ശനിയാഴ്ച്ച പവന്‍ 19,200 ലാണ്. ലണ്ടനില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1071 ഡോളര്‍.