Connect with us

Editors Pick

സ്‌നേഹ സമൃദ്ധിയുമായി റബീഉല്‍ അവ്വല്‍

Published

|

Last Updated

മലപ്പുറം: അതിരുകളില്ലാത്ത പ്രവാചക സ്‌നേഹത്തിന്റെ സമൃദ്ധിയിലേക്ക് വിശ്വാസികളെ വിരുന്നൂട്ടാന്‍ വിശുദ്ധ റബീഉല്‍ അവ്വല്‍ മാസം സമാഗതമായി. ഈ മാസം 24ന് വ്യാഴാഴ്ചയാണ് റബീഉല്‍ അവ്വല്‍ പന്ത്രണ്ട്. ലോകാനുഗ്രഹി മുഹമ്മദ് നബിയുടെ 1490ാം തിരുപ്പിറവിയാണ് ലോകമെങ്ങുമുള്ള വിശ്വാസികള്‍ ആഹ്ലാദപൂര്‍വം ആഘോഷിക്കുന്നത്. ഹൃദയങ്ങളില്‍ തിരുനബിയോടുള്ള അടങ്ങാത്ത സ്‌നേഹം പ്രകടമാകുന്ന പ്രകീര്‍ത്തന വൈവിധ്യങ്ങളാണ് നാടെങ്ങും നടക്കുക.
ഇന്നലെ മുതല്‍ മസ്ജിദുകളില്‍ മൗലിദുകള്‍ക്ക് തുടക്കമായി. മുസ്‌ലിം വീടുകളിലും മദ്‌റസകളിലും ഇസ്‌ലാമിക സ്ഥാപനങ്ങളിലുമെല്ലാം മൗലിദുകള്‍ നടക്കും. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് പ്രഭാത സമയത്ത് എല്ലാ പള്ളികളിലും ഒരേ സമയം മൗലിദുകള്‍ നടക്കും. ഈ ദിവസം മുതല്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ മീലാദ് റാലികളും കലാപ്രകടനങ്ങളും അരങ്ങേറും. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരു പോലെ നബിദിന പരിപാടികളില്‍ പങ്കാളികളാകും.
കോഴിക്കോട് മര്‍കസില്‍ നാളെ നടക്കുന്ന തിരുകേശ പ്രദര്‍ശനത്തിന് ആയിരങ്ങളാണ് എത്തുക. പ്രവാചക മഹത്വം വിളംബരം ചെയ്യുന്ന മദ്ഹുര്‍റസൂല്‍ പ്രഭാഷണം, സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍, ആത്മീയ സംഗമം, അന്നദാനം എന്നിവയും നാടെങ്ങും നടക്കാനിരിക്കുകയാണ്. വര്‍ണാഭമായ ഘോഷയാത്രകള്‍ എല്ലാമത വിശ്വാസികളുടെയും മനം കുളിര്‍പ്പിക്കുന്നതാകും. ദഫ്, സ്‌കൗട്ട്, പ്രവാചക സന്ദേശങ്ങള്‍ വ്യക്തമാക്കുന്ന പ്ലക്കാര്‍ഡുകള്‍ എന്നിവ ഘോഷയാത്രകള്‍ക്ക് മിഴിവേകും.
ബുര്‍ദ പാരായണം, ഖവാലി, നഷീദകള്‍ എന്നിവയെല്ലാം ഈ ഒരു മാസക്കാലം കൂടുതലായി അവതരിപ്പിക്കപ്പെടും. കേരളത്തിലെ പ്രമുഖ ട്രൂപ്പുകള്‍ക്കെല്ലാം മാസങ്ങള്‍ക്ക് മുമ്പെ ബുക്കിംഗ് പൂര്‍ത്തിയായിട്ടുണ്ട്. നാട്ടിന്‍പുറങ്ങളിലെ നബിദിനാഘോഷ പരിപാടികള്‍ മത സൗഹാര്‍ദത്തിന്റെ വേദികള്‍ കൂടിയാണ്. ഘോഷയാത്രകള്‍ക്ക് ആവേശകരമായ സ്വീകരണമൊരുക്കിയും അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും ഇതര മതസ്ഥര്‍ കൂടി നബിദിന പരിപാടികളുടെ ഭാഗമാകാറുണ്ട്.

Latest