കാരുണ്യ പ്രവര്‍ത്തനത്തില്‍ പുതിയ മാതൃക രചിച്ച് സുന്നീ നേതാവ്

Posted on: December 12, 2015 5:47 pm | Last updated: December 12, 2015 at 5:47 pm

പേരാമ്പ്ര: മകളുടെ വിവാഹചടങ്ങ് ലഘൂകരിച്ച് മിച്ചമുണ്ടാക്കിയ നാല് ലക്ഷം രൂപ കാരുണ്യ പ്രവര്‍ത്തനത്തിന് ചിലവഴിച്ച് സുന്നീ നേതാവ് മാതൃകയായി. എസ്‌വൈഎസ് നടുവണ്ണൂര്‍ സോണ്‍ പ്രസിഡണ്ടും, എസ്എംഎ ബാലുശേരി മേഖലാ സാരഥിയുമായ അബ്ദുല്‍ മജീദ് സഖാഫി കോട്ടൂര്‍ ആണ് കാരുണ്യ പ്രവര്‍ത്തനത്തില്‍ തനതായ ശൈലി സ്വീകരിച്ചത്. രണ്ട് അമുസ്ലിംകള്‍ ഉള്‍പ്പെടെ മൂന്ന് കുടുംബങ്ങള്‍ക്കായി നാല് ലക്ഷം രൂപ വീതിച്ച് നല്‍കിയ സഖാഫിയുടെ ശൈലി, സാമൂഹ്യ പ്രതിബദ്ധതക്ക് വിസ്മരിക്കാനാകാത്ത ഉദാഹരണമായി. മകളുടെ നിക്കാഹിന് വീട്ടിലേക്ക് ക്ഷണിക്കാതെ വളരെ വേണ്ടപ്പട്ടവരില്‍ നിന്ന് പോലും വിവാഹകര്‍മ്മത്തിന് അനുമതി നേടയാണ് ചിലവ് സംഖ്യ പരിമിതപ്പെടുത്തിയത്. നിക്കാഹിന് സജജമാക്കിയ വേദിയില്‍ വെച്ച് പുരുഷന്‍ കടലുണ്ടി എംഎല്‍എ തുക വാര്‍ഡംഗം കെ. ഹമീദിന് കൈമാറി.

കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയാണ് മജീദ് സഖാഫി സ്വീകരിച്ചതെന്നും ഈ മാതൃക പിന്തുടരാന്‍ സമൂഹം തയ്യാറാകണമെന്നും എംഎല്‍എ പറഞ്ഞു. നിക്കാഹ് കര്‍മ്മം കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍, അബ്ദു സബൂര്‍ ബാഹസന്‍, വെള്ളിയോട് മുഹമ്മദലി സഖാഫി, ചിയ്യൂര്‍ ഉസ്താദ്, എന്‍.കെ. അബ്ദുര്‍റഹ്മാന്‍ ദാരിമി സംബന്ധിച്ചു.