Connect with us

Articles

വൈദ്യരേ, സ്വയം ചികിത്സിക്കൂ

Published

|

Last Updated

ഇസ്‌ലാമില്‍ ലിംഗസമത്വം ഉണ്ടെന്നാണ് എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറയുന്നത്. ഇസ്‌ലാമില്‍ ലിംഗസമത്വമില്ല എന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞതിനെതിരെയായിരുന്നു ഡോ. ഫസലിന്റെ പ്രസ്താവന. കാന്തപുരം മതം പഠിച്ചയാളാണ്, മി. ഫസല്‍ വൈദ്യം പഠിച്ചയാളും. വൈദ്യം പഠിച്ചയാള്‍ മതം പറയരുതെന്നോ മതം പഠിച്ചയാള്‍ക്കു വൈദ്യം പറഞ്ഞുകൂടെന്നോ ഒരു നിയമവുമില്ല. പക്ഷേ, കാന്തപുരം ഒരിടത്തും വൈദ്യം പറഞ്ഞു കേട്ടിട്ടില്ല. വൈദ്യം ആനക്കാര്യമായതുകൊണ്ടല്ല; അപ്രാപ്യമായതുകൊണ്ടുമല്ല. ശരിയാംവണ്ണം അറിയാത്ത കാര്യങ്ങള്‍ പറയുന്നതു ശരിയല്ല എന്ന ഔചിത്യബോധം കാന്തപുരത്തിനു വേണ്ടുവോളമുണ്ട്. പിന്നെ, അതൊരു നിറകുടമാണ്; തുളുമ്പില്ല. കാന്തപുരത്തിനുള്ള ഈ ഗുണം ഡോ. ഫസല്‍ ഗഫൂറിന് ഒട്ടുമില്ല. ആകാശത്തിനു കീഴെയോ മീതെയോ ഉള്ള ഏതു കാര്യത്തെക്കുറിച്ചും ഇയാള്‍ അഭിപ്രായം പറയും. മുമ്പില്‍ പത്രക്കാരോ ചാനല്‍ കാമറകളോ ഉണ്ടായാല്‍ മതി. ഉദാഹരണത്തിന് ആഴക്കടലിനടിയില്‍ കാണുന്ന “ആല്‍ബര്‍ഡി ജൂവാന്‍ ബോസ്റ്റ്സ്റ്റ”യെക്കുറിച്ച് ഒരു ചാനല്‍ ചര്‍ച്ച നടക്കുന്നുവെന്നിരിക്കട്ടെ, മി. ഫസല്‍ ഗഫൂര്‍ ഇതേക്കുറിച്ചു വേണമെങ്കില്‍ മൂന്നോ നാലോ മണിക്കൂര്‍ ഘോരഘോരം സംസാരിക്കും.
അഞ്ചെട്ടു വര്‍ഷം വൈദ്യം പഠിച്ചശേഷം കോഴക്കോളജ് നടത്തുകയും തലവരിപ്പണത്തെക്കുറിച്ചു രാപകലില്ലാതെ തര്‍ക്കിച്ചു നാക്കു പതം വരുത്തുകയും ചെയ്തയാളാണു മി. ഫസല്‍. കഴിഞ്ഞ അറുപതു വര്‍ഷമായി മതം പഠിക്കുകയും പഠിപ്പിക്കുകയും മതവിഷയങ്ങളില്‍ പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തുകയും ഗ്രന്ഥരചനയിലേര്‍പ്പെടുകയും ചെയ്തുവരുന്നയാളാണു കാന്തപുരം. അപ്പോള്‍ മതപരമായ ഒരു വിഷയത്തില്‍ കാന്തപുരത്തെ തിരുത്താനുള്ള അര്‍ഹത മി. ഫസലിനുണ്ട് എന്നു നിങ്ങള്‍ക്കും തോന്നുന്നില്ലേ! മതമായാലും വൈദ്യശാസ്ത്രമായാലും മറ്റേതു വിഷയമായാലും അതേക്കുറിച്ചു പഠിക്കുകയും അവഗാഹം നേടുകയും ചെയ്തവരാണ് ആധികാരികമായി പറയേണ്ടത്. ഇതൊന്നും ഫസല്‍ ഗഫൂറിനു ബാധകമല്ല. അതുകൊണ്ടു ഡോ. ഫസല്‍ പറയുക. ഇസ്‌ലാമിലെ ഏതു പ്രമാണമാണു ലിംഗസമത്വം പ്രഖ്യാപനം ചെയ്യുന്നത്? പത്ത് മിനിറ്റു നേരത്തെ പത്രസമ്മേളനം കൊണ്ടു ലോകം അവസാനിച്ചിട്ടില്ല. മി. ഫസല്‍ വിളിച്ചാല്‍ പത്രക്കാര്‍ ഇനിയും വരും, ഫസല്‍ ഗഫൂര്‍ ഇനിയും വാര്‍ത്തകളില്‍ നിറയും.
അപ്പോഴും അവശേഷിക്കുന്ന ഒരു സംശയമുണ്ട്; ഡോ. ഫസല്‍ ഗഫൂര്‍ പറയുന്ന ഇസ്‌ലാമും കാന്തപുരം പറയുന്ന ഇസ്‌ലാമും ഒന്നു തന്നെയാണോ? ഇയാളുടെ ഉപ്പൂപ്പാക്കൊരിസ്‌ലാമുണ്ടായിരുന്നു- മണപ്പാടന്‍ കുഞ്ഞഹമ്മദ് ഹാജിക്ക്. ഇപ്പോള്‍ ഐ എസ് ആയി പരിണമിച്ചു ലോകത്തിന്റെ ഉറക്കം കെടുത്തുന്ന പഴയ സലഫിമതം. കണ്ണില്‍ കണ്ടതിനെയെല്ലാം ശിര്‍കാക്കി വെടക്കാക്കി തല്ലിത്തകര്‍ത്ത്, തങ്ങളെല്ലാത്തവരെല്ലാം മുശ്‌രിക്കുകളും കൊല്ലപ്പെടേണ്ടവരുമാണെന്നു വിശ്വസിച്ച് കൂട്ടക്കൊലകള്‍ നടത്തിയ റാഡിക്കല്‍ സലഫിമതം. ഈ മതം പ്രചരിപ്പിക്കാന്‍ ഈ ഉപ്പൂപ്പ ഒരു സംഘടനയും ഉണ്ടാക്കിയിരുന്നു- ഐക്യസംഘം. കാന്തപുരത്തിന്റെ പൂര്‍വീക പണ്ഡിതന്മാര്‍ മുക്കാല്‍ നൂറ്റാണ്ടു മുമ്പ് അതു തല്ലിക്കെടുത്തിയതുകൊണ്ട് ഭാഗ്യത്തിന് ഐ എസിന്റെ ഉത്ഭവം കേരളത്തില്‍നിന്നായില്ല. അന്നു തല്ലിക്കെടുത്തിയതിന്റെ ചാരാവശിഷ്ടങ്ങള്‍ ജിന്നും ശയ്ത്വാനും മറ്റുമായി ഇവിടെയൊക്കെ അലഞ്ഞു നടക്കുന്നുണ്ട്. ഐ എസ് ഭീകരത പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തങ്ങളുടെ ഐഡന്റിറ്റി തിരിച്ചറിയാതിരിക്കാന്‍ ചളിയില്‍ തലപൂഴ്ത്തി ശ്വാസം പിടിച്ച് നിലത്തമര്‍ന്നു കിടക്കുകയാണിപ്പോള്‍. ചുംബന സമരത്തെയും സ്വവര്‍ഗ പ്രണയത്തെയും സ്ത്രീപുരുഷ സമത്വത്തെയും പുരോഗമനവത്കരിച്ചു നിലനിറുത്തുന്ന ശക്തികള്‍ തന്നെയാണ് പരിഷ്‌കരണത്തിന്റെ പേരില്‍ സംഹാരാത്മക സലഫിസത്തെയും താങ്ങി നിറുത്തുന്നത്.
ഡോ. ഫസല്‍ ഗഫൂറിന്റെ ഉപ്പക്കാണെങ്കില്‍ ലോകത്താകെയുണ്ടായിരുന്ന ശത്രുത ഇസ്‌ലാമിനോടും അതിന്റെ സംസ്‌കാരത്തോടുമായിരുന്നു. നിരന്തരം ശരീഅത്ത് വിരുദ്ധ പ്രസ്താവനകളിറക്കിയ ഇയാള്‍ക്കെതിരെ അന്നു പണ്ഡിതന്മാര്‍ ശബ്ദമുയര്‍ത്തി. “ഉലമാക്കളെ ഊളമ്പാറക്കയക്കണം” എന്നായിരുന്നു അയാളുടെ പ്രതികരണം. അതിനു ശംസുല്‍ഉലമ കൊടുത്ത ഒരു മറുപടിയുണ്ട്. പഴമക്കാരാരും അത് മറക്കാനിടയില്ല. മുസ്‌ലിംകളെ ഇസ്‌ലാമില്‍ നിന്നു രക്ഷപ്പെടുത്താന്‍വേണ്ടി ഇയാളും ഒരു സംഘടനയുണ്ടാക്കി- മുസ്‌ലിം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി. കാന്തപുരത്തിന്റെ പൂര്‍വീകര്‍ അതും വേരോടെ പിഴുതെടുത്തു ദൂരെക്കളഞ്ഞു. അപ്പനപ്പൂപ്പന്മാരില്‍നിന്നു കിട്ടിയ ഇസ്‌ലാം വിരോധത്തിന്റെ വിഷാംശങ്ങളാണു പര്‍ദാവിരോധമായും ലിംഗസമത്വമായും ഡോ. ഫസലില്‍നിന്നു പുറത്തു വരുന്നത്, വിത്തു ഗുണം. അപ്പനപ്പൂപ്പന്മാരെ ഖബറടക്കുന്നതിനു മുമ്പ് കേരളത്തിലെ പണ്ഡിതന്മാര്‍ അവരുണ്ടാക്കിയ രണ്ടു പ്രസ്ഥാനങ്ങളെയും ഖബറടക്കിയതാണു ചുരുക്കത്തില്‍ ചരിത്രം. ഇതിപ്പോള്‍ തലവരിപ്പണം പിരിക്കുന്ന കോഴക്കോളജുകളാണ് ഇളമുറത്തമ്പുരാന്റെ പ്രസ്ഥാനം. കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്ന ഏര്‍പ്പാടായതുകൊണ്ട് എണ്ണപ്പാനിയുടെ മുകളിലിരിക്കുന്ന ഈ കുഞ്ഞനെലിയെ വെറുതെ വിടുക. സമുദായം പലതും സഹിക്കുന്നുണ്ട്, അക്കൂട്ടത്തില്‍ ഇതും എന്നു കരുതിയാല്‍ മതി. മക്കള്‍ നല്ല പാഠങ്ങള്‍ പഠിക്കേണ്ടത് മാതാപിതാക്കളില്‍നിന്നാണ്. ജന്‍ഡര്‍ ഇക്വാലിറ്റി സ്വന്തം ജീവിതത്തില്‍ നടപ്പാക്കിയ മാതാപിതാക്കളില്‍നിന്ന് ഒരു മകന്‍ പാഠമൊന്നും പഠിച്ചില്ല, കാലദോഷം എന്നല്ലാതെ എന്താണു പറയുക?
ഇനിയും ഒരു സംശയം, ഇസ്‌ലാമില്‍ മുങ്ങിക്കുളിക്കാന്‍ മാത്രം ലിംഗസമത്വം ഉണ്ടായിട്ടും എം ഇ എസിന്റെ സംസ്ഥാന കമ്മിറ്റിയില്‍ മരുന്നിനു മേമ്പൊടി ചേര്‍ക്കാന്‍ പോലും ഒരെണ്ണത്തെ കാണുന്നില്ലല്ലൊ വൈദ്യരേ! സ്വന്തം അന്തപുരവാസികളെ “കഫന്‍ ചെയ്തു” കാറിനു പിന്നില്‍ ഇരുത്തി കൊണ്ടുനടക്കുക, വിപ്ലവം നാട്ടിലെ പെണ്ണുങ്ങള്‍ക്ക്, ആശയം കൊള്ളാം. അല്ലെങ്കിലും തലവരിപ്പണം വീതം വെക്കുന്നിടത്ത് പെണ്ണുങ്ങള്‍ക്കെന്തു കാര്യം! ഏതായാലും സ്ത്രീകളുടെ സാമൂഹിക-ഭരണ ചരിത്രത്തിന് ഡോ. ഫസല്‍ പറഞ്ഞതുപോലെ റസിയാ സുല്‍ത്താന മികച്ച ഉദാഹരണമാണ്. അടിമവംശത്തിലെ ഈ ഒടുക്കക്കാരി എങ്ങനെ ഒടുങ്ങിയെന്നുകൂടി പറയേണ്ടതായിരുന്നു. ഒരു സാധാരണ സൈനികന്റെ തടിമിടുക്കു കണ്ടപ്പോള്‍ സുല്‍ത്താന വെറുമൊരു സ്ത്രീയായിപ്പോയി, ഫലം ഇന്ദ്രപ്രസ്ഥം വാണ ആദ്യത്തേയും അവസാനത്തേയും സുല്‍ത്താന ചോരയില്‍ മുങ്ങി അവസാനിച്ചു. അല്ല ഡോക്ടറെ, ഇതാണോ മാതൃക?
ലിംഗസമത്വവാദം വന്നപ്പോള്‍ സങ്കടത്തിലായ മറ്റൊരു പാര്‍ട്ടിയുണ്ട് കേരളത്തില്‍- ചേളാരി സമസ്ത. രാഷ്ട്രീയക്കാരുടെ വാലില്‍ കെട്ടിത്തൂക്കിയിട്ട ഈ സമസ്തയിപ്പോള്‍ ചെകുത്താനും കടലിനുമിടക്കാണ്. ഇസ്‌ലാമില്‍ ലിംഗസമത്വമില്ലെന്നു കോഴിക്കോട്ട് വെച്ചു കാന്തപുരം പറഞ്ഞപ്പോള്‍ അതേ ദിവസം കൊച്ചിയില്‍ വെച്ച് ഇവരുടെ സമസ്ത ഉപാധ്യക്ഷനും യുവജന വിഭാഗം അധ്യക്ഷനും നാന്നൂറു മഹല്ലുകളുടെ ഖാസിയുമായ ആദരണീയനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ലിംഗസമത്വമുണ്ടെന്നു പ്രസംഗിച്ചു. കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തിലും മുസ്‌ലിം സ്ത്രീകള്‍ പൊതുരംഗത്തും ഭരണതലത്തിലും വരണമെന്നാണ് ഹൈദരലി തങ്ങള്‍ പറഞ്ഞത്. പല പത്രങ്ങളും ഒറ്റപ്പേജില്‍ അടുത്തടുത്തായി രണ്ട് വാര്‍ത്തകളും കൊടുത്തു. ചില ചാനലുകള്‍ ഒറ്റശ്വാസത്തില്‍ ആ സമസ്തയുടെയും ഈ സമസ്തയുടെയും നിലപാട് വാര്‍ത്തയായി വായിച്ചു. ഇതോടെ ആ സമസ്ത ശരിക്കും ആപ്പിലായി.
“മുസ്‌ലിം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് ഇസ്‌ലാമിക വിരുദ്ധം” ആണെന്ന് 2000 മെയ് 26നു കോഴിക്കോട്ടു ചേര്‍ന്ന ഇവരുടെ മുശാവറ പ്രഖ്യാപിച്ചിരുന്നു. “ചന്ദ്രിക” ഉള്‍പ്പെടെ മിക്ക മലയാള പത്രങ്ങളിലും ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ വന്നതുമാണ്. അന്നത്തെ ഉപാധ്യക്ഷന്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങളായിരുന്നു യോഗാധ്യക്ഷന്‍. അന്നത്തെ മുശാവറയുടെയും ഉപാധ്യക്ഷന്റെയും തീരുമാനത്തിനെതിരെയാണ് നിലവിലെ ഉപാധ്യക്ഷന്റെ പ്രഖ്യാപനം. അന്നത്തെ തീരുമാനം തിരുത്തണോ ഇന്നത്തെ ഉപാധ്യക്ഷനെ തിരുത്തണോ എന്നു നിശ്ചയമില്ലാതെ തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലാണ് ആ സമസ്ത. ഒരു വാര്‍ഡിലെ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ നാവെടുത്തതിനാണ് ആ പക്ഷത്തെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയെ മിനുട്ടുകള്‍ക്കകം നുള്ളിയെടുത്തു പുറത്തിട്ടത്. സമസ്തയുടെയും ഇസ്‌ലാമിന്റെയും പ്രഖ്യാപിത നയത്തിനെതിരെ ഇപ്പോഴിതാ സംസ്ഥാന പ്രസിഡന്റ് തന്നെ പ്രസംഗിച്ചിരിക്കുന്നു. നടപടിയെടുക്കാന്‍ പോയിട്ട് ഒന്നു കരയാന്‍ പോലും കഴിയാതെ ഇവരുടെ ജംഇയ്യത്തുല്‍ഉലമ ശരിക്കും “ജംഇയ്യത്തുല്‍ ഊമ”യായിരിക്കുന്നു!
വിശ്വാസികള്‍ക്കിടയില്‍ മതപരമായ വിഷയത്തില്‍ ഒരു തര്‍ക്കമോ സംശയമോ ഉടലെടുത്താല്‍ നിവാരണത്തിനു സമീപിക്കേണ്ടത് അവരുടെ ഖാസിമാരെയാണ്. സ്ത്രീ പൊതുരംഗപ്രവേശത്തെയും അധികാരവാഴ്ചയെയും സ്ത്രീസമത്വത്തെയും കുറിച്ച് നാന്നൂറു മഹല്ലുകളിലൊന്നില്‍നിന്നു മതവിധി(ഫത്‌വഃ) ചോദിച്ച് ഒരാള്‍ വന്നാല്‍ ഈ ഖാസി എന്തു ഫത്‌വഃയാണു നല്‍കുക? ലീഗ് ഫത്‌വഃയോ സമസ്ത ഫത്‌വഃയോ? പാണക്കാട് സയ്യിദന്മാരെ കുറ്റം പറയാനാകില്ല, സേവപിടിക്കാന്‍ എല്ലാം കെട്ടിപ്പേറി അങ്ങോട്ടുകൊണ്ടുചെ ന്നു കൊടുക്കുമ്പോള്‍ ആലോചിക്കേണ്ടതായിരുന്നു.
പാണക്കാട് സയ്യിദന്മാരെ സംബന്ധിച്ചിടത്തോളം ഒന്നാമത്തെ പരിഗണന പാര്‍ട്ടി നയങ്ങള്‍ക്കാണ്. ഇന്നത്തെ നിലക്കു ലീഗിന്റെ രാഷ്ട്രീയ നിലപാടിനൊപ്പം നില്‍ക്കാനേ അവര്‍ക്കു കഴിയൂ. ചേളാരി സമസ്തയെന്നതു വഴിച്ചെലവിനു കൂടെക്കൂട്ടിയ ഏര്‍പ്പാടാണ്. ഒരു സമസ്തക്ക് പഞ്ചായത്ത് വാര്‍ഡിന്റെ വിലനിലവാരം പോലും ഇല്ലാതായിരിക്കുന്നു. സഹതാപം കൊണ്ടു പറയുകയാണ്- ആന്തരിക വൈരുധ്യങ്ങളുടെയും വീക്ഷണവൈജാത്യങ്ങളുടെയും ദ്രുവങ്ങളില്‍നിന്നുകൊണ്ട് ഇവ്വിധം നാണം കെടാതെ പിരിച്ചുവിടുകയാണ് ഇനി നല്ലത്. അങ്ങനെ സംഭവിച്ചാല്‍ അതൊരു ദയാവധമായിട്ടേ സമൂഹം കാണൂ. പടച്ച റബ്ബ് കാത്തു, 1989ല്‍ ഇറങ്ങിപ്പോരാനുള്ള ദീര്‍ഘദൃഷ്ടി കാണിച്ച മഹത്തുക്കള്‍ക്കു നന്ദി. അന്നത്തെ സംഭവങ്ങളെ ഇനിയാരും “നിര്‍ഭാഗ്യകരം” എന്നു വിശേഷിപ്പിക്കരുത്. താജുല്‍ ഉലമയും കാന്തപുരവും പടച്ച തമ്പുരാന്റെ തീരുമാനമാണ്. കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ സ്ഥിതിക്ക് ഇനി ചേളാരി സമസ്തക്കാര്‍ മുങ്ങി നടക്കരുത്. ജനങ്ങളുടെ ന്യായമായ സംശയങ്ങള്‍ക്കു മറുപടിയുണ്ടാക്കണം. നാക്കിനു നാലുമുഴം നീളമുള്ള പത്രസമ്മേളന വിദഗ്ധന്മാരെവിടെ? പാര്‍ട്ടിപ്പത്രം ഇടം അനുവദിക്കാതിരുന്നതുകൊണ്ടാണു കാന്തപുരത്തിനു മറുപടി പറയാതിരുന്നതെന്നായിരുന്നല്ലോ പരാതി. ഇപ്പോഴൊരു പത്രവും പന്ത്രണ്ടു പേജുകളുമുണ്ട്. എന്തേ മറുപടിയില്ല? ഉരിയാടാ സമസ്തക്ക് ഊമപ്പത്രം, നല്ല ചേര്‍ച്ച! (തുടരും)
+91 9400501168