മുല്ലപ്പെരിയാറും കേരളവും

Posted on: December 10, 2015 4:08 am | Last updated: December 9, 2015 at 8:17 pm

മുല്ലപ്പെരിയാര്‍ ഭീഷണിയില്‍ നിന്ന് ഇടുക്കിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ എന്നാണ് മോചിതരാകുക? മധ്യകേരളത്തില്‍ സാമാന്യം നന്നായി മഴ പെയ്താല്‍ അവര്‍ക്ക് ഉറക്കം നഷ്ടപ്പെടുകയായി. ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ചുണ്ടാക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 120 വര്‍ഷത്തോളം പഴക്കമുണ്ട്. ഇത്തരം അണക്കെട്ടുകള്‍ക്ക് 50 കൊല്ലത്തിലധികം ആയുസ്സില്ലെന്നാണ് 1896ല്‍ ഈ അണക്കെട്ടിന്റെ നിര്‍മാണം കഴിഞ്ഞയുടനെ ബ്രിട്ടീഷുകാരനായ അതിന്റെ ശില്‍പ്പി ബെന്നി കുക്ക് പറഞ്ഞത്. ഈ കാലാവധിക്ക് ശേഷം പിന്നെയും 70 വര്‍ഷത്തോളം കടന്നുപോയി. അണക്കെട്ടില്‍ വിള്ളലും ചോര്‍ച്ചയും പ്രത്യക്ഷപ്പെടുകയും ഇതിന്റെ സുരക്ഷയെക്കുറിച്ചു സന്ദേഹം ഉടലെടുക്കുകയും ചെയ്തു. 2011ല്‍ ഇടുക്കിയില്‍ തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങള്‍ ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തിയിലുമാക്കി. അണക്കെട്ടിനെന്തെങ്കിലും അപകടം പിണഞ്ഞാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം പേര്‍ക്ക് കനത്ത നാശനഷ്ടം സംഭവിക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതിനൊരു പരിഹാരം തേടി കേരളം കോടതികളെ സമീപിച്ചു. ഇത് വരെ പരിഹാരമായില്ല. കേസ് നടത്തിപ്പുകളിലെ അപാകം മൂലം വിധികളെല്ലാം കേരളത്തിന് പ്രതികൂലമാകുകയായിരുന്നു. ഇപ്പോള്‍ മുന്നറിയിപ്പ് കൂടാതെ അണക്കെട്ടുകള്‍ തുറന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കാവേലി നദീജല തര്‍ക്കം പോലെ കേവലം പരസ്പരം പങ്കിട്ടെടുക്കുന്ന വെള്ളത്തിന്റെ അളവുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല മുല്ലപ്പെരിയാറിലേത്. ലക്ഷക്കണക്കിനാളുകളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ഗുരുതര പ്രശ്‌നമാണത്. പെരിയാറില്‍ നിന്നു കരാര്‍ പ്രകാരം വെള്ളം നല്‍കുന്നതിന് കേരളം തടസ്സം പറയുന്നില്ല. അണക്കെട്ടിന്റെ കാലപ്പഴക്കം സൃഷ്ടിക്കുന്ന ഭീഷണിക്ക് പരിഹാരം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. ഇക്കാര്യത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. പ്രശ്‌ന പരിഹാരം ഇപ്പോഴും അകലെയാണെന്നാണ് തമിഴ്‌നാടിന്റെ നിഷേധാത്മക നിലപാടുകള്‍ നല്‍കുന്ന സൂചന.
സംസ്ഥാനം മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ക്കും വലിയൊരളവോളം ഇതില്‍ ഉത്തരവാദിത്വമുണ്ട്. 1886 ഒക്ടോബര്‍ 26ന് ബ്രിട്ടീഷ് അധീനതയിലുള്ള മദ്രാസ് പ്രസിഡന്‍സിയും തിരുവിതാംകൂര്‍ നാട്ടുരാജ്യവും തമ്മില്‍ ഒപ്പ് വെച്ച മുല്ലപ്പെരിയാര്‍ കരാര്‍ രാജ്യം സ്വാതന്ത്ര്യമായതോടെ കാലാഹരണപ്പെട്ടതാണ്. കരാര്‍ പുതുക്കുമ്പോള്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ വ്യവസ്ഥകള്‍ അതിലുള്‍പ്പെടുത്തിയിരുന്നെങ്കില്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കാമായിരുന്നു. എന്നാല്‍ 1970ല്‍ അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലത്ത് നിലവില്‍ വന്ന പുതിയ കരാറില്‍ അത്തരം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നതില്‍ കേരളം ഗുരുതരമായ വീഴ്ചയാണ് കാണിച്ചത്. പിന്നീട് 1979ല്‍ കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാനും തമിഴ്‌നാട,് കേരള സാങ്കേതിക വിദഗ്ധരും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പുതിയ ഡാം വേണമെന്ന തീരുമാനത്തിലെത്തിയിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ അത് അംഗീകരിച്ചതുമാണ്. കേരളത്തില്‍ കെ കരുണാകരനും തമിഴ്‌നാട്ടില്‍ എം ജി ആറും ഭരിക്കുന്ന ഘട്ടത്തിലാണ് ഇരുസംസ്ഥാനങ്ങളും ഇതു സംബന്ധിച്ചു ധാരണയിലായത്. ഇതിനുള്ള സര്‍വെ നടപടികള്‍ക്കും അന്ന് തുടക്കമിട്ടിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ കേരളം പിന്നോട്ട് പോയതോടെ ആ സുവര്‍ണാവസരവും നഷ്ടമാകുകയായിരുന്നു. അടുത്ത കാലത്തായി മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് അടിക്കടി കേരളത്തിന് തിരിച്ചടി നേരിടുന്നതിന് പിന്നിലും കേരളത്തിന്റെ അനാസ്ഥയാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.1979ലെ സംയുക്ത പരിശോധനയിലെ പുതിയ ഡാമിനുളള തീരുമാനം സുപ്രീം കോടതിയില്‍ അവതരിപ്പിക്കാതിരുന്നതാണ് 2006ല്‍ ജലനിരപ്പിന്റെ അളവ് സംബന്ധിച്ച കേസില്‍ തമിഴ്‌നാടിന് അനുകൂലമായ സുപ്രീം കോടതിവിധിക്ക് കാരണമായതെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതാണ്. 1988ല്‍ പുതുക്കേണ്ടിയിരുന്ന പറമ്പിക്കുളം- ആളിയാര്‍ നദീജല കരാര്‍ ഇതുവരെ പുതുക്കാന്‍ സാധിക്കാതെ വന്നതും സംസ്ഥാനത്തിന്റെ വീഴ്ച മൂലമാണല്ലോ.
ജലനിരപ്പും ജനവികാരവും ഉയരുമ്പോള്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയോ വേണ്ടത്ര തയ്യാറെടുപ്പില്ലാതെ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്തതുകൊണ്ട് പരിഹൃതമാകില്ല പ്രശ്‌നം. കോടതികള്‍ കയറിയിറങ്ങുന്നതിനേക്കാള്‍ രാഷ്ട്രീയ പരിഹാരത്തിന്റെ വഴിയാണ് അഭികാമ്യം. സുപ്രീം കോടതി നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയിലുള്ള തര്‍ക്ക പ്രശ്‌നത്തില്‍ നീതിപൂര്‍വമായ തീരുമാനമുണ്ടാക്കാനുള്ള ബാധ്യത കേന്ദ്രത്തിനുമുണ്ട്. തമിഴ്‌നാട് നിരന്തര സമ്മര്‍ദങ്ങളിലൂടെ അവരുടെ ആവശ്യങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കുമ്പോള്‍, തങ്ങളുടെ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രശനങ്ങളില്‍ നിന്ന് തലയൂരാനുള്ള വഴികളന്വേഷിക്കുന്ന തിരക്കിലാണ് നമ്മുടെ സര്‍ക്കാറും പാര്‍ട്ടികളും. അതിനിടയില്‍ മുല്ലപ്പെരിയാര്‍ പോലുള്ള സുപ്രധാന വിഷയങ്ങളിലെ ഇടപെടല്‍ കേവലമൊരു വഴിപാടായി മാറുകയാണ്.