അതിരപ്പിള്ളി: പാരിസ്ഥിതിക അനുമതി പുനഃസ്ഥാപിച്ചു

Posted on: December 9, 2015 11:34 pm | Last updated: December 9, 2015 at 11:34 pm

ATHIRAPPALLIന്യൂഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന് അനുകൂല നിലപാടുമായി വീണ്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് 2010 ല്‍ റദ്ദാക്കിയ പരിസ്ഥിതി അനുമതി പുനഃസ്ഥാപിച്ചു കൊണ്ടാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍. ഇതു സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം കെ എസ് ഇ ബിക്ക് കത്തയച്ചു. കത്ത് ലഭിച്ച കാര്യം സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്.
പദ്ധതിക്ക് നേരത്തെ അനുവദിച്ച ശേഷം പിന്‍വലിച്ച പാരിസ്ഥിതിക അനുമതി പുനഃസ്ഥാപിക്കണമെന്ന കെ എസ് ഇ ബിയുടെ ആവശ്യം കഴിഞ്ഞ ആഗസ്റ്റില്‍ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അംഗീകരിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെയും കോടതിയുടെയും ഇടപെടലിനെ തുടര്‍ന്ന് അനുമതി പിന്‍വലിക്കാനായി 2010 ല്‍ കെ എസ് ഇ ബിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് വിദഗ്ധ സമിതി മന്ത്രാലയത്തിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2010ല്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിച്ച് മന്ത്രാലയം പുതിയ ഉത്തരവിട്ടിരിക്കുന്നത്. അതോടൊപ്പം 2012ല്‍ പൂര്‍ത്തിയായ അനുമതിയുടെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട്. 2007ല്‍ നല്‍കിയ പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2012ല്‍ അവസാനിച്ച സാഹചര്യത്തിലാണ് അഞ്ച് വര്‍ഷത്തേക്ക് മന്ത്രാലയം നീട്ടി നല്‍കിയത്. കാലാവധി 2017 വരെ ഉണ്ടാകുമെന്നാണ് കെ എസ് ഇ ബിക്ക് അയച്ച കത്തില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്.
1982ലാണ് അതിരപ്പിള്ളിയില്‍ 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് കേരള സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. പദ്ധതി നടപ്പാക്കിയാല്‍ ജൈവവൈവിധ്യത്തെയും നീരൊഴുക്കിനെയും ആദിവാസികളുടെ ആവാസവ്യവസ്ഥയെയും ബാധിക്കുമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദത്തെ മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നേടിയിരിക്കുന്നത്. പരിസ്ഥിതി അനുമതി പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും, മന്ത്രിസഭാ യോഗവും യു ഡി എഫ് ഏകോപന സമിതിയും കൂടിയാലോചിച്ച ശേഷമേ ഇതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. ആവശ്യമെങ്കില്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.