‘ഷാര്‍ജ സകൂള്‍ കെട്ടിടം കരാര്‍; ആരോപണം വ്യക്തിവിരോധം തീര്‍ക്കാന്‍’

Posted on: December 8, 2015 8:41 pm | Last updated: December 8, 2015 at 8:41 pm
SHARE

aslamഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സ്‌കൂള്‍ നിര്‍മാണ ടെണ്ടറുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ തികച്ചും വ്യക്തിവൈരാഗ്യം തീര്‍ക്കാനാണെന്ന് ഷാര്‍ജ അസോസിയേഷന്‍ അംഗം പി എ അസ്‌ലം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
’30 വര്‍ഷമായി അസോസിയേഷനില്‍ സജീവ സാന്നിധ്യമായ ഞാന്‍ എന്നും അനീതിക്കും അഴിമതിക്കും എതിരെ വ്യക്തമായ നിലപാടുകള്‍ എടുത്ത വ്യക്തിയാണ്. ഇന്നും ഞാനത് തുടരുന്നു.
അസോസിയേഷന്റെ കീഴില്‍ പുതിയ സ്‌കൂള്‍ നിര്‍മാണ കരാര്‍ നല്‍കിയത് 17 അംഗ ഭരണ സമിതിയും ടെക്‌നിക്കല്‍ കമ്മിറ്റിയും രണ്ട് മുന്നണികളിലെയും പ്രതിനിധികളും ചേര്‍ന്നാണ്. നിരവധി ചര്‍ച്ചകള്‍ക്കും കരാറുകാരനുമായി വിലപേശല്‍ നടത്തിയും എല്ലാവരും കൂടി എടുത്ത ഐക്യകണ്‌ഠ്യേനയുള്ള തീരുമാനമായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ കമ്മിറ്റിയില്‍ വെറും ജോയിന്റ് സെക്രട്ടറിയായിരുന്ന എന്റെ പങ്ക് എന്താണെന്ന് അത് പറഞ്ഞവര്‍ തന്നെ വ്യക്തമാക്കേണ്ടിയിരിക്കുന്നു.
അസോസിയേഷന്റെ പരമാധികാര സഭ 17 പേരടങ്ങുന്ന മാനേജിംഗ് കമ്മിറ്റിയാണെങ്കിലുംകാര്യങ്ങള്‍ നടത്തുന്നത് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരായിരിക്കെ ഞാനെന്ന വ്യക്തിക്ക് ഒറ്റക്ക് എന്തു തീരുമാനമാണ് എടുക്കാന്‍ പറ്റുക എന്നും എല്ലാവരും മനസിലാക്കേണ്ടതുണ്ട്. എന്നും അനീതിക്കെതിരെ പോരാടുന്ന എന്നെ മനഃപൂര്‍വം വ്യക്തിഹത്യ നടത്തുകയാണ് ഭാരവാഹികള്‍ ചെയ്യുന്നത്.
ഇപ്പോള്‍ എനിക്ക് നേരെ ഉയര്‍ന്നിട്ടുള്ള ഈ ആരോപണങ്ങള്‍ ഞാന്‍ ശക്തിയുക്തം എതിര്‍ക്കുന്നു. മാത്രവുമല്ല, ഏത് അന്വേഷണവും നേരിടാനും തയ്യാറുമാണ്. സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം ഞാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴിലാണെങ്കില്‍ അത് ഏറ്റവും നന്നായിരിക്കും. ഒരു ഭയവുമില്ലാതെ ഞാനതിനെ സ്വാഗതം ചെയ്യുന്നു. എന്നെ മനഃപൂര്‍വം കരിവാരിത്തേക്കാന്‍ കച്ചകെട്ടിയിറങ്ങിയ ചിലരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തിയാല്‍ എനിക്ക് നീതി ലഭിക്കുമെന്നും ഉറപ്പാണ്. മാത്രവുമല്ല, അസോസിയേഷന്റെ മറ്റുപല ഇടപാടുകളും അവിടെ നടന്നുകൊണ്ടിരിക്കുന്ന അനാരോഗ്യകരമായ പ്രവണതകളും അതിനെക്കുറിച്ച് നീതിയുക്തവുമായ അന്വേഷണം കൂടി ഇതോടൊപ്പം നടത്തേണ്ടതുണ്ട്.
ഞാന്‍ വ്യക്തിപരമായി ഇന്ത്യന്‍ അസോസിയേഷന്‍ കൊണ്ട് ജീവിക്കുന്നയാളല്ല. എന്നാല്‍ ഈ അസോസിയേഷന്‍കൊണ്ട് ജീവിക്കുന്ന വല്ലവരും ഉണ്ടെങ്കില്‍ അവരുടെ സാമ്പത്തിക സ്രോതസ് കൂടി അന്വേഷണവിധേയമാക്കണം.
അസോസിയേഷന്റെ തിന്മകള്‍ക്കെതിരെ എന്നും തുറന്നുപറയുന്ന, അതിനെ ശക്തിയുക്തം എതിര്‍ക്കുന്ന എന്റെ വായ മൂടിക്കെട്ടാനുള്ള ചില ക്ഷുദ്രശക്തികളുടെ ഗുഢതന്ത്രമായി മാത്രമേ ഞാനിനിതിനെ കാണുന്നുള്ളൂ” അസ്‌ലം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here