Connect with us

Editorial

സത്യസന്ധരോട് പകയോ?

Published

|

Last Updated

പോലീസ് തലപ്പത്തെ അഴിച്ചുപണി ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ജയില്‍ ഡി ജി പി ലോക്‌നാഥ് ബഹ്‌റയെ ഫയര്‍ഫോഴ്‌സിലേക്ക് മാറ്റിയതും സീനിയോറിറ്റി മറികടന്നുള്ള വിജിലന്‍സ് ഡയറക്ടര്‍ നിയമനവുമാണ് കൂടുതല്‍ വിവാദമായത്. എ ഡി ജി പി വഹിക്കേണ്ട തസ്തികയാണ് ഫയര്‍ ഫോഴ്‌സ് മേധാവി പദവി. ഡി ജി പി റാങ്കിലുള്ള ബെഹ്‌റയെയാണ് ഈ സ്ഥാനത്ത് പുതുതായി നിയമിച്ചത്. അതേസമയം എ ഡി ജി പി പദവിയിലുള്ള ശങ്കര്‍ റെഡ്ഡിയെ ഡി ജി പി പദവിയുള്ള വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. ഈ നിയമനങ്ങളില്‍ പ്രതിഷേധിച്ച് ബെഹ്‌റ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നു. ഋഷിരാജ് സിംഗും ജയില്‍ ഡി ജി പിയുടെ ചുമതല ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയും പുതിയ നിയമനങ്ങളുടെ ഔചിത്യം ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയുമുണ്ടായി. ചീഫ് സെക്രട്ടറി ജിജി തോംസണും ഈ നിയമനങ്ങളോട് വിയോജിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് കേഡര്‍ ചട്ടം മാനിക്കാതെയാണെന്നും ആഭ്യന്തരമന്ത്രിയുടെ നിര്‍ബന്ധം മൂലമാണ് ഉത്തരവിറക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും നിയമന ഉത്തരവില്‍ അദ്ദേഹം രേഖപ്പെടുത്തി. അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും ചീഫ് സെക്രട്ടറിയുടെ നിലപാടിനെ പിന്തുണക്കുന്നുണ്ട്. ഇത് സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിലാക്കിയിട്ടുണ്ട്. ലോക്‌നാഥ് ബെഹ്‌റയുടെ പുതിയ നിയമനം ഫലത്തില്‍ തരംതാഴ്ത്തലാണ്. സോളാര്‍ കേസില്‍ ഇടപെട്ട പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനെ ശാസിച്ചതിന്റെ പേരിലാണ് ഇകഴ്ത്തലെന്ന ആരോപണവും ഉണ്ട്.
ഭരണം കാര്യക്ഷമവും വകുപ്പുകളുടെ പ്രവര്‍ത്തനം ഊര്‍ജ്വസ്വലവുമാക്കാനാണ് സാധാരണ ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചുപണി നടത്താറുള്ളത്. ഇതിന് പകരം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യം മാനിക്കുന്നവരെ നിയമിക്കാന്‍ നടത്തിയ വഴിവിട്ട കളിയാണ് വിവാദമായ അഴിച്ചുപണിക്ക് വഴിയൊരുക്കിയത്. ചട്ടപ്രകാരം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിക്കേണ്ടത് ഡി ജി പി തസ്തികയിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ്. ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ് എന്നിവരാണ് ഈ വിഭാഗത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ഉദ്യോഗസ്ഥര്‍. നിയമം നടപ്പാക്കുന്നതില്‍ ഒത്തുതീര്‍പ്പിന് വഴങ്ങാത്തവരാണ് ഈ മൂന്ന് പേരും. ബാര്‍കോഴ ഉള്‍പ്പെടെ സര്‍ക്കാറിന്റെ നിലനില്‍പ്പിനെ പോലും ബാധിച്ചേക്കാവുന്ന കേസുകളാണ് നിലവില്‍ വിജിലന്‍സ് അന്വേഷിച്ചു വരുന്നതെന്നിരിക്കെ ഇവരിലാരെങ്കിലും അതിന്റെ തലപ്പത്ത് വരുന്നത് അപകടമാണെന്ന വിലയിരുത്തലിലാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയത്.
ചീഫ് സെക്രട്ടറിയുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ ഒന്നടങ്കം പ്രതിഷേധിച്ചിട്ടും പുതിയ നിയമനം പുനഃപരിശോധിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ആഭ്യന്തരമന്ത്രി. അതേസമയം, കേഡര്‍ ചട്ടം മറികടന്നുള്ള ഉത്തരവിനെതിരെ പോലീസ് തലപ്പത്ത് പ്രതിഷേധം ശക്തവുമാണ്. ഇത്തരം നടപടികളും പുതിയ കീഴ്‌വക്കഴങ്ങളും അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥ മേഖല. ഭാവിപരിപാടികള്‍ ആലോചിക്കാന്‍ തിങ്കളാഴ്ച ഐ പി എസ് അസോസിയേഷന്‍ യോഗം ചേരുന്നുണ്ട്. അതോടെ ജൂനിയര്‍ ഐ പി എസ് ഉദ്യോഗസ്ഥരും സീനിയര്‍ ഉദ്യോഗസ്ഥരെ പിന്തുണച്ച് രംഗത്ത് വരുമെന്നാണ് സൂചന. ഇതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകും.
ഡയറക്ടര്‍ക്ക് പുറമെ രണ്ട് എ ഡി ജി പി തസ്തികയുമുണ്ട് വിജിലന്‍സില്‍. അതിലൊന്നില്‍ ശങ്കര്‍ റെഡ്ഡിയെ നിയമിക്കുകയും ഡയറക്ടര്‍ സ്ഥാനത്ത് കേഡര്‍ പദവിയിലുള്ള മൂന്ന് പേരിലൊരാളെ നിയമിക്കുകയും ചെയ്താല്‍ വിവാദം ഒഴിക്കാമായിരുന്നതാണ്. തങ്ങളുടെ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ക്ക് വിലങ്ങുതടിയായേക്കുമെന്നതാണ് ഇവരില്‍ സര്‍ക്കാര്‍ കാണുന്ന ന്യൂനത. നാടിന്റെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയായിരുന്നു മുന്‍കാലങ്ങളില്‍ പ്രധാന തസ്തികകളില്‍ നിയമിച്ചിരുന്നത്. ഇപ്പോഴത്തെ ഭരണകൂടങ്ങള്‍ക്ക് അത്തരം ഉദ്യോഗസ്ഥരെ വേണ്ട. മാഫിയകളെ സംരക്ഷിക്കുന്നവരും അവരുടെ താത്പര്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്നവരെയുമാണ് ഇന്നവര്‍ക്കാവശ്യം. ജേക്കബ് തോമസ് ബാര്‍കോഴക്കേസ് സത്യസന്ധയോടെ കൈകാര്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ വിജിലന്‍സില്‍ നിന്നു നീക്കി. ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിക്കപ്പെട്ട അദ്ദേഹത്തെ ഫഌറ്റ് മാഫിയയുടെ താത്പര്യം സംരക്ഷിക്കാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ അവിടെ നിന്നും തുരത്തി. ജേക്കബ് തോമസിന്റെ നിലപാടുകളെ ശരിവെച്ച കാരണത്താല്‍ പിന്നീട് ഫയര്‍ ഫോഴ്‌സ് മേധാവിയായി നിയമിതനായ അനില്‍കാന്തിനും കൂടുതല്‍ നാളുകള്‍ തുടരാനായില്ല. ഉദ്യോഗസ്ഥരൊന്നും ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കാതായപ്പോള്‍ അവസാനം ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണ ചട്ടങ്ങള്‍ തന്നെ ഫഌറ്റ് മാഫിയക്ക് അനുകൂലമായി മാറ്റുകയായിരുന്നു സര്‍ക്കാര്‍. വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗം ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി കേന്ദ്രം ആവിഷ്‌കരിച്ച ചട്ടങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ജോക്കബ് തോമസിന്റെയും അനില്‍കാന്തിന്റെയും സ്ഥലം മാറ്റത്തിന്റെ പൊരുള്‍ കൂടുതല്‍ വ്യക്തമായി. ഇത്തരം താത്പര്യങ്ങള്‍ തന്നെയാണ് പോലീസ് തലപ്പത്തെ പുതിയ അഴിച്ചുപണികള്‍ക്ക് പിന്നിലും.