Connect with us

Gulf

ആരോപണങ്ങളെ നിഷ്പ്രഭമാക്കി ലോകകപ്പിനായി തയ്യാറെടുപ്പുകള്‍

Published

|

Last Updated

ദോഹ: 2022 ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാനുള്ള നടപടികളുമായി ഖത്വര്‍ ശരിയായ ദിശയില്‍ മുന്നേറുകയാണെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്വറിന്റെ അവകാശത്തെ ചോദ്യം ചെയ്തുള്ള ഉപരിപ്ലവ പ്രചാരണങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള പദ്ധതികളും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് രാജ്യത്ത് നടക്കുന്നത്. ലോകകപ്പ് ആതിഥേയത്വത്തിനുള്ള നറുക്കെടുപ്പില്‍ വിജയിച്ചതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസൂത്രണം ചെയ്ത പദ്ധതികള്‍ അനുസരിച്ചുള്ള വികസനങ്ങളാണ് നടക്കുന്നത്. പുറം പ്രചാരണങ്ങള്‍ ശ്രദ്ധിക്കാതെ പദ്ധതികള്‍ നടപ്പാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധ. എണ്ണ വിലയിലെ മാറ്റങ്ങളൊന്നും വികസനപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ എപ്പോള്‍ ഉയര്‍ന്നുവന്നാലും അതിനെ നേരിടാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
വിദേശ മാധ്യമങ്ങളില്‍ പലപ്പോഴും കടന്നുവരുന്ന തൊഴിലാളി പ്രശ്‌നങ്ങളെ സംബന്ധിച്ച് അന്താരാഷ്ട്ര സംഘടനകളുമായും മറ്റും നിരന്തരം ബന്ധപ്പെടുകയും വ്യക്തത വരുത്തുകയും ചെയ്യുന്നുണ്ട്. സര്‍ക്കാറും തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയവും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വലിയ കായിക മേളകള്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ അനുഭവവും പരിചയവും പങ്കുവെക്കുക കൂടി ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം 2016 അവസാനത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് എസ് സി ടെക്‌നിക്കല്‍ ഓഫീസ് മേധാവി ഹിലാല്‍ അല്‍ കുവാരി പറഞ്ഞു. മറ്റ് സ്റ്റേഡിയങ്ങള്‍ക്കുള്ള ടെന്‍ഡറുകള്‍ അടുത്ത വര്‍ഷം വിളിക്കും.
എല്ലാ സ്റ്റേഡിയങ്ങളും 2020ഓടെ പ്രവര്‍ത്തനസജ്ജമാകും. നിര്‍മാണത്തിലിരിക്കുന്ന സ്റ്റേഡിയങ്ങള്‍ എസ് സി സംഘം സന്ദര്‍ശിച്ച് വിലയിരുത്തി. ലോകകപ്പിന്റെ ഉദ്ഘാടനവും ഫൈനല്‍ മത്സരവും ലുസൈല്‍ സ്റ്റേഡിയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.