Connect with us

Ongoing News

സംസ്ഥാന സ്‌കൂള്‍ കായികമേള അഞ്ചിന് തുടങ്ങും

Published

|

Last Updated

കോഴിക്കോട്: 22 വര്‍ഷത്തിന് ശേഷം ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേള ചരിത്ര സംഭവമാക്കാന്‍ കോഴിക്കോട് ഒരുങ്ങി. 51-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് മെഡിക്കല്‍ കോളജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ അഞ്ചിന് തുടക്കമാകും. അഞ്ച് മുതല്‍ എട്ട്‌വരെ തീയതികളിലായി 95 ഇനങ്ങളില്‍ നടക്കുന്ന പോരാട്ടത്തിന് 2650 കൗമാര കായിക താരങ്ങള്‍ പങ്കെടുക്കും. പുത്തന്‍ താരോദങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കൗമാര മേളക്ക് മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ അന്താരാഷ്ട നിലവാരത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ സിന്തറ്റിക് ട്രാക്കിലാണ് മത്സരങ്ങള്‍. ഇന്ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം നാളെ വൈകീട്ട് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ എത്തിച്ചേരും. രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ നല്‍കുന്ന സ്വീകരണത്തിന് ശേഷം നൂറുകണക്കിന് അത്‌ലറ്റുകളുടെ അകമ്പടിയോടെ സ്റ്റേഡിയത്തില്‍ എത്തുന്ന ദീപശിഖ ഒളിമ്പ്യന്‍ പി ടി ഉഷ ഏറ്റുവാങ്ങും. ശനിയാഴ്ച രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ വിശ്വലത പതാക ഉയര്‍ത്തുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടമാണ് ആദ്യ ഇനം. വൈകുന്നേരം മൂന്നരക്ക് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ അധ്യക്ഷതയില്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എം കെ മുനീറിന് പുറമെ ജില്ലയില്‍ നിന്നുള്ള മറ്റ് ജനപ്രതിനിധികളും പൊതുവിദ്യാഭ്യാസ ഡയറക്ടറും സംബന്ധിക്കും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് കലാപ്രകടനങ്ങളും ദൃശ്യാവിഷ്‌കാരങ്ങളും ഒരുക്കിയിട്ടുണ്ട്. 59-ാമത് മേളയുടെ പ്രതീകമായി 59 വെള്ളരിപ്രാവുകളെ വാനില്‍ പറത്തും.
മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വീകരിക്കാന്‍ റെയില്‍വേസ്‌റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കും. ഇതിനായി ഹെല്‍പ് ഡെസ്‌ക് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ദേവഗിരി സാവിയോ ഹൈസ്‌കൂളിലാണ് ഊട്ടുപുര. മേളയുടെ രജിസ്‌ട്രേഷന്‍ നാളെ മുതല്‍ മാനാഞ്ചിറ ബി ഇ എം ഗേള്‍സ് എച്ച് എസ് എസില്‍ ആരംഭിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്റ്റേഡിയത്തില്‍ സൗകര്യമൊരുക്കും. എട്ടിന് വൈകുന്നേരം 4.30നു നടക്കുന്ന സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ് ഉദ്ഘാടനം ചെയ്യും.
മേളയുടെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെ അധ്യക്ഷതയില്‍ 17 സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചതായി സംഘാടക സമിതി ചെയര്‍മാന്‍ വി കെ സി മമ്മദ്‌കോയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.