ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോക്ക് ഉജ്ജ്വല തുടക്കം

Posted on: December 2, 2015 5:02 pm | Last updated: December 3, 2015 at 7:44 pm
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്ത്യന്‍ പ്രോപ്പര്‍ട്ടിഷോ അര്‍ബാസ് ഖാന്‍  ഉദ്ഘാടനം ചെയ്യുന്നു
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്ത്യന്‍ പ്രോപ്പര്‍ട്ടിഷോ അര്‍ബാസ് ഖാന്‍
ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഡിസംബര്‍ മൂന്നുവരെ നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ പ്രോപര്‍ട്ടിഷോക്ക് ഉജ്ജ്വല തുടക്കം.
ബ്രാന്റ് അംബാസിഡറും ബോളിവുഡ് നടനുമായ അര്‍ബാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാതാക്കള്‍, നിര്‍മാണ കമ്പനികള്‍, ബേങ്കുകള്‍ എന്നിവ ഉള്‍പെടെ 170 പ്രദര്‍ശകരാണ് എത്തിയിരിക്കുന്നത്. 600 പദ്ധതികള്‍ പ്രദര്‍ശനത്തിനുണ്ടെന്ന് സുമാന്‍സ എക്‌സിബിഷന്‍ പ്രസിഡന്റ് സുനില്‍ ജെയ്‌സ്‌വാള്‍ പറഞ്ഞു. എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം.
രൂപയുടെ വിലയിടിഞ്ഞത് കാരണം ഇന്ത്യയില്‍ സ്വത്ത്‌വകകളും അപ്പാര്‍ട്‌മെന്റുകളും മറ്റും വിലക്കെടുക്കാന്‍ എളുപ്പമാണ്. മാത്രമല്ല സന്ദര്‍ശകര്‍ക്ക് വേണ്ടി സെമിനാറുകളും നറുക്കെടുപ്പും ഏര്‍പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക കലാമത്സരം ഒരുക്കിയിട്ടുണ്ട്. സ്വര്‍ണനാണയങ്ങള്‍ ലഭിക്കും. സന്ദര്‍ശകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ എയര്‍ടിക്കറ്റ് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 25 ലക്ഷം വില വരുന്ന അപ്പാര്‍ട്‌മെന്റ് ലഭ്യമാക്കും.
ഇന്ത്യയില്‍ 100 സ്മാര്‍ടിസിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതിനാല്‍ ധാരാളം സാധ്യതകള്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്നും സുനില്‍ ജെയ്‌സ്‌വാള്‍ പറഞ്ഞു. കൊച്ചി, കോയമ്പത്തൂര്‍, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് നിര്‍മാതാക്കള്‍ എത്തിയിട്ടുണ്ട്. ഗോദ്‌റേജ്, ഇന്ത്യാ ബുള്‍, ശോഭ തുടങ്ങിയ കമ്പനികള്‍ക്ക് വിപുലമായ പവലിയനുകളാണുള്ളത്. പദര്‍ശനത്തില്‍ വിലപേശലിനും, നിരക്കിളവിനും, മികച്ച വാഗ്ദാനങ്ങള്‍ക്ക് അവസരമുണ്ട്. ഇന്ത്യയില്‍ നിക്ഷേപത്തിന് സര്‍ക്കാറുകള്‍ മുന്‍ഗണന നല്‍കുന്നു. മുംബൈയില്‍ നിക്ഷേപകര്‍ക്ക് വര്‍ഷത്തില്‍ 12 മുതല്‍ 19 വരെ ശതമാനം വരുമാനം ലഭിക്കുന്നു. ബംഗളൂരുവില്‍ 11 മുതല്‍ 12 വരെയും ഡല്‍ഹി എട്ടു മുതല്‍ 10 വരെയും ശതമാനമുണ്ട്.
ഇന്ത്യയില്‍ 100 സ്മാര്‍ട്‌സിറ്റികള്‍ക്ക് 7,060 കോടി ഇന്ത്യാസര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. റിസര്‍വ് ബേങ്ക് റിപ്പോനിരക്ക് കുറച്ചതിനാല്‍ ഭവനവായ്പാ നിരക്ക് 10.25 ശതമാനമാണ്. ഇതൊക്കെകൊണ്ട് അനുകൂലാവസരമാണ്. സുമാന്‍സയുടെ 25ാമത് പ്രോപ്പര്‍ട്ടി ഷോയാണ് ദുബൈയിലേത്. ലണ്ടന്‍, ഡര്‍ബന്‍, മസ്‌കത്ത് തുടങ്ങിയ നഗരങ്ങളില്‍ നടത്തിയിട്ടുണ്ട്.