വെള്ളാപ്പള്ളിയുടെ അറസ്റ്റ് വൈകും

Posted on: December 1, 2015 2:10 pm | Last updated: December 1, 2015 at 10:06 pm

vellappa

കൊച്ചി: സമത്വ മുന്നേറ്റ യാത്രക്കിടെ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് വെള്ളാപ്പള്ളിക്കെതിരായ എഫ്‌ഐആര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. വി എം സുധീരന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആലുവ സി ഐക്കാണ് അന്വേഷണ ചുമതല. കേസിന്റെ പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

പ്രസംഗം കേട്ടവര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. പ്രാഥമിക അന്വേഷണത്തിനു ശേഷമായിരിക്കും വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക. സമത്വ മുന്നേറ്റ യാത്ര അവസാനിച്ച ശേഷമായിരിക്കും അത്തരം കടുത്ത നടപടികളിലേക്ക് പോകുകയെന്നാണ് സൂചന.
വെള്ളാപ്പള്ളിക്കെതിരെ കിട്ടിയ പരാതികളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്നലെയാണ് ഐപിസി 153 എ അനുസരിച്ച് ആലുവാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയിലാണ് നടപടി.
അതേസമയം സമത്വ മുന്നേറ്റ യാത്രക്കിടെ അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.