Connect with us

Articles

'അവര്‍ക്കായ് നമുക്ക് വാങ്ങാം'

കേരളത്തിന്റെ വ്യാപാര ഉത്സവമായ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ ഇന്ന് ആരംഭിക്കുകയാണ്. വൈകിട്ട് ആറിന് കൊല്ലത്ത് കന്റോണ്‍മെന്റ് മൈതാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിതെളിയിക്കുമ്പോള്‍ 46 ദിവസം നീണ്ടു നില്‍ക്കുന്ന വ്യാപാരോത്സവത്തിന് ഔപചാരിക തുടക്കമാകും. ഓണം മാത്രം ഓരു ഷോപ്പിംഗ് സീസണ്‍ ആയുള്ള കേരളത്തിന് മറ്റൊരു ഷോപ്പിംഗ് സീസണ്‍ സൃഷ്ടിക്കാനും ഒപ്പം ഏറ്റവും കൂടുതല്‍ വിദേശസഞ്ചാരികള്‍ എത്തുന്ന ഡിസംബര്‍ – ജനുവരി മാസങ്ങളില്‍ കേരളത്തിന്റെ വ്യാപാരമേഖലക്കും നമ്മുടെ തദ്ദേശിയ ഉത്പന്നങ്ങള്‍ക്കും വിപണന സാധ്യത തുറക്കുന്നതിനും ലക്ഷ്യം വെച്ചാണ് മേള. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍, സിങ്കപ്പൂര്‍ ഫെസ്റ്റിവല്‍ എന്നിവയില്‍ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് ജി കെ എസ് എഫ് സംഘടിപ്പിക്കുന്നത്. അവിടങ്ങളിലെ സ്വതന്ത്ര വിപണിയില്‍ ചില പ്രത്യേക മാളുകളും ഉത്പന്നങ്ങളും കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവല്‍ എങ്കില്‍ ഇവിടെ എല്ലാത്തരം വ്യാപാരസ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാക്കും.
ഇത്തവണത്തെ ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാപാരസംഘടനകളുടെ പങ്കാളിത്തം കൊണ്ടും സമ്മാന ഘടന കൊണ്ടും സംഘാടനാ മികവ്‌കൊണ്ടും ഏറെ വ്യത്യസ്തമാണ്. എല്ലാ വ്യാപാരസംഘടനകളും പങ്കെടുക്കുന്നു എന്നതും എല്ലാ കൂപ്പണുകളിലും സമ്മാനം നല്‍കുന്നു എന്നതും ആദ്യമായി ഡിജിറ്റല്‍ കൂപ്പണ്‍ പരീക്ഷീക്കപ്പെടുന്നതും പ്രത്യേകതയാണ്.
ഇതിലെ ശ്രദ്ധേയമായ പരിപാടികളില്‍ ഒന്നാണ് “അവര്‍ക്കായ് നമുക്ക് വാങ്ങാം”പദ്ധതി. ഷോപ്പിംഗ് സീസണില്‍ വാങ്ങാന്‍ കഴിയാതെ പ്രയാസങ്ങളില്‍ കഴിയുന്ന ഒട്ടേറെ പേര്‍ നമുക്ക് ചുറ്റും ഉണ്ട്. ആവശ്യങ്ങള്‍ അല്‍പ്പം ചുരുക്കി അവരെ സഹായിക്കേണ്ടതും അവരോട് സ്‌നേഹപൂര്‍വം പ്രതികരിക്കേണ്ടതും നമ്മുടെ ബാധ്യത ആണ്. ഈ ചിന്തകളാണ് നമ്മുടെ ചുറ്റുപാടുമുള്ള സഹോദരങ്ങള്‍ക്കായി എന്തെങ്കിലും ഒന്ന് ഈ ഷോപ്പിംഗ് സീസണില്‍ വാങ്ങി നല്‍കുന്നതിനെ പ്രോഹത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും “അവര്‍ക്കായ് നമുക്ക് വാങ്ങാം” പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇത്തരത്തില്‍ നമുക്ക് അഗതി മന്ദിരങ്ങള്‍, അനാഥമന്ദിരങ്ങള്‍, ജുവനയില്‍ ഹോമുകള്‍, ആതുരാലയങ്ങള്‍ എന്നീ സ്ഥാപനങ്ങളെയെല്ലാം സഹായിക്കാന്‍ കഴിയും.
നമ്മുടെ സമ്പത്തികസ്ഥിക്കും മനോഗതിക്കും അനുസരിച്ച് വാങ്ങി നിങ്ങള്‍ക്ക് തന്നെ നേരിട്ട് നല്‍കാവുന്ന ഈ പദ്ധതിയുടെ തുടക്കം സംസ്ഥാന ഗവര്‍ണര്‍ പി സദാശിവം രാജ് ഭവനില്‍ നിര്‍വഹിച്ചു. നമ്മുടെ സമ്പാദ്യത്തില്‍ നാം തന്നെ നിര്‍വഹിക്കുന്ന ഇത്തരം നന്മയുടെ പ്രതിഫലം തീര്‍ച്ചയായും തലമുറകള്‍ക്ക് കൈമാറപ്പെടുകതന്നെ ചെയ്യും. സംസ്ഥാനത്തെ ബിസിനസ് ഗ്രൂപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ പരിപാടിയുടെ ഭാഗമായി ഈ നന്മയുടെ പ്രചാരകരാകാം. ഇത്തരത്തില്‍ ചെയ്യേണ്ട ആവശ്യങ്ങളെ കുറിച്ചോ സ്ഥാപനങ്ങളെ കുറിച്ചോ അറിയുന്നതിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അത് ജി കെ എസ് എഫില്‍ നിന്നും ലഭിക്കുന്നതാണ്. ഇതിന്റെ സംഘാടന ചെലവുകള്‍ ജി കെ എസ് എഫ് വഹിക്കും.
എല്ലാവരും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകണമെന്ന് അഭ്യര്‍ഥിക്കുന്നു. ഒപ്പം 46 ദിവസം നീണ്ടു നില്‍ക്കുന്ന ഈ വ്യപാരോത്സവം വന്‍ വിജയമാക്കാന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ഥിക്കുന്നു.

---- facebook comment plugin here -----

Latest