സൂക്ഷ്മവായനയില്‍ ഒരായിരം തേറ്റകള്‍

Posted on: December 1, 2015 4:44 am | Last updated: November 30, 2015 at 8:50 pm
SHARE

Poet Sugathakumari meeting with BJP national president Amit Shah in Thiruvananthapuram on Monday.  State general secretary of the Hindu Aikya Vedi Kummanam Rajasekharan is also seen| Express

ഒരു പൂവിന്റെ ദലചലനത്തിലൂടെ വസന്താഗമനം തിരിച്ചറിയുന്നവനാണ് കവിയെന്ന് പറയാറുണ്ട്. വസന്തവായുവില്‍ വസൂരി രോഗാണുക്കളെയും തുള്ളിച്ചാടി വരുന്ന പുള്ളിമാനു പിന്നിലെ പുള്ളിപ്പുലിയെയും തിരിച്ചറിയുന്നവരാകണം നല്ല കവികള്‍. കവികള്‍ ക്രാന്തദര്‍ശികളാണ്; കാലത്തിനപ്പുറത്തേക്ക് സഞ്ചരിച്ച് കാര്യങ്ങള്‍ പ്രവാചക സ്വരത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നവരാണ്. ഇത്തരത്തില്‍ തിരിച്ചറിവ് നേടിയ എഴുത്തുകാരാണ് ഇപ്പോള്‍ തങ്ങള്‍ക്ക് കിട്ടിയ ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നതും കേന്ദ്ര സാഹിത്യ അക്കാദമിയിലെ സ്ഥാനമാനങ്ങള്‍ രാജി വെച്ച് കൊണ്ടിരിക്കുന്നതും. രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പോക്ക് ഫാസിസത്തിന്റെ കരാള ഭീകരതയിലേക്കാണെന്നും അസഹിഷ്ണുത വര്‍ധിച്ചുകൊണ്ടിരിക്കുന്നത് അതിന്റെ ലക്ഷണമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കല്‍ബുര്‍ഗിയേയും വന്‍സാരെയെയും ദബോല്‍ക്കറേയും അഖ്‌ലാഖിനെയും ക്രൂരമായി കൊലപ്പെടുത്തിയവര്‍ ഈ രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തിന്റെ ശത്രുക്കളാണെന്നും അവര്‍ രാജ്യത്തെ ഫാസിസ്റ്റ്‌വത്കരിക്കുകയാണെന്നും ക്രാന്തദര്‍ശികളായ എഴുത്തുകാര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. സച്ചിദാനന്ദനും സാറാ ജോസഫും പാറക്കടവുമടക്കം കേരളത്തില്‍ നിന്നുള്ള കേന്ദ്ര സാഹിത്യ അക്കാദമി അംഗങ്ങളില്‍ മൂന്നില്‍ രണ്ട് പേരും ഇതിനകം സാഹിത്യ അക്കാദമിയില്‍ നിന്ന് രാജിവെച്ചുകഴിഞ്ഞു. എം ടിയും പത്മനാഭനും സക്കറിയയും ആനന്ദുമടക്കമുള്ള തലമുതിര്‍ന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരെല്ലാം രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ തങ്ങളുടെ ആശങ്ക പങ്കുവെക്കുകയും പ്രതിഷേധത്തില്‍ പങ്കാളികളാകുകയും ചെയ്തു.
അതേസമയം, നരേന്ദ്ര മോദിക്ക് പിന്തുണയര്‍പ്പിച്ച് ഒപ്പ് വെച്ച എഴുപത് എഴുത്തുകാരില്‍ നമ്മുടെ അക്കിത്തവുമുണ്ട് എന്നത് നമ്മെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. കാരണം അദ്ദേഹം സവര്‍ണ ഫാസിസ്റ്റുകളോടൊപ്പമാണെന്ന സത്യം മുമ്പേ വെളിപ്പെട്ടിട്ടുള്ളതാണ്. ‘വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’ എന്ന അദ്ദേഹത്തിന്റെ വരികള്‍ കൂടുതല്‍ കൂടുതല്‍ അന്വര്‍ഥമാക്കുകയാണ് നാള്‍ക്കുനാള്‍ അദ്ദേഹം ചെയ്യുന്നത്.
അതേസമയം, കാരുണ്യമൂര്‍ത്തിയായി കവിതകളിലൂടെ അവതാരപ്പെടുന്ന സുഗതകുമാരി ഒരിക്കലും തന്റെ ചേരി പൂര്‍ണമായി വ്യക്തമാക്കിയിട്ടില്ല. പലപ്പോഴും ‘ഇടച്ചേരി’യുടെ റോളിലാണ് അവര്‍ പ്രത്യക്ഷപ്പെടാറുള്ളത്. വേട്ടനായക്കൊപ്പം ഓടുകയും ഇരയോടൊപ്പം നിലവിളിക്കുകയും ചെയ്യുന്നതാണ് അവരുടെ നിലപാട്. ഏറ്റവുമൊടുവില്‍, മാതൃഭൂമി പത്രത്തിലെഴുതിയ (ജാഗ്രത, നവംബര്‍ 12) ലേഖനത്തിലും ഇത് പ്രകടമാണ്. ഒറ്റ വായനയില്‍ മാനവികതാ മൂല്യങ്ങള്‍ക്കൊപ്പമാണെന്ന് തോന്നിപ്പിക്കുമെങ്കിലും സൂക്ഷ്മ വായനയില്‍ അതില്‍ ഒളിപ്പിച്ചുവെച്ച ഒട്ടേറെ തേറ്റകളും കൊമ്പുകളും അനാവൃതമാകും. ഹിന്ദുത്വ ഫാസിസമെന്ന യാഥാര്‍ഥ്യത്തെ പരാമര്‍ശിക്കേണ്ടിവരുമ്പോഴെല്ലാം- അത്തരമൊരു പ്രയോഗം ടീച്ചര്‍ നടത്തുന്നില്ല-മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേയോ ന്യൂനപക്ഷ വര്‍ഗീയതയേയോ പരാമര്‍ശിക്കാതിരിക്കാന്‍ ടീച്ചര്‍ക്കാകുന്നില്ല. തീര്‍ച്ചയായും എല്ലാ വര്‍ഗീയതകളെയും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ഏത് വിഭാഗം നടത്തുന്ന ഹിംസാത്മക പ്രവര്‍ത്തനങ്ങളും എതിര്‍ക്കപ്പെടേണ്ടതുമാണ്. എന്നാല്‍, രാജ്യം ഭരിക്കുന്നവരുടെ ഒത്താശയോടുകൂടി നടക്കുന്ന കൊടും ഹിംസകളെ കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങളുമായും കൊലപാതകങ്ങളുമായും താരതമ്യം ചെയ്ത് ഭരണകൂട ഭീകരതകളെ നിസ്സാരവത്കരിക്കുന്നത് ശരിയായ നിലപാടല്ല.
ഭാരതീയ ഫാസിസ്റ്റുകള്‍ നടത്തുന്ന ഹിംസാത്മക പ്രവര്‍ത്തനങ്ങളെ ഹിന്ദു- മുസ്‌ലിം പ്രശ്‌നമായിട്ടാണ് സുഗതകുമാരി കാണുന്നത്. ഗോമാംസാഹാര പ്രശ്‌നത്തെ ഹിന്ദു- മുസ്‌ലിം പ്രശ്‌നമായി ലേഖനത്തില്‍ അവതരിപ്പിക്കുന്നത് ഉദാഹരണമാണ്. സത്യത്തില്‍ ഗോമാംസാഹാരം എന്നത് ഹിന്ദു മുസ്‌ലിം പ്രശ്‌നമേയല്ല. മുസ്‌ലിംകള്‍ മാത്രമല്ല, ക്രിസ്ത്യാനികളും ദളിതരും ഹിന്ദുക്കളിലെ താണ ഒട്ടേറെ വിഭാഗങ്ങളും മാംസഭുക്കുകളാണ്. പുരാതന കാലം മുതല്‍ക്കേ ഇന്ത്യയില്‍ മാംസാഹാരം നിലനിന്നിരുന്നതായി പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാം. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ബീഫ് കയറ്റുമതിയില്‍ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. എന്നാലിന്ന് ഒന്നാം സ്ഥാനത്താണ്. മാംസ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ കബീര്‍ എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയുടെ മുതലാളിമാരിലൊരാള്‍ വി എച്ച് പി നേതാവായ സതീഷ് അഗര്‍വാളാണ്. ഇന്ത്യയിലെ മാംസ കയറ്റുമതിക്കാരില്‍ 90 ശതമാനവും സവര്‍ണ ഹിന്ദുക്കളാണ് എന്ന് ഇക്കഴിഞ്ഞ ദിവസം പറഞ്ഞത് ജസ്റ്റിസ് സച്ചാറാണ്.
സത്യത്തില്‍, ഇന്ത്യയില്‍ അതിപുരാതന കാലം മുതല്‍ക്കേ മാംസാഹാരമുണ്ട്. ടീച്ചര്‍ പറയുന്ന പോലെ ക്രിസ്ത്യാനികളുടെ വരവോടെ, ഇംഗ്ലീഷുകാരുടെ ആധിപത്യത്തോടെ ആരംഭിച്ചതല്ല. സുഗതകുമാരി ഒരിടത്ത്, ഇങ്ങനെയെഴുതുന്നു: ” ഇസ്‌ലാം സഹോദരങ്ങളോട് ഒരു വാക്ക്, ഗോക്കളെ പവിത്രമായി കാണുന്ന സമൂഹങ്ങളുടെയിടയില്‍ പ്രകോപനം സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക നിങ്ങളുടെ കടമയാണ്. കലാപവും അരക്ഷിതാവസ്ഥയും ഉണ്ടായാല്‍ അനുഭവിക്കേണ്ടത് നിരപരാധികളാണെന്നോര്‍ക്കുക. വിഭജനത്തിന്റെ മുറിവുകള്‍ ഇനിയുമുണങ്ങാത്ത വടക്കേ ഇന്ത്യയില്‍ ഒരു തീപ്പൊരി മതിയാകും തീ ആളിക്കത്താന്‍…” ഗോഹത്യ സമം മുസ്‌ലിംകള്‍ എന്നൊരു സമവാക്യം ഇതിലുണ്ട്. വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ആട്ടിറച്ചിയെ പശുമാംസം എന്ന് പ്രചരിപ്പിച്ച് അമ്പലത്തിലെ മൈക്കിലൂടെ കലാപത്തിനാഹ്വാനം ചെയ്തതും അഖ്‌ലാഖ് എന്ന മനുഷ്യനെ ക്രൂരമായി കൊന്നതും ഏത് പ്രകോപനത്തിന്റെ അടിസ്ഥാനത്തിലാണ്?
‘തീവ്രവാദം സൃഷ്ടിക്കുന്നത് സിറിയകളേയും ഫലസ്തീനികളെയുമായിരിക്കും’- അവര്‍ പറയുന്നു. ഫലസ്തീന്‍ പ്രശ്‌നവും സിറിയന്‍ പ്രശ്‌നവും തീവ്രവാദത്തിന്റെ അടിസ്ഥാനത്തിലാണോ? പിറന്ന നാടിന് വേണ്ടി പോരാടുന്ന ഫലസ്തീന്‍ പോരാളികള്‍ തീവ്രവാദികളാണോ? ചരിത്രവിരുദ്ധമായ ഇത്തരം പരാമര്‍ശങ്ങള്‍ ഈ ലേഖനത്തില്‍ ഒന്നിലേറെയുണ്ട്.
”നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സവര്‍ണരുടെ അഹങ്കാരവും തത്ഫലമായുണ്ടാകുന്ന ദളിതന്റെ പകയും രാജ്യത്തെ ശിഥിലമാക്കുമെന്ന് ഓരോ മനസ്സും കുറിച്ചുവെക്കട്ടെ” എന്നാണ് മറ്റൊരിടത്ത് പറയുന്നത്. ശരിയാണ്, ആയിരത്താണ്ടുകളായിട്ട് ഈ രാജ്യത്തെ ദളിത് പിന്നാക്ക ആദിവാസി വിഭാഗങ്ങള്‍ സകലവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവരാണ്. ഇന്നും ദളിതരെ അതിനിന്ദ്യമായി കൊലപ്പെടുത്തുന്നതും ആട്ടിയകറ്റുന്നതും ഒരിന്ത്യന്‍ യാഥാര്‍ഥ്യമാണ്. ദളിത് പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടെരിച്ചുകൊന്നത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. ഇതിലെവിടെയാണാവോ ദളിത് പക? ദളിതരുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ഓര്‍ക്കുക അത് തടഞ്ഞുനിര്‍ത്താന്‍ ഒരു സംഘ്പരിവാറിനും ഒരു ‘ഇടച്ചേരി’കള്‍ക്കും സാധ്യമല്ല. നൂറ്റാണ്ടുകളായി നരക പഥങ്ങളിലൂടെ ജീവിതം തള്ളിനീക്കുന്ന അധഃസ്ഥിത, പീഡിത വിഭാഗങ്ങള്‍ ഇന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. തീര്‍ച്ചയായും മേല്‍ക്കോയ്മാ പ്രത്യയശാസ്ത്രത്തെ അത് തകര്‍ത്തെറിയുക തന്നെ ചെയ്യും. ‘മുറ്റത്തെ ആര്യവേപ്പില്‍ മനുവിനെ തലകീഴായ് കെട്ടിത്തൂക്കി, ഞാനയാളുടെ രക്തധമനികള്‍ കുത്തിക്കീറി നോക്കും. എന്റെ പൂര്‍വികരുടെ എത്ര രക്തമയാള്‍ കുടിച്ചിട്ടുണ്ടെന്നറിയാന്‍’ എന്ന് ഗുജറാത്തി ദളിത് കവി ജയന്ത് പാര്‍മര്‍.
ടി പി ചന്ദ്രശേഖരന്‍ വധം, ജയകൃഷ്ണന്‍ വധം തുടങ്ങി സി പി എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സ്ഥിരമായി ഉപയോഗിക്കുന്ന കൊലപാതകങ്ങളുടെ ലിസ്റ്റ് തൂക്കമൊപ്പിക്കാനായി ലേഖനത്തില്‍ പലേടത്തും ഉപയോഗിക്കുന്നുണ്ട്. തീര്‍ച്ചയായും അവയൊന്നും നടക്കാന്‍ പാടില്ലാത്തതാണ്. തെറ്റു തന്നെയാണ്. അതേസമയം, അമ്മയുടെയും മക്കളുടെയും മുമ്പില്‍വെച്ച് ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തിയ കമ്മ്യൂണിസ്റ്റുകാരുടെ ലിസ്റ്റ് കൂടി ടീച്ചര്‍ ഹിംസക്കെതിരെ ‘മാനവികത’യുടെ പക്ഷത്ത് നിന്ന് എഴുതുമ്പോള്‍ കാണാതെ പോകരുത്. ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വന്നതിനു ശേഷം 20-തിലേറെ സി പി എമ്മുകാരാണ് കേരളത്തില്‍ കൊല ചെയ്യപ്പെട്ടത്.
ഹിംസയുടെ ഓള്‍സൈലറായ, കൊലയാളി സംഘങ്ങളായ സംഘ്പരിവാര്‍ സംഘടനകളെ പേര് പറഞ്ഞ് വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കുമ്പോഴേ സുഗതകുമാരി ടീച്ചറുടെ വാക്കുകള്‍ സത്യസന്ധമാകുകയുള്ളൂ. എന്നാല്‍, കുമ്മനം രാജശേഖരന്മാരുടെ കൂടെ അമിത്ഷായെ പോയി കാണുന്നവരില്‍ നിന്ന് മാനവികതയും അഹിംസാ തത്വങ്ങളും പ്രതീക്ഷിക്കുന്നതാണ് തെറ്റ്. എഴുത്തില്‍ മാനവികതയും രാഷ്ട്രീയ നിലപാടിലും സമീപനങ്ങളിലും വലതുപക്ഷ ഫാസിസ്റ്റ് അനുകൂല നിലപാടുമെന്ന ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here