Connect with us

National

ചാരപ്രവര്‍ത്തനം: പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷണം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐ എസ് ഐയുടെ ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷണം തുടങ്ങി. രാജ്യത്തെ ചാരപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പാക്ക് ഹൈക്കമ്മീഷന്‍ ഓഫീസിന് വ്യക്തമായ പങ്കുണ്ടെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണമെന്ന് ദില്ലി പോലീസ് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് അറിയിച്ചു.
അടുത്തിടെ പിടിയിലായ ചാരന്മാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാക്ക് ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചാരവൃത്തിയില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. ഈ സാഹചര്യത്തിലാണ് ചാരന്മാരെ സഹായിച്ചെന്ന് സംശയിക്കുന്ന ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷണം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രേഖകള്‍ ദൂതന്‍ മുഖേന പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐക്ക് കൈമാറിയതിന് ബി എസ് എഫ് ജവാനെ അറസ്റ്റ് ചെയ്തിരുന്നു. ഐ എസ് ഐയുടെ ഏജന്റായി പ്രവര്‍ത്തിച്ചയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ സുരക്ഷാ സേനയുടെ വിവരങ്ങള്‍ പാക് സംഘത്തിന് കൈമാറിയെന്നാണ് വിവരം. ബി എസ് എഫ് ജവാനൊപ്പം മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ചിലര്‍ക്ക് തൃണമൂല്‍ കോ ണ്‍ഗ്രസുമായി ബന്ധമുണ്ട്. ഇവരെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സുരക്ഷാ സേനയുടെയും ഇന്ത്യന്‍ വ്യോമസേനയുടെയും 10 വര്‍ഷത്തെ വിന്യാസങ്ങളെക്കുറിച്ചാണ് ഐ എസ് ഐ ചാരന്‍ കഫൈത്തുല്ല ഖാന്‍ പാക്കിസ്ഥാന് കൈമാറിയത്. മാത്രമല്ല, ഇയാള്‍ക്ക് സൈന്യത്തിലും ബന്ധമുണ്ടെന്നാണ് സൂചന. കഫൈത്തുല്ലക്ക് ബി എസ് എഫിലും ജമ്മു കശ്മീര്‍ പോലീസിലും നിയമനം കിട്ടിയിരുന്നെങ്കിലും ചേര്‍ന്നില്ല. ഗാര്‍ഡന്‍ റീച്ച് ഷിപ്ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് എന്ന കപ്പല്‍ നിര്‍മാണ ശാലയിലെ കരാര്‍ പണിക്കാരായ ഇര്‍ഷാദ് അന്‍സാരി (51), മകന്‍ അസ്ഫാഖ് അന്‍സാരി (23), ഇവരുടെ ബന്ധു മുഹമ്മദ് ജഹാംഗീര്‍ എന്നിവരെ കബാല്‍പൂര്‍ പോലീസ് സ്റ്റേഷന് സമീപം ഡോ. സുധീര്‍ ബോസ് റോഡില്‍ നിന്നാണ് പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ടും ഒന്നര ലക്ഷം രൂപയും പിടിച്ചെടുത്തു. ഐ എസ് ഐ ബന്ധം തെളിയിക്കുന്ന ഒട്ടേറെ രേഖകളും ലഭിച്ചെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷമായി പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുന്ന ഇവര്‍ പലവട്ടം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവിടെ ഐ എസ് ഐയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു.
ബി എസ് എഫിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അബ്ദുര്‍ റഷീദ് അതിര്‍ത്തിയിലെ സൈനികവിന്യാസം, വ്യോമസേനയിലെ രഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങള്‍ ഐ എസ് ഐ ഏജന്റിന് ചോര്‍ത്തിനല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന വിവരം ചോര്‍ത്തലിന് ദില്ലിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ച തായി പോലീസ് വ്യക്തമാക്കി. ചാരന്മാര്‍ക്ക് സഹായം നല്‍കിയ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.