മുല്ലപ്പെരിയാര്‍: കേരളത്തിന്റെ വാദം വീണ്ടും തള്ളി ഉന്നതാധികാര സമിതി

Posted on: November 30, 2015 11:48 pm | Last updated: November 30, 2015 at 11:48 pm
SHARE

mullapperiyarതൊടുപുഴ: ജലനിരപ്പ് 139 അടിയിലെത്തി ചോര്‍ച്ച വര്‍ധിച്ച മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടസ്ഥിതിയില്‍ കേരളത്തിന്റെ ആശങ്ക വീണ്ടും തളളി സുപ്രീം കോടതി ഉന്നതാധികാര സമിതി. കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയതായി കേരളം കണ്ടെത്തിയ ചോര്‍ച്ചകളും സീപേജ് ജലത്തിന്റെ വര്‍ധനവും പുതിയതായി സംഭവിച്ചതല്ലെന്നാണ് ഉന്നതാധികാര സമിതി നിലപാട്. ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ച ശേഷം എല്‍ എ വി നാഥന്‍ അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് 120 വര്‍ഷം പഴക്കമെത്തിയ മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേരളത്തിന്റെ ആശങ്കകളും ആവശ്യങ്ങളും മുഖവിലക്കെടുക്കാതെ തള്ളിയത്. കേരളത്തിന്റെ പ്രതിനിധി ജലവിഭവ വകുപ്പ് സെക്രട്ടറി വി ജെ കുര്യന്‍ സംസ്ഥാനത്തിന് വേണ്ടി നടത്തിയ വാദങ്ങള്‍ അവഗണിച്ച്, സമിതി അധ്യക്ഷന്‍ എല്‍.എ.വി നാഥന്‍ പോലും തമിഴ്‌നാടിനെ അനുകൂലിക്കുന്നതാണ് ഉന്നതാധികാര സമിതി യോഗത്തില്‍ കണ്ടത്. കേരളത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്പില്‍വേ ഗേറ്റ് പേരിന് ഉയര്‍ത്തി പരിശോധിച്ചതു മാത്രമാണ് ഇന്നലത്തെ സന്ദര്‍ശനത്തില്‍ കേരളത്തിനുണ്ടായ നേട്ടം. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജലനിരപ്പ് 140 അടിയില്‍ നിജപ്പെടുത്തണമെന്ന ആവശ്യവും തമിഴ്‌നാട് നിഷ്‌കരുണം തളളി.
ജലനിരപ്പ് 142 അടിയാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് ഡാം സുരക്ഷിതമായതിനാലാണെന്ന് തമിഴ്‌നാട് വാദിച്ചു. ജലനിരപ്പ് 142 അടിയില്‍ നിന്നും ഉയരാതെ ക്രമീകരിക്കുമെന്നും അവര്‍ അറിയിച്ചു. പുതുതായി ചോര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. പഴയ ചോര്‍ച്ചകള്‍ അപകടരവുമല്ല.തമിഴ്‌നാടിന്റെ ഈ വാദങ്ങളെല്ലാം അധ്യക്ഷന്‍ അംഗീകരിച്ചതോടെ കേരളത്തിന്റെ ആവശ്യങ്ങള്‍ ഒരിക്കല്‍ കൂടി ജലരേഖയായി. രാവിലെ 11.30ഓടെയാണ് ചെയര്‍മാന്‍ എല്‍.എ.വി നാഥന്‍, വി.ജെ കുര്യന്‍, തമിഴ്‌നാട് പ്രതിനിധി എന്‍.എസ് പളനിയപ്പന്‍ എന്നിവരടങ്ങുന്ന സമിതി ബോട്ടു മാര്‍ഗം അണക്കെട്ടിലെത്തിയത്. കേന്ദ്ര ജലകമ്മീഷന്‍ ഡയറക്ടര്‍ സുനില്‍ ജെയിന്‍, ജില്ലാ കലക്ടര്‍ വി.രതീശന്‍ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു. പ്രധാന അണക്കെട്ടിലായിരുന്നു ആദ്യ പരിശോധന. പിന്നീട് ബേബി ഡാം, മണ്ണ് ഡാം, ഇന്‍സ്‌പെക്ഷന്‍ ഗ്യാലറി എന്നിവയും പരിശോധിച്ചു. ഇന്‍സ്‌പെക്ഷന്‍ ഗ്യാലറിയിലെ 14 മര്‍ദമാപിനികളില്‍ 12 ഉം പ്രവര്‍ത്തിക്കുന്നില്ലെന്ന് സമിതി കണ്ടെത്തി. ബാറ്ററി ചാര്‍ജില്ലാത്തതിനാലാണ് ഇവ പ്രവര്‍ത്തിക്കാത്തതെന്നും യന്ത്രതകരാര്‍ അല്ലെന്നും തമിഴ്‌നാട് വാദിച്ചു. ഇത് എപ്പോള്‍ ശരിയാക്കുമെന്ന് കേരളത്തിന്റെ പ്രതിനിധി ചോദിച്ചെങ്കിലും തമിഴ്‌നാട് കൃത്യമായ മറുപടി നല്‍കിയില്ല.സ്പില്‍വേ ഷട്ടറുകള്‍ പ്രവര്‍ത്തന ക്ഷമമാണെന്ന നിലപാടില്‍ ആദ്യം തമിഴ്‌നാട് ഉറച്ചുനിന്നു. ഷട്ടറിന്റെ പ്രവര്‍ത്തനക്ഷമത കഴിഞ്ഞ ജൂണില്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബോധ്യപ്പെട്ടതാണെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ ഉപസമിതി ആവശ്യപ്പെട്ടിട്ടും ഷട്ടര്‍ തുറക്കാന്‍ തമിഴ്‌നാട് തയ്യാറായില്ലെന്ന് കേരളം ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേ തുടര്‍ന്നാണ് ഒന്നാം ഷട്ടര്‍ അല്‍പ്പമുയര്‍ത്തി ഒന്നര മിനിട്ടോളം ജലം ഒഴുക്കാന്‍ തമിഴ്‌നാട് തയ്യാറായത്. മൂന്നു മണിയോടെയാണ് സമിതി തേക്കടി ബോട്ട് ലാന്റിംഗില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് കുമളിയിലെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഓഫീസില്‍ ചേര്‍ന്ന യോഗം 6.45നാണ് അവസാനിച്ചത്. കേരള ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേല്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്‍. എസ് പ്രദീഷ് എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും മാധവന്‍, സൗന്ദ്രം എന്നിവരുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഉദ്യോഗസ്ഥ സംഘവും മേല്‍നോട്ടസമിതിയെ അനുഗമിച്ചു.
സെക്കന്റില്‍ 1687 ഘനയടിയാണ് ഇന്നലെ അണക്കെട്ടിലേക്കുളള നീരൊഴുക്ക്. 511 ഘനയടി തമിഴ്‌നാട്ടിലേക്ക് ഒഴുകുന്നു. പദ്ധതി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും തമിഴ്‌നാട് കാര്യമായി വെള്ളം കൊണ്ടുപോകാത്തതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here