കാലാവസ്ഥാ ഉച്ചകോടിക്ക് പാരീസില്‍ തുടക്കം

Posted on: November 30, 2015 11:04 pm | Last updated: November 30, 2015 at 11:04 pm

paris summitപാരീസ്: കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള ആഗോള ഉടമ്പടിക്ക് രൂപം നല്‍കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി പാരീസില്‍ ആരംഭിച്ചു. 12 ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ 150 രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിക്കെത്തിയിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് ഉച്ചകോടി തുടങ്ങിയത്. കാലാവസ്ഥാ സമ്മേളനത്തിന്റെ മുഖ്യവേദിയായ പാരീസിലെ ലെ ബോര്‍ഗറ്റ് മേഖലയില്‍ മാത്രം 28,00 സുരക്ഷാ സൈനികരെയാണ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. പടക്കങ്ങള്‍, ഗ്യാസ് സിലിന്‍ഡറുകള്‍, എളുപ്പം തീപ്പിടിക്കുന്ന മറ്റ് രാസവസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്നതും കൊണ്ടുവരുന്നതും ഉച്ചകോടി തീരുന്നത് വരെ നിരോധിച്ചിരിക്കുകയാണ്.
ചരിത്രത്തിലാദ്യമായാണ് ലോക രാജ്യങ്ങളിലെ നേതാക്കള്‍ ഇത്തരത്തില്‍ ഒരുമിച്ചുകൂടുന്നതെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. പാരീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ ഒരു നിമിഷം മൗനമാചരിച്ചതിന് ശേഷമാണ് ഉച്ചകോടി ആരംഭിച്ചത്. ഇതിന് ശേഷം ഉച്ചകോടിയെ അഭിമുഖീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭീകരവാദത്തിന്റെയും അപകടം എടുത്തു പറഞ്ഞു. രണ്ടും രണ്ട് യുദ്ധമാണെങ്കിലും ഉയര്‍ന്നുവരുന്ന രണ്ട് വലിയ ഭീഷണികളാണ് കാലാവസ്ഥാ വ്യതിയാനവും ഭീകരവാദവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബര്‍ 13നാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണം പാരീസില്‍ അരങ്ങേറിയത്. 129 പേര്‍ കൊല്ലപ്പെടുകയും 350 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഉച്ചകോടിയില്‍ പ്രസംഗിച്ച അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, കാലാവസ്ഥാ വ്യതിയാനത്തിലെ അമേരിക്കയുടെ പങ്ക് എടുത്തുപറയുകയും അതിലെ യു എസിന്റെ ഉത്തരവാദിത്വം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, ആഗോള ഉടമ്പടി, അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുമ്പ് നടന്ന കാലാവസ്ഥാ ചര്‍ച്ചകളുടെ കാര്യത്തിലേതുപോലെ പാരീസിലും അമേരിക്കന്‍ നിലപാടുകള്‍ പ്രശ്‌നം സൃഷ്ടിക്കുമെന്ന് തന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വ്യവസായിക വിപ്ലവം ആരംഭിച്ച കാലത്തെ അന്തരീക്ഷ താപനിലയെ അപേക്ഷിച്ച് രണ്ട് ഡിഗ്രി മാത്രം താപനില ഉയരുന്ന തരത്തില്‍, കാലാവസ്ഥാ വ്യതിയാനം പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമായ ഉടമ്പടി വേണമെന്നതാണ് ലോക നേതാക്കളുടെ പൊതുവായുള്ള അഭിപ്രായം. നിയമപരമായി ബാധ്യത കല്‍പ്പിക്കുന്ന കാലാവസ്ഥാ ഉടമ്പടി അമേരിക്ക നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. പക്ഷേ, പല വികസ്വര രാഷ്ട്രങ്ങളും അമേരിക്കയുടെ ഈ നിലപാടിനെ എതിര്‍ത്ത് രംഗത്തുണ്ട്. നിയമപരമായി ബാധ്യതപ്പെടുത്തുന്ന ഉടമ്പടി തന്നെ വേണമെന്ന വാദത്തിലാണ് യൂറോപ്യന്‍ യൂനിയനും. അത്തരമൊരു ഉടമ്പടിയാണ് പ്രതീക്ഷിക്കുന്നതെന്ന്, യൂറോപ്യന്‍ യൂനിയന്‍ കമ്മീഷണര്‍ മിഗുവേല്‍ ആരിയസ് കാനെറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.