Connect with us

Gulf

റഷ്യ- തുര്‍ക്കി തര്‍ക്കത്തില്‍ രാഷ്ട്രീയ പരിഹാരം അനിവാര്യം: ഖത്വര്‍

Published

|

Last Updated

ദോഹ: റഷ്യ- തുര്‍ക്കി തര്‍ക്കത്തില്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ. ഇറ്റാലിയന്‍ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി പോളോ ഗെന്റിലോണിയുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. തുര്‍ക്കിഷ് വ്യോമമേഖലയില്‍ കടന്ന റഷ്യന്‍ ജെറ്റ് വിമാനത്തെ വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
പ്രതിസന്ധി മറികടക്കാന്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിലൂടെ സാധിക്കും. നയതന്ത്ര, രാഷ്ട്രീയ പരിഹാരത്തില്‍ ഇരു രാഷ്ട്രനേതാക്കളും ഉടനെ എത്തുമെന്നതില്‍ ആത്മവിശ്വാസമുണ്ട്. ഇറ്റലിയുമായുള്ള ഖത്വറിന്റെ ബന്ധം പൗരാണിക കാലം മുതലുള്ളതും വിഭിന്ന മേഖലകളിലുള്ളതുമാണ്. സിറിയന്‍ പ്രതിസന്ധിയില്‍ രാഷ്ട്രീയ പരിഹാരം അനിവാര്യമാണെന്ന നിലപാടുകാരാണ് ഖത്വറും ഇറ്റലിയും. രാഷ്ട്രീയ പരിഹാരം ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ സിറിയന്‍ ജനതയുടെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. തീവ്രവാദ പ്രശ്‌നം പരിഹരിക്കല്‍ അനിവാര്യമാണ്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ പ്രാദേശിക സമൂഹങ്ങളെ കൂടി വിശ്വാസത്തിലെടുക്കണം. ലിബിയയില്‍ ഐക്യം കൊണ്ടുവരല്‍ അനിവാര്യമാണെന്നും അല്‍ അതിയ്യ പറഞ്ഞു.
വിയന്ന ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും മേഖലയില്‍ ഒരു യുദ്ധം ഒഴിവാക്കാന്‍ എല്ലാ പരിശ്രമങ്ങളും ചെയ്യുമെന്നും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ലിബിയന്‍ ഗോത്രങ്ങള്‍ ദോഹയില്‍ വെച്ച് അനുരഞ്ജന കരാറിലേര്‍പ്പെട്ടത് ശ്ലാഘനീയമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest