Connect with us

Gulf

ചില്ലറ വ്യാപാര മേഖലയിലെ തട്ടിപ്പ് തടയാന്‍ ആപ്പ്

Published

|

Last Updated

ദോഹ: ഉപഭോക്താക്കളുടെ അവകാശവും സുതാര്യതയും ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് വിലയില്‍ തട്ടിപ്പ് നടത്തുന്നത് തടയുന്നതിന് സ്മാര്‍ട്ട് തന്ത്രവുമായി സാമ്പത്തിക, വാണിജ്യ മന്ത്രാലയം. ചില്ലറ വ്യാപാര സ്ഥാപനങ്ങളിലുണ്ടാകുന്ന വിലവിവരം നിരീക്ഷിക്കാനായി “ഹൗ മച്ച്” എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി പുറത്തിറക്കിയിരിക്കുകയാണ് മന്ത്രാലയം. ചില്ലറ വ്യാപാര മേഖല മത്സരാധിഷ്ഠിതമാക്കാനും വ്യാപാരത്തട്ടിപ്പ് പുറത്തുകൊണ്ടുവരാനുമാണിത്.
2008ലെ എട്ടാം നമ്പര്‍ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് ചില്ലറ വ്യാപര കേന്ദ്രങ്ങളില്‍ ഉത്പന്നങ്ങളുടെ വില വിവരം പ്രദര്‍ശിപ്പിക്കണം. MEC_QATAR എന്ന് പേരിന് കീഴില്‍ ആന്‍ഡ്രോയിഡ്, ഐ ഫോണ്‍ സെറ്റുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പിലെ പബ്ലിക് സര്‍വീസ് തിരഞ്ഞെടുത്ത് കണ്‍സ്യൂമര്‍ സര്‍വീസസ് എന്ന ഓപ്ഷനിലേക്ക് പോകണം. കണ്‍സ്യൂമര്‍ സര്‍വീസസ് ക്ലിക്ക് ചെയ്ത് “ഹൗ മച്ച്” എന്നതിലേക്ക് എത്താം. അവിടെ വിലവിവരം പ്രദര്‍ശിപ്പിക്കാത്ത ചില്ലറ വില്‍പ്പന ശാലകളുടെ പേര് ഉപഭോക്താക്കള്‍ക്ക് തത്സമയം റിപ്പോര്‍ട്ട് ചെയ്യാം. ഇതില്‍ ചെറിയൊരു ഫോം പൂരിപ്പിക്കുകയും വിലവിവരം പ്രദര്‍ശിപ്പിക്കാത്ത ഉത്പന്നത്തിന്റെയും കടയുടെയും ചിത്രം അറ്റാച്ച് ചെയ്യുകയും വേണം. ആപ്പിലൂടെ പങ്കുവെച്ച വിവരങ്ങള്‍ മന്ത്രാലയം പരിശോധിക്കുകയും ഷോപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. MEC_QATAR യുടെ പരിഷ്‌കരിച്ച പതിപ്പാണ് ഹൗ മച്ച്.
ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന വിധത്തില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിച്ച് കഴിഞ്ഞയാഴ്ച മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
വിലവിവരം പ്രദര്‍ശിപ്പിക്കുന്നത് ഉറപ്പുവരുത്താനും നിയമലംഘകരെ കണ്ടെത്താനും മന്ത്രാലയം പരിശോധനാ ക്യാംപയിന്‍ ശക്തമായി തുടരും. പ്രധാന മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും അടക്കം നിരവധി റെയ്ഡുകള്‍ നടത്തുകയും നിയമലംഘകര്‍ക്കെതിരെ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

Latest