ദേശീയദിനാഘോഷം; മര്‍കസ് പരേഡ് പ്രോജ്വലമായി

Posted on: November 30, 2015 6:31 pm | Last updated: December 1, 2015 at 8:43 pm
SHARE

DSC_0503ദുബൈ: യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അല്‍ ബര്‍ഷ പോലീസ് സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരേഡ് പ്രൗഢഗംഭീരമായി. ദുബൈ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ നേതൃത്വത്തില്‍ എക്‌സിക്യുട്ടീവ്, സ്‌കൗട്ട്, ദഫ് വളണ്ടിയര്‍ സംഘങ്ങള്‍ അണിചേര്‍ന്ന പരേഡ് ദേശീയ ദിനമാഘോഷിക്കുന്ന യു എ ഇ ജനതക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യദാര്‍ഢ്യമായി. സ്റ്റേഷന്‍ പരിസരത്ത് രാവിലെ വ്യോമാഭ്യാസങ്ങളോടുകൂടിയാണ് ദേശീയ ദിനാഘോഷം തുടങ്ങിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരും പൗര പ്രമുഖരും ദേശീയ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ദുബൈ പോലീസ് സി ഐ ഡി വിഭാഗം ഡെപ്യൂട്ടി ചീഫ് കമാണ്ടര്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി മുഖ്യാതിഥിയായിരുന്നു. അല്‍ ബര്‍ഷ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ യൂസുഫ് അബ്ദുല്ല സാലം അല്‍ ഹുദൈദി സംബന്ധിച്ചു.
മര്‍കസിന്റെ നേതൃത്വത്തില്‍ നടന്ന പരേഡിന് മുന്നിലായി പോലീസ് മോട്ടോര്‍ വിഭാഗത്തിന്റെ സംഘവും സ്വദേശി വിദ്യാര്‍ഥികളുടെ ‘പോലീസ്’ സംഘവും അണിനിരന്നു. തുടര്‍ന്ന് മര്‍കസിന്റെ ബാനറിനു പിന്നില്‍ എക്‌സിക്യൂട്ടീവ് സംഘവും പിന്നിലായി ഇമ്പമാര്‍ന്ന ഈരടികളോടെ ചുവടുവെച്ച് ദഫ് സംഘവും ശേഷം വളണ്ടിയര്‍ സംഘവും പരേഡില്‍ പങ്കാളികളായി.
ഐ സി എഫ് മിഡില്‍ ഈസ്റ്റ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, സിറാജ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, മര്‍കസ് പബ്ലിക് റിലേഷന്‍ മാനേജര്‍ അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, ഐ സി എഫ് ദുബൈ സെന്‍ട്രല്‍ സെക്രട്ടറി സി എം എ ചേറൂര്‍, ട്രഷറര്‍ കരീം തളങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
രാജ്യത്തിന്റെ അഭിമാനാര്‍ഹമായ ഉന്നതിയില്‍ വിദേശിസമൂഹത്തിന്റെ മാതൃകാപരമായ പിന്തുണ ശ്രദ്ധേയമാണെന്നും ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ യു എ ഇയുടെ വളര്‍ച്ചയിലും സുരക്ഷിതത്വത്തിനും ശ്രദ്ധേയമായ സംഭാവന നല്‍കുന്നവരാണെന്നും അധികൃതര്‍ വ്യക്തമാക്കി. യു എ ഇ ദേശീയ ദിനാഘോഷത്തില്‍ ഇന്ത്യന്‍ സമൂഹം പങ്കാളിത്തം വഹിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു.
നിരവധി പോലീസുദ്യോഗസ്ഥരും വാണിജ്യ പ്രമുഖരും മാര്‍ച്ച് പാസ്റ്റ് വീക്ഷിക്കാനെത്തിയിരുന്നു. ജോര്‍ജ് നേരേപറമ്പില്‍, ഇഖ്ബാല്‍ ഹബ്തൂര്‍, ഇബ്‌റാഹീം മുറിച്ചാണ്ടി, എ സി ഇസ്മാഈല്‍, യൂസുഫ് സുബ്ബയ്യഘട്ട തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കെ എം സി സിയുടെ സഹകരണവും പോലീസ് പരേഡിനുണ്ടായിരുന്നു.