ജീവന്‍ ത്യജിച്ച സൈനികര്‍ ബഹുമാനിക്കപ്പെടും-ശൈഖ് മുഹമ്മദ്

Posted on: November 30, 2015 6:29 pm | Last updated: November 30, 2015 at 6:29 pm

shaik muhammedദുബൈ: രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ച സൈനികര്‍ ബഹുമാനിക്കപ്പെടുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ഇന്ന് ആചരിക്കുന്ന രക്തസാക്ഷിത്വ ദിനം അതിന്റെ നാന്ദിയാണ്. രാജ്യത്തിന്റെ അസ്ഥിത്വം കാത്തുസൂക്ഷിക്കാനും രാജ്യത്തിനായി വിലപ്പെട്ടതെന്തും നല്‍കാനുമുള്ള സൈനികരുടെ മഹാമനസ്‌കതയാണ് രക്തസാക്ഷിത്വത്തിലൂടെ ബോധ്യപ്പെടുന്നത്. രക്തസാക്ഷിത്വ ദിനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി. അവര്‍ എന്നും രാജ്യത്തിന്റെ ബഹുമാനം അര്‍ഹിക്കുന്നവരായി നമ്മുടെ മനസുകളില്‍ ജീവിക്കും. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിലും സുസ്ഥിരത കാത്തുസൂക്ഷിക്കുന്നതിലും രക്തസാക്ഷികള്‍ നല്‍കിയിരിക്കുന്നത് സമാനതകളില്ലാത്ത മാതൃകയാണ്. രക്തസാക്ഷികള്‍ നല്‍കിയ ജീവത്യാഗത്തോട് നാം എന്നും കൂറുപുലര്‍ത്തും. അവരുടെ മക്കള്‍ക്ക് നാം പിതാക്കളായി വര്‍ത്തിക്കും. രക്തസാക്ഷികളുടെ കുടുംബത്തിനും മക്കള്‍ക്കും ഒരു കുറവും നാം വരുത്തില്ല. ഏറ്റവും ഉയര്‍ന്ന നിലയില്‍ നാം അവരെ സംരക്ഷിക്കുകയും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. രക്തസാക്ഷികള്‍ തെളിച്ച വഴികളിലൂടെ രാഷ്ട്രത്തെ നാം അഭിമാനത്തോടെ നയിക്കും. യു എ ഇയിലെ ജനങ്ങളും ചരിത്രവും എന്നും ഓര്‍ക്കുന്ന ഒന്നായി ഈ ദിനം മാറിയിരിക്കയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
യമനില്‍ ഹൂത്തി വിമതര്‍ക്കെതിരായി സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ റെസ്റ്റോറിംഗ് ഹോപ്പിന്റെ ഭാഗമായി നിരവധി സ്വദേശി പട്ടാള ഓഫീസര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതാണ് രക്തസാക്ഷി ദിനം പ്രഖ്യാപിക്കുന്നതിലേക്ക് ശൈഖ് ഖലീഫയെ നയിച്ചത്. നവംബര്‍ 30 രാജ്യത്ത് പൊതു അവധി ദിനമായിരിക്കുമെന്ന് ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കിയിരുന്നു. യമനില്‍ സൈനിക നടപടി ആരംഭിച്ചതില്‍ പിന്നെ യു എ ഇക്ക് അറുപതില്‍ അധികം സൈനികരെയാണ് നഷ്ടമായത്. ഫസ്റ്റ് കോര്‍പറല്‍മാരായ ഖാലിദ് മുഹമ്മദ് അബ്ദുല്ല അല്‍ ഷേഹി, ഫഹീം സഈദ് അഹ്മദ് അല്‍ ഹബ്‌സി, ജുമ ജൗഹര്‍ ജുമ അല്‍ ഹമ്മാദി, നോണ്‍ കമ്മീഷന്‍ഡ് ഓഫീസറായ ഹാസിം ഉബൈദ് അല്‍ അലി, സെയ്ഫ് യൂസുഫ് അഹ്മദ് അല്‍ ഫലാസി, ലഫ്. അബ്ദുല്‍അസീസ് സര്‍ഹാന്‍ സാലിഹ് അല്‍ കഅബി തുടങ്ങിയവരാണ് യമനില്‍ രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചത്.