പാനായിക്കുളം സിമിക്യാമ്പ്: ആദ്യ രണ്ട് പ്രതികള്‍ക്ക് 14 വര്‍ഷം തടവ്

Posted on: November 30, 2015 11:37 am | Last updated: November 30, 2015 at 7:42 pm
SHARE

PANAYIKKULAMകൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ ആദ്യ രണ്ട് പ്രതികള്‍ക്ക് 14 വര്‍ഷം തടവ്. മറ്റു മൂന്ന് പ്രതികള്‍ക്ക് 12 വര്‍ഷം തടവ് ശിക്ഷയും വിധിച്ചു.അബ്ദുല്‍ റാസിഖ്, ശാദുലി എന്നിവര്‍ക്കാണ് 14 വര്‍ഷം കഠിന തടവ്. അന്‍സാര്‍ നദ്‌വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവര്‍ക്ക് 12 വര്‍ഷം കഠിനതടവ് ശിക്ഷയും പ്രത്യേക എന്‍ഐഎ കോടതി വിധിച്ചു.

കേസിലെ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം എന്‍ ഐ എ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ മറ്റ് 11 പ്രതികളെ വെറുതെ വിട്ടിരുന്നു. 2006ലെ സ്വാതന്ത്ര്യദിനത്തില്‍ ‘സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളുടെ പങ്ക്’ എന്ന പേരില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടത്തിയ ചര്‍ച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. യോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ അന്നത്തെ ബിനാനിപുരം എസ് ഐ. കെ എന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 18 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഘുലേഖകളും സിമിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പിടിച്ചെടുത്തതായും അന്വേഷണ സംഘം കോടതിയില്‍ വിശദീകരിച്ചു. കേസില്‍ 55 സാക്ഷികളെ പ്രോസിക്യുഷന്‍ കോടതിയില്‍ വിസ്തരിച്ചു. ശാദുലി, അന്‍സാര്‍ നദ്‌വി എന്നിവര്‍ അഹമ്മദാബാദ് സ്‌ഫോടന കേസില്‍ പ്രതിപ്പട്ടികയിലുള്ളതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് വിചാരണ നേരിട്ടത്. കുറ്റക്കാരായി കണ്ടെത്തിയ ഇരുവരെയും വിയ്യൂര്‍ ജയിലിലേക്കും മറ്റ് മൂന്ന് പേരെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here