ഷാജിയുടെ മരണം; ഉത്തരവാദിയായ ഉന്നത പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെ കേസെടുക്കണം- സി പി എം

Posted on: November 30, 2015 10:54 am | Last updated: November 30, 2015 at 10:54 am
SHARE

കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ ബാലുശ്ശേരി സ്വദേശി എ പി ഷാജിയുടെ മരണത്തിനുത്തരവാദിയായ ഉന്നത പോലീസ് ഉദ്യോഗസ്ഥാര്‍ക്കെതിരെ കേസ്സെടുത്ത് നടപടി സ്വീകരിക്കണമെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു സെക്രട്ടറിയേറ്റ് മുന്നറിയിപ്പു നല്‍കി. തന്റെ മരണത്തിനുത്തരവാദികളായ ഉദേ്യാഗസ്ഥരെ കുറിച്ച് ഷാജിയുടെ ആത്മഹത്യാക്കുറിപ്പില്‍ സൂചന നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ വൈകരുത്. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ അറിവില്ലാതെ സംഭവിച്ച ഒരു പോസ്റ്റിനെ നിമിത്തമാക്കിയെടുത്താണ് ഉന്നതരായ ചില പോലീസ് ഉദ്യോഗസ്ഥര്‍ വാശിയോടെ മിടുക്കനായ ഈ യുവ പോലീസുദേ്യാഗസ്ഥനുമെതിരെ നടപടി സ്വീകരിച്ചത്.
അബദ്ധമെന്ന് അറിഞ്ഞ ഒരു ചെറിയ പിഴവിന്റെ പേരിലാണ് ഷാജിയെ സസ്‌പെന്റ് ചെയ്തത്. തന്റെ നിരപരാധിത്വം അംഗീകരിക്കാതെ പ്രതികാരബുദ്ധിയോടെ ചില പോലീസ് ഉദേ്യാഗസ്ഥര്‍ അദ്ദേഹത്തെ അപമാനിക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ സംഭവിക്കുന്ന കുറ്റങ്ങള്‍ അബദ്ധമാണോ പിഴവാണോ എന്നൊക്കെ പരിശോധിക്കാനുള്ള സൈബര്‍ സംവിധാനം നിലനില്‍ക്കുമ്പോളാണ് ഷാജിക്കെതിരെ നടപടി സ്വീകരിച്ചത്. അപമാനഭാരം സഹിക്കാനാവാതെയാണ് ഷാജി ആത്മഹത്യ ചെയ്തത്.
പോലീസില്‍ തന്നെ കൊടും ക്രിമിനലുകളായ എത്രയോ ഉദ്യോഗസ്ഥരുണ്ട്. അവരെ സംരക്ഷിക്കുന്നവരാണ് തിടുക്കപ്പെട്ട് ഷാജിക്കെതിരെ നടപടിയെടുത്തതെന്നും സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി. കോഴിക്കോട് നഗരം കേന്ദ്രമായി നടന്ന വിവാദപരമായ പെണ്‍വാണിഭകേസുകളില്‍ പ്രതികളായിട്ടുള്ള എത്രയോ ഉന്നതര്‍ സ്വതന്ത്രരായി നടക്കുമ്പോഴാണ് സത്യസന്ധനും ആദര്‍ശവാനുമായ ഒരു പോലീസ് ഉദ്യോഗസ്ഥനെ സ്ത്രീകളെ അപമാനിച്ചു എന്നാരോപിച്ച് സസ്‌പെന്റ് ചെയ്തത്.
ഷാജിയുടെ നയവും കഴിവുമറിയാവുന്ന മേലുദേ്യാഗസ്ഥരുടെ അച്ചടക്ക നടപടിക്കുള്ള വാശിയാണ് കൊലപാതകത്തിന് തുല്യമായ ഈ ചെറുപ്പക്കാരന്റെ മരണത്തിന് കാരണമായത്. അത്തരം ഉദേ്യാഗസ്ഥര്‍ക്കെതിരെ ഡിപ്പാര്‍ട്ടുമെന്റ് നടപടി മാത്രം പോര.
ഒട്ടും വൈകാതെ കേസെടുത്ത് അവരെ അറസ്റ്റുചെയ്യണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here