Connect with us

Kozhikode

റവന്യു ജില്ലാ കായികമേള: മേളയുടെ രണ്ടാം ദിനവും മുന്നില്‍ മുക്കം തന്നെ

Published

|

Last Updated

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിവസമായ ഇന്നലെയും നിലവിലെ ചാമ്പ്യന്‍മാരായ മുക്കം ഉപജില്ല മുന്നേറ്റം തുടരുന്നു. ജില്ലയില്‍ ആദ്യമായി സിന്തറ്റിക്ക് ട്രാക്കില്‍ സംഘടിപ്പിച്ച കായികമേളയില്‍ ഇന്നലെ 56 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുപത് സ്വര്‍ണവും പതിനാറ് വെള്ളിയും പത്ത് വെങ്കലവുമായി 158 പോയിന്റുമായി മുക്കവും പതിനാല് സ്വര്‍ണ്ണം, ഒന്‍പത് വീതം വെള്ളിയും വെങ്കലവുമായി 106 പോയിന്റോടെ പേരാമ്പ്ര ഉപജില്ലയും, നാല് സ്വര്‍ണ്ണം, ആറ് വീതം വെള്ളിയും വെങ്കലവുമായി 44പോയിന്റോടെ ബാലുശ്ശേരി ഉപജില്ലയുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
സ്‌കൂള്‍ വിഭാഗത്തില്‍ 11 സ്വര്‍ണ്ണം, 5 വെള്ളി, 3 വെങ്കലവുമായി 68 പോയിന്റോടെ സെന്റ് ജോര്‍ജ് എച്ച് എസ്സ് എസ്സ് കുളത്തുവയലാണ് മുന്നിട്ടു നില്‍ക്കുന്നത്.11 സ്വര്‍ണ്ണവും 7 വെള്ളിയും 1 വെങ്കലവുമായി 66പോയിന്റോടെ സെന്റ് ജോസഫ് എച്ച് എസ്സ് പുല്ലുരാം പാറയാണ് തൊട്ടു പിന്നില്‍. 4 സ്വര്‍ണ്ണവും 5 വെള്ളിയും 3 വെങ്കലവുമായി എം കെ എച്ച് എച്ച് എം ഒ വി എച്ച് എസ്സ് എസ്സ് ഫോര്‍ ഗേള്‍സ് മുക്കമാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
മുന്നാം ദിവസമായ ഇന്ന് മേളയുടെ സമാപന സമ്മേളനം വൈകീട്ട് മൂന്നിന് ഒളിംപ്യന്‍ പി ടി ഉഷ ഉദ്ഘാടനം ചെയ്യും. ജില്ലാ മേളയിലെ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാന കായികമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മത്സരത്തില്‍ വിജയിക്കുന്ന സബ്ജില്ലകള്‍ക്ക് ഓവറോള്‍ ട്രോഫിയും വ്യക്തിഗതയിനങ്ങള്‍ക്ക് ട്രോഫിയും നല്‍കും. 96 ഇനങ്ങളിലായി 17 ഉപജില്ലകളില്‍ നിന്നുള്ള 3900 കായികതാരങ്ങളാണ് കായിക മേളയില്‍ മാറ്റുരക്കുന്നത്. അടുത്തമാസം ഇതേ ട്രാക്കില്‍ വെച്ചാണ് സംസ്ഥാന സ്‌കൂള്‍ കായിക മേള നടക്കുന്നത്.