Connect with us

International

സിറിയയിലെ ഇദ്‌ലിബില്‍ 44 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ദമസ്‌കസ് : ഇദ്‌ലിബ് പ്രവിശ്യയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ റഷ്യന്‍ വ്യോമസേന നടത്തിയതെന്ന് സംശയിക്കുന്ന ആക്രമണത്തില്‍ 44പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നുസ്‌റ ഫ്രന്റ് ഉള്‍പ്പെട്ട വിമത സഖ്യ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള അരിഹ നഗരത്തിലാണ് ആക്രമണം നടന്നതെന്ന് ബ്രിട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ സംഘടന പറഞ്ഞു. മാര്‍ക്കറ്റിന് പുറമെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആക്രമണം ദുരിതം വിതച്ചിട്ടുണ്ട്. റഷ്യന്‍ പോര്‍ വിമാനങ്ങള്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ 60 ആയി ഉയര്‍ന്നേക്കാമെന്ന് മനുഷ്യാവകാശ സംഘടന പറഞ്ഞു. അതേസമയം ആക്രമണത്തെക്കുറിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല. സിറിയന്‍ സേനയോട് കൂറ് പുലര്‍ത്തുന്നവരുമായി ഏറ്റുമുട്ടി മെയ് മാസത്തിലാണ് വിമതര്‍ അരിഹ പിടിച്ചടക്കിയത്. പ്രസിഡന്റ് ബശര്‍ അല്‍അസദിന് പിന്തുണ പ്രഖ്യാപിച്ച് സെപ്തംബര്‍ മുപ്പത് മുതലാണ് റഷ്യന്‍ വ്യോമസേന സിറിയയില്‍ ആക്രമണം നടത്തിയത്. ഇസിലിനെ ലക്ഷ്യംവെച്ചാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്നാണ് റഷ്യ പറയുന്നത്. എന്നാല്‍ ഇസിലിനേക്കാള്‍ മറ്റ് വിമത സംഘങ്ങളെയാണ് റഷ്യ ലക്ഷ്യംവെക്കുന്നതെന്ന് വിമര്‍ശമുണ്ട്. ഇദ്‌ലിബ് പ്രവിശ്യയില്‍ നേരത്തെയും നിരവധി തവണ റഷ്യ ആക്രമണം നടത്തിയിരുന്നു. കിഴക്കന്‍ സിറിയ മുഴുവന്‍ നിയന്ത്രിക്കുന്ന ഇസിലിന്റെ ശക്തി കേന്ദ്രമല്ല ഈ പ്രവിശ്യ.

---- facebook comment plugin here -----

Latest