സെക്കുലര്‍ എന്ന ഭീകര പദം !

Posted on: November 30, 2015 12:29 am | Last updated: November 30, 2015 at 12:29 am
SHARE

ZAF3f4qഗോള്‍ പോസ്റ്റില്‍ നിന്ന് അധികം ദൂരെയല്ലാതെ, പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നുള്ള ഫ്രീ കിക്ക്. ഗോള്‍ കീപ്പറുടെ നിര്‍ദേശപ്രകാരം ഉയരുന്ന പ്രതിരോധ നിര. ഈ നിരയെ മറികടന്ന് പന്തെത്താന്‍ ഇടയുള്ള സ്ഥലത്തേക്ക് ശ്രദ്ധയൂന്നി കീപ്പര്‍. പ്രതിരോധ നിരക്ക് മുകളിലൂടെ, കീപ്പര്‍ പ്രതീക്ഷിച്ച സ്ഥലത്തേക്ക് സഞ്ചരിക്കുന്നുവെന്ന തോന്നലുണ്ടാക്കി, യാത്രയുടെ മധ്യത്തില്‍ പൊടുന്നനെ വളഞ്ഞ് പോസ്റ്റിന്റെ മൂലയിലേക്ക് ഇറങ്ങാന്‍ പാകത്തില്‍ പന്ത് തൊടുക്കണം. അതാണ് അടിക്കാരന്റെ (സ്‌ട്രൈക്കര്‍) മുന്നിലുള്ള വെല്ലുവിളി. ഈ വെല്ലുവിളി ഏറ്റെടുത്ത് മനോഹരമായി നടപ്പാക്കുന്ന കളിക്കാര്‍ പലരുണ്ടായിരുന്നു കളത്തില്‍, ഇപ്പോഴുമുണ്ട്.
ഫുട്‌ബോള്‍ കളിയില്‍ അതൊരു കലയാണ്. ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളുടെ പിന്‍ബലമുള്ള പ്രയോഗം. സെക്കന്‍ഡുകള്‍ നീളുന്ന യാത്രയുടെ തുടക്കത്തില്‍ നിലത്തോടു ചേര്‍ന്നു നില്‍ക്കും പന്ത്. തങ്ങള്‍ തീര്‍ത്ത നിരയില്‍ തട്ടി യാത്ര അവസാനിക്കുമെന്ന് പ്രതിരോധിക്കുന്നവര്‍ക്ക് തോന്നും. ഈ തോന്നലിനെ അട്ടിമറിച്ച് പൊടുന്നനെ ഉയര്‍ന്ന് പ്രതിരോധിക്കുന്നവരുടെ തലക്ക് മുകളിലൂടെ യാത്ര തുടരും, പോസ്റ്റില്‍ കാത്തുനില്‍ക്കുന്ന ഗോളിക്ക് തന്റെ കൈകളിലേക്ക് തന്നെയെന്ന പ്രതീക്ഷ നല്‍കിക്കൊണ്ട്. നിമിഷാര്‍ധം കൊണ്ട് ഈ പ്രതീക്ഷയും തകരും. യാത്രക്കിടെ എതിര്‍ ദിശയിലേക്ക് തിരിഞ്ഞ് മുന്നേറും. കാര്യങ്ങള്‍ നേര്‍ക്കുനേരെയാണെന്ന പ്രതീതി ജനിപ്പിച്ച് എതിരാളികളെയൊന്നാകെ പറ്റിക്കുന്ന വിദ്യ.
രാജ്യത്തിന്റെ ഭരണഘടന പൂര്‍ത്തിയാക്കി അംഗീകാരത്തിന് സമര്‍പ്പിച്ചത് 1949 നവംബര്‍ 26നാണ്. ഭരണഘടനാ നിര്‍മാണ സഭയുടെ അധ്യക്ഷനായിരുന്ന ഡോ. ബി ആര്‍ അംബേദ്കറുടെ സംഭാവനകളെ ആദരിക്കുന്നതിന് നവംബര്‍ 26, 27 തീയതികളില്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതും അതിന്റെ തുടര്‍ച്ചയായി പ്രമേയം പാസ്സാക്കിയതും 1949 നവംബര്‍ 26നെ സ്മരിച്ചാണ്. ആ ചര്‍ച്ചയില്‍ പങ്കെടുത്ത പാര്‍ലിമെന്റിലെ ബി ജെ പി പ്രതിനിധികളും ഉപസംഹാര പ്രഭാഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് വളയുന്ന കിക്കുകളെ ഓര്‍മിപ്പിച്ചത്.
”ഇന്ത്യ ആദ്യം എന്നതാണ് സര്‍ക്കാറിന്റെ മതം, സര്‍ക്കാറിന്റെ മതഗ്രന്ഥം ഭരണഘടനയാണ്” – പ്രധാനമന്ത്രിയുടെ വാക്കുകള്‍. ലളിതമായ വാക്കുകളില്‍ ഭരണഘടനയെക്കുറിച്ച് പറഞ്ഞാല്‍ അത് ഇന്ത്യയുടെ അന്തസ്സിനും ഐക്യത്തിനും വേണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞുവെച്ചു. സത്യം ജയിക്കും, അഹിംസയാണ് പരമമായ ധര്‍മം, ഒന്നായ സത്യം പലപേരുകളില്‍ വിളിക്കപ്പെടുകയാണ്, ലോകം ഒരു കുടുംബമാണ്, എല്ലാ വിഭാഗത്തിനും ഒരേ പരിഗണന എന്ന് തുടങ്ങി ഇന്ത്യയുടെ ദര്‍ശനങ്ങളെന്ന പേരില്‍ പലതും അദ്ദേഹം പറയുകയും ചെയ്തു.
നേര്‍ക്കുനേരെ എല്ലാം ഭദ്രമാണ്. മഹത്തായൊരു ഭരണഘടന, അതിനെ മതഗ്രന്ഥമായിക്കണ്ട്, അത് നിഷ്‌കര്‍ഷിക്കുന്ന അതിരുകള്‍ക്കുള്ളില്‍ നിന്ന് മാത്രം പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകുന്ന ഭരണകൂടം. രാജ്യത്തിന്റെ അന്തസ്സിനും ഐക്യത്തിനും വേണ്ടിയുള്ള ഭരണഘടനയെ അതുപോലെ ‘ആരാധിക്കുന്നവര്‍’ ഒരിക്കല്‍പ്പോലും അന്തസ്സിനോ ഐക്യത്തിനോ വിഘാതമാകുന്ന ഒന്നും ചെയ്യില്ലെന്ന വ്യംഗ്യം. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യാനോ അസഹിഷ്ണുത കാട്ടാനോ തയ്യാറാകുമോ എന്ന് നേരിട്ടുന്നയിക്കാത്ത ചോദ്യം. ഇവ്വിധം ഭരണഘടനാനുസൃതരായവരെക്കുറിച്ച് ആരോപണങ്ങളുന്നയിക്കുന്നതില്‍ കഴമ്പില്ലെന്ന് പാഠം.
ഇപ്പറയുന്ന മഹത്വമൊക്കെ ഭരണഘടനക്ക് സിദ്ധിച്ചത് എവിടെ നിന്നാണെന്നതില്‍ പ്രധാനമന്ത്രിക്ക് തെല്ലും സംശയമില്ല. സത്യത്തെക്കുറിച്ചും അഹിംസയെക്കുറിച്ചും സമഭാവനയെക്കുറിച്ചുമൊക്കെ ഭരണഘടനയില്‍ പ്രതിപാദ്യമുണ്ടായതില്‍ വേദങ്ങള്‍ക്കും പുരാണങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഏറെക്കുറെ അവയില്‍ പറയുന്നതൊക്കെയാണ് സവിശേഷമായ ഈ ഭരണഘടനയുടെ ഉള്ളടക്കം. ആ ഭരണഘടനയെ അനുസരിക്കുമ്പോള്‍ വേദങ്ങളിലും പുരാണങ്ങളിലും പറയുന്ന ആശയങ്ങളെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. വേദ – പുരാണ പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഹിന്ദുത്വ അജന്‍ഡ. ആകയാല്‍ ഭരണഘടനയെ അനുസരിക്കുന്നതിന് ഹിന്ദുത്വ അജന്‍ഡയെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. അപ്പോള്‍ പിന്നെ ഹിന്ദുത്വ അജന്‍ഡകള്‍ വേഗത്തില്‍ നടപ്പാക്കിയെടുക്കുന്നതിന് സര്‍ക്കാര്‍ പരോക്ഷമായും സര്‍ക്കാറില്‍ നേരിട്ട് പങ്കുള്ള വ്യക്തികളും നേരിട്ട് പങ്കില്ലാത്ത സംഘങ്ങളും പ്രത്യക്ഷമായും ശ്രമിക്കുമ്പോള്‍ എതിക്കുന്നത് എന്തിന്? എതിര്‍പ്പുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അസഹിഷ്ണുതയെന്ന് പരിതപിക്കുന്നതെന്തിന്?
ഭരണഘടനാ ചര്‍ച്ചയില്‍ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെക്കുറിച്ചോ അസഹിഷ്ണുതയെക്കുറിച്ചോ പ്രധാനമന്ത്രി യാതൊന്നും പറഞ്ഞില്ലെന്ന് പറയുന്നവര്‍ ഇതൊന്നും മനസ്സിലാക്കാത്തവരാണ്. പ്രധാനമന്ത്രിയും ബി ജെ പിയുടെ ഇതര പ്രതിനിധികളും നേര്‍ക്കു നേര്‍ കിക്കെടുത്ത്, പാര്‍ലിമെന്റില്‍ പ്രമേയം ഏകകണ്ഠമായി അംഗീകരിപ്പിക്കാന്‍ പാകത്തില്‍ കളത്തില്‍ സമനില ശേഷിപ്പിച്ചവരാണെന്ന് കരുതുന്നവര്‍. പറയേണ്ടതൊക്കെ പറഞ്ഞിട്ടുണ്ട്, അത് വേണ്ടവിധം ജനം മനസ്സിലാക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ഇന്നോ നാളെയോ അല്ല, വര്‍ഷങ്ങള്‍കൊണ്ട്. ഹിന്ദു (ഹിന്ദുത്വ അല്ല) ദര്‍ശനങ്ങളില്‍ ഉറച്ചുനിന്നു കൊണ്ട് അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇല്ലാതാക്കി സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ യത്‌നിച്ചവരെ സംഘ്പരിവാര്‍ സ്വന്തമാക്കുകയോ സ്വന്തമാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍ മുതല്‍ ഭഗത് സിംഗ് വരെയുള്ളവര്‍ സംഘ്പരിവാരത്തിന്റെ പോസ്റ്ററുകളിലെ സാന്നിധ്യമായത് അങ്ങനെയാണ്. ഇപ്പോള്‍ ശ്രീ നാരായണ ഗുരുവിനെയും അയ്യങ്കാളിയെയുമൊക്കെ ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിന്റെ മറ്റൊരു അധ്യായത്തിന് ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ തുടക്കമിട്ടു.
ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറെ സംഘ്പരിവാരത്തിന്റെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക്. അല്ലെങ്കില്‍ അംബേദ്കര്‍ മുന്നോട്ടുവെച്ചത് ഹിന്ദുത്വ അജന്‍ഡകള്‍ പ്രാവര്‍ത്തികമാക്കാന്‍ പാകത്തിലുള്ള ഭരണഘടനയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക്. ‘ഭാരത’ത്തിന്റെ പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഭരണഘടന എന്ന് വാദിക്കുമ്പോള്‍ അതിന്റെ രൂപവത്കരണത്തില്‍ മുഖ്യ പങ്കുവഹിച്ച അംബേദ്കര്‍ രാജ്യത്തെ രൂപകല്‍പ്പന ചെയ്തത്, പാരമ്പര്യത്തിന്റെ ശക്തിയിലാണെന്ന് പറഞ്ഞുവെക്കുകയാണ് ബി ജെ പി. എല്ലാ പൗരന്‍മാര്‍ക്കും തുല്യാവകാശങ്ങള്‍ ഭരണഘടനയില്‍ വ്യവസ്ഥചെയ്തിട്ടുള്ളതിനാല്‍ ആമുഖത്തില്‍ മതനിരപേക്ഷമെന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അംബേദ്കര്‍ അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ പാരമ്പര്യം സമഭാവനയുടേതാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ സ്വഭാവം രൂപപ്പെടേണ്ടത് എന്നുമാണ് അംബേദ്കര്‍ അഭിപ്രായപ്പെട്ടത് എന്ന് ബി ജെ പിക്കാര്‍ വാദിക്കുന്നു. അതിന്റെ പ്രതിഫലനം പാര്‍ലിമെന്റില്‍ കണ്ടു.
ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ ആദ്യത്തിലുണ്ടായിരുന്നില്ലെന്നും ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് (1976ല്‍) കൂട്ടിച്ചേര്‍ത്തതാണെന്നും ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. മതനിരപേക്ഷമെന്ന (സെക്കുലര്‍) പേരില്‍ രാജ്യത്ത് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത് വ്യാജമാണെന്നും അദ്ദേഹം വാദിച്ചു. മതനിരപേക്ഷതയല്ല, നിഷ്പക്ഷതയാണ് രാജ്യത്തിന് ആവശ്യമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സെക്യുലര്‍ എന്ന വിശേഷണം വേണ്ടെന്ന് പറഞ്ഞ അംബേദ്കര്‍ രാജ്യത്തിന്റെ പാരമ്പര്യം തന്നെ ആ സ്വഭാവം സംരക്ഷിക്കാന്‍ പര്യാപ്തമാണെന്ന് സമ്മതിക്കുകയായിരുന്നു. എല്ലാ പൗരന്‍മാര്‍ക്കും തുല്യാവകാശമെന്ന വ്യവസ്ഥയുള്ളതിനാല്‍ സെക്യുലര്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലെന്ന് വിശദീകരിക്കുക വഴി മതനിരപേക്ഷതയല്ല നിഷ്പക്ഷതയാണ് രാജ്യത്ത് നിലനില്‍ക്കേണ്ടത് എന്ന സങ്കല്‍പ്പത്തിനാണ് അംബേദ്കര്‍ പ്രാമുഖ്യം നല്‍കിയത് എന്ന് വാദിക്കുകയാണ് സംഘ്പരിവാര്‍.
ഭരണഘടനയുടെ ശില്‍പ്പി യഥാര്‍ഥത്തില്‍ വിഭാവനം ചെയ്തത് ഹിന്ദുത്വ അജന്‍ഡകള്‍ പുലരുന്ന രാഷ്ട്രമായിരുന്നു, ചില വാക്കുകളോ പ്രയോഗങ്ങളോ കൂട്ടിച്ചേര്‍ത്തതുകൊണ്ട് അതില്‍ വെള്ളം ചേരുന്നില്ല എന്നാണ് ബി ജെ പി പറഞ്ഞുവെച്ചത്. കൂട്ടിച്ചേര്‍ക്കലുകള്‍ അവിടെ നിന്നുകൊള്ളട്ടെ എന്ന ഉദാരമനോഭാവം രാജ്‌നാഥ് സിംഗും ഭരണഘടനയാണ് മതഗ്രന്ഥമെന്ന് നരേന്ദ്ര മോദിയും പറയുമ്പോള്‍, കാലാന്തരത്തില്‍ വളഞ്ഞ്, ലക്ഷ്യത്തിലേക്ക് നീങ്ങാനുദ്ദേശിച്ചുള്ള വാക്കുകളാണിവയെന്ന് മനസ്സിലാക്കണം. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ ശക്തമായി എതിര്‍ത്തിരുന്ന അംബേദ്കര്‍, അത്തരമൊരു അവസ്ഥയിലാണ് ഹിന്ദു മതത്തിനെതിരെ നിലപാട് എടുത്തതെന്നും അടിസ്ഥാനപരമായി അദ്ദേഹം ഹിന്ദു രാഷ്ട്രത്തെ അനുകൂലിച്ചിരുന്നയാളാണെന്നും സംഘ്പരിവാര്‍ വാദിക്കുന്നത് വൈകാതെ കേള്‍ക്കാനാകും.
മതനിരപേക്ഷത എന്ന ആശയം വ്യാജമാണെന്ന പ്രചാരണം നേരത്തെ മുതല്‍ തന്നെ സംഘ പരിവാരം നടത്തിക്കൊണ്ടിരിക്കുന്നതാണ്. ന്യൂനപക്ഷങ്ങള്‍ക്ക് സവിശേഷമായ ചില അധികാരങ്ങള്‍ നല്‍കുന്നതും അത് നിലനിര്‍ത്തുന്നതിന് സഹായകമാകുന്നതും അവരെ പ്രീണിപ്പിക്കുന്നതുമാണ് മതനിരപേക്ഷത എന്നാണ് ഇവരുടെ വാദം. അത് ഭൂരിപക്ഷത്തിന്റെ അവകാശാധികാരങ്ങളെ വിഗണിക്കുന്നതാണെന്നും. ഏതെങ്കിലുമൊരു സമുദായം ജനസംഖ്യയില്‍ ഭൂരിപക്ഷമായിരിക്കുന്ന രാജ്യത്ത്, സാമൂഹിക, സാമ്പത്തിക മേഖലകളുടെ മുഖ്യധാരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് (മതം, ജാതി, ഭാഷ എന്നിങ്ങനെ പലതിനാലും ന്യൂനപക്ഷം) അര്‍ഹമായ സ്ഥാനം ഉറപ്പിക്കുന്ന സംവിധാനം നിലനില്‍ക്കുമ്പോഴാണ് സാമൂഹിക ആരോഗ്യമുണ്ടാകുന്നത്. അതുണ്ടെങ്കിലേ വൈവിധ്യം തുടരൂ. അംഗബലമുള്ളവരുടെ ഇംഗിതത്തിന് വഴങ്ങി ജീവിക്കേണ്ടവരല്ല മറ്റുള്ളവരെന്ന വലിയ ജനാധിപത്യ – മനുഷ്യാവകാശ ബോധ്യത്തിന്റെ കൂടി ഭാഗമാണത്. അതൊക്കെ മനസ്സിലാക്കി തയ്യാറാക്കിയതാണ് ഭരണഘടന. സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് അതിനെ കുറേക്കൂടി ഉറപ്പിക്കേണ്ടതുണ്ടെന്ന് ഇന്ദിരാ ഗാന്ധിക്ക് തോന്നിയത്, രാഷ്ട്രീയ നേട്ടങ്ങള്‍ കൂടി മുന്നില്‍കണ്ടായിരിക്കാം. പക്ഷേ, ഭരണഘടനയുടെ അടിസ്ഥാനഭാവത്തെ നിരാകരിക്കാനോ അട്ടിമറിക്കാനോ പാകത്തില്‍ വര്‍ഗീയഫാസിസം രാജ്യത്ത് ശക്തമാകാനിടയുണ്ടെന്ന ദീര്‍ഘദൃഷ്ടിയുടെ കൂടി ഭാഗമായി ആ കൂട്ടിച്ചേര്‍ക്കലിനെ ഇപ്പോള്‍ കാണണം.
ആ കൂട്ടിച്ചേര്‍ക്കലിനെ നിസ്സാരമായി കാണുകയും മൂലരൂപത്തില്‍ എന്തുകൊണ്ട് ഇവയെ ഒഴിവാക്കാന്‍ തീരുമാനിച്ചെന്ന് സ്വന്തം അജന്‍ഡക്കനുസൃതമായി വ്യാഖ്യാനിക്കുകയും ചെയ്യേണ്ടത് സംഘ്പരിവാരത്തിന്റെയും രാഷ്ട്രീയ രൂപമായ ബി ജെ പിയുടെയും ആവശ്യമാണ്. അതുകൊണ്ടാണ് ജനമനസ്സുകളിലേക്ക് വളഞ്ഞിറങ്ങാന്‍ പാകത്തില്‍ ആശയങ്ങള്‍ തൊടുക്കുന്നത്. എതിര്‍ക്കാന്‍ കഴിയുമെന്ന തോന്നല്‍ എതിരാളികളിലുണ്ടാക്കിയ ശേഷം ജനങ്ങളുടെ മനസ്സെന്ന ലക്ഷ്യത്തിലേക്ക് പതിക്കാന്‍ പാകത്തിലുള്ള തൊടുക്കലുകള്‍. ഈ ഭരണഘടനയാണ് സര്‍ക്കാറിന്റെ മതഗ്രന്ഥമെന്ന് നരേന്ദ്ര മോദി, വിനീതവേഷമഭിനയിച്ച് പറയുമ്പോള്‍ ഈ ഭരണഘടന തന്നെ മതി ഹിന്ദുത്വ അജന്‍ഡകളുടെ പൂര്‍ത്തീകരണത്തിന് എന്ന് കൂടിയാണ് പറഞ്ഞുവെക്കുന്നത്. 65 കൊല്ലം മുമ്പെടുത്ത കിക്കിനെ വളക്കാനാകുമോ എന്നാണ് നോട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here