Connect with us

Editorial

ഇസില്‍ സംഘത്തിന്റെ സാമ്പത്തിക സ്രോതസ്സ്

Published

|

Last Updated

സിറിയയില്‍ ഇസില്‍ ഭീകരരെ ഉന്‍മൂലനം ചെയ്യാനെന്ന പേരില്‍ നടക്കുന്ന സംയുക്ത സൈനിക നീക്കം പാരീസ് ആക്രമണത്തോടെ പുതിയ തലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വന്‍ശക്തികള്‍ കൂടിയിരിക്കുന്ന എല്ലാ ഉച്ചകോടികളിലും ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ഇസിലാണ്. സൈനിക പരിഹാരം കൂടുതല്‍ ശക്തമാക്കി ഇസിലിനെ അവസാനിപ്പിക്കാമെന്ന തീര്‍പ്പിലാണ് ചര്‍ച്ചകളെല്ലാം ചെന്നെത്തുന്നത്. രാഷ്ട്രീയ പരിഹാരം എന്ന സാധ്യത പോലും ഇവര്‍ പരിശോധിക്കുന്നില്ല. ഇസില്‍ പിടിമുറുക്കിയ പ്രദേശങ്ങളില്‍ അവിടുത്തെ ജനത ആഗ്രഹിക്കുന്ന സുസജ്ജമായ ഭരണകൂടം സ്ഥാപിക്കുക മാത്രമാണ് പോംവഴിയെന്ന് ഇവര്‍ മനസ്സിലാക്കാത്തതിന്റെ കാരണമെന്താണ്? ഭീകരവാദികളും സാമ്രാജ്യത്വവും തമ്മിലുള്ള തുരങ്കസൗഹൃദങ്ങള്‍ മുഴുവന്‍ പുറത്തുവരുന്ന കാലത്ത് മാത്രമേ ഈ ചോദ്യത്തിന് പൂര്‍ണ ഉത്തരം ലഭിക്കുകയുള്ളൂ.
പഴയ ശീതസമര വൈരികളായ റഷ്യയും തുര്‍ക്കിയും ചരിത്രത്തിലെ ഏറ്റവും ആഴമേറിയ ബന്ധവിച്ഛേദനത്തിലേക്ക് നീങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ സംഭവവികാസം. സിറിയന്‍ വിഷയത്തില്‍ ഈ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ നിലനിന്ന അഭിപ്രായവ്യത്യാസം നിര്‍ണായക വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഈ രാജ്യങ്ങളിലെ നേതാക്കള്‍ നടത്തുന്ന വാക്‌പോര് ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നുണ്ട്. ഇസില്‍ തീവ്രവാദികളുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച ലോകത്തിന്റെ ചോദ്യത്തിനാണ് പ്രധാനമായും ഉത്തരം ലഭിക്കുന്നത്.
റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായത്. വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചതോടെയാണ് സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതെന്ന് തുര്‍ക്കി വ്യക്തമാക്കുന്നു. എന്നാല്‍, യുദ്ധവിമാനം സിറിയന്‍ അതിര്‍ത്തിയിലായിരുന്നുവെന്നാണ് റഷ്യയുടെ വാദം. തുര്‍ക്കി പിന്നില്‍ നിന്ന് കുത്തിയെന്നും ഇസില്‍ തീവ്രവാദികളെ സഹായിക്കാനാണ് തുര്‍ക്കി ഇത് ചെയ്തതെന്നും റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ ആഞ്ഞടിച്ചു. ഇസില്‍ സംഘം പിടിച്ചെടുത്ത എണ്ണ സമ്പന്ന പ്രദേശങ്ങളില്‍ നിന്ന് ഊറ്റുന്ന എണ്ണ വാങ്ങുന്നത് തുര്‍ക്കിയാണെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് വെടിപൊട്ടിച്ചു. തുര്‍ക്കി പറയുന്നത് നേരെ തിരിച്ചാണ്. റഷ്യയുടെ എക്കാലത്തെയും നല്ല സുഹൃത്താണ് സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ്. അദ്ദേഹം വഴി റഷ്യ ഇസില്‍ ആധിപത്യ മേഖലയിലെ എണ്ണ സമ്പത്ത് തുച്ഛ വിലക്ക് വാങ്ങുന്നുവെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്. ഇസില്‍ സംഘത്തിന് എണ്ണ ശുദ്ധീകരണ സാമഗ്രികള്‍ എത്തിച്ചുകൊടുക്കുകയും ശുദ്ധീകരിച്ച എണ്ണ വാങ്ങുകയും ചെയ്തതിന് ബശര്‍ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ജോര്‍ജ് ഹസ്‌വാനി എന്നയാളെ അമേരിക്കന്‍ ഏജന്‍സികള്‍ പിടികൂടിയെന്നും ഇയാളുടെ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയെന്നുമുള്ള വാര്‍ത്തയെ ഈ ആരോപണം തെളിയിക്കാന്‍ തുര്‍ക്കി അധികൃതര്‍ ഉപയോഗിക്കുന്നു.
ഈ എണ്ണത്തുണിയേറില്‍ വ്യക്തമാകുന്നതെന്താണ്? ഇസിലിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് അവര്‍ കീഴടക്കിയ പ്രദേശങ്ങളിലെ എണ്ണ സമ്പത്താണ്. അത് ശുദ്ധീകരിക്കാനും കയറ്റിയയക്കാനും അവര്‍ക്ക് എല്ലാ സന്നാഹങ്ങളുമുണ്ട്. സാധാരണയില്‍ നിന്ന് എത്രയോ താഴെ വിലക്കാണ് ഇവര്‍ എണ്ണ വില്‍ക്കുന്നത്. പ്രതിദിനം പത്ത് ലക്ഷം ഡോളര്‍ ഇങ്ങനെ ഇവര്‍ സമ്പാദിക്കുന്നുണ്ടെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ ഡോ. കരോള്‍ നഖ്‌ലേ പറയുന്നത്. ഈ പണത്തിന്റെ നല്ല ശതമാനം ഒഴുകുന്നത് ഇറാഖിലേക്കാണ്. കൂടുതല്‍ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനും കീഴടക്കപ്പെട്ട പ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റും ശമ്പളം നല്‍കുന്നതിനും ഒരുഭാഗം പോകുന്നു. മറുഭാഗം ആയുധങ്ങളും വാഹനങ്ങളുമടക്കമുള്ള യുദ്ധസാമഗ്രികള്‍ വാങ്ങാനും ചെലവിടുന്നു. ചിത്രം വ്യക്തമാണ്. ഭീകരവിരുദ്ധ യുദ്ധത്തിനായി പ്രതിജ്ഞ പുതുക്കുന്നവര്‍ തന്നെയാണ് അവരില്‍ നിന്ന് എണ്ണ വാങ്ങുന്നത്. പാല്‍മിറയില്‍ നിന്നും മറ്റും മോഷ്ടിച്ച വിലമതിക്കാനാകാത്ത പുരാതന വസ്തുക്കള്‍ വാങ്ങുന്നതും ഇവര്‍ തന്നെയാണ്. തീവ്രവാദികള്‍ക്ക് ആയുധവും മറ്റ് സംവിധാനങ്ങളും വില്‍ക്കുന്നതും ഇവിടങ്ങളിലെ കമ്പനികള്‍ തന്നെയാണ്. ഇസില്‍ സംഘത്തെ അമര്‍ച്ച ചെയ്യണമെന്ന് നിശ്ചയ ദാര്‍ഢ്യമുണ്ടെങ്കില്‍ ഈ കൊടുക്കല്‍ വാങ്ങലുകളുടെ വേരറുക്കുകയല്ലേ വേണ്ടത്? കൊതുകുകളെ കൊല്ലാന്‍ തോക്കെടുക്കും മുമ്പ് അവ വളരുന്ന വെള്ളക്കെട്ടുകള്‍ വൃത്തിയാക്കിയാല്‍ പോരേയെന്ന് നോം ചോംസ്‌കി ചോദിക്കുന്നുണ്ട്. ഇവര്‍ താവളമാക്കുന്ന രാജ്യങ്ങളില്‍ സുശക്തമായ ഭരണകൂടങ്ങള്‍ സാധ്യമാക്കുകയെന്നത് മാത്രമല്ല അതിനര്‍ഥം. അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുക എന്നു കൂടിയാണ്. അതിന് പക്ഷേ, ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയിലും സാമ്പത്തിക ലാക്ക് നോക്കുന്ന സാമ്രാജ്യത്വ കണ്ണ് തയ്യാറാകില്ലല്ലോ.