ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

Posted on: November 30, 2015 12:14 am | Last updated: November 30, 2015 at 7:05 am
SHARE

BHARATHAPUZHA-DROWNINGതൃശൂര്‍: അധ്യാപകനും സഹപാഠികള്‍ക്കുമൊപ്പം ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കറ്റുവട്ടൂര്‍ സ്വദേശികളായ വട്ടപ്പറമ്പില്‍ ഗൗതമന്റെ മകന്‍ ആകാശ് (14), കിഴക്കേതില്‍ അബൂബക്കറിന്റെ മകന്‍ മെഹബൂബ് (14), കുണ്ടുകാട്ടില്‍ ഉസ്മാന്റെ മകന്‍ നിയാസ് (14) എന്നിവരാണ് ഭാരതപ്പുഴയിലെ കറ്റുവട്ടൂര്‍ കാളകല്ല് കടവില്‍ മരിച്ചത്. ദേശമംഗലം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് മൂവരും. ഇവര്‍ ഒരേ ട്യൂഷന്‍ സെന്ററിലാണ് പഠിക്കുന്നത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ സ്‌കൂളിലെ അധ്യാപകനൊപ്പം ഒമ്പത് പേരടങ്ങുന്ന സംഘം പഠനയാത്ര നടത്തുന്നതിന് എത്തിയപ്പോഴാണ് സംഭവം. കുളിക്കുന്നതിനിടയില്‍ ആകാശ് കാല്‍വഴുതി ഒഴുക്കിലേക്ക് വീഴുകയായിരുന്നു. മുങ്ങിത്താണ ആകാശിനെ മറ്റുള്ളവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മെഹബൂബും നിയാസും ഒഴുക്കില്‍പ്പെട്ടത്. ഓടിക്കൂടിയവര്‍ തിരച്ചില്‍ നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ഷൊര്‍ണൂരില്‍ നിന്നുള്ള അഗ്നിശമനസേന നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലില്‍ ഒന്നര കിലോമീറ്റര്‍ അകലെ നിന്ന് അരമണിക്കൂറിന് ശേഷമാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്.
അനിതയാണ് ആകാശിന്റെ മാതാവ്. ഏക സഹോദരന്‍ ആദര്‍ശ്. മെഹബൂബിന്റെ മാതാവ്: സുബൈദ. സഹോദരങ്ങള്‍: അയാസ്, മുസ്തഫ, ആസിക്. ഫാത്വിമയാണ് നിയാസിന്റെ മാതാവ്. സഹോദരന്‍: ഇസ്മാഇല്‍.

LEAVE A REPLY

Please enter your comment!
Please enter your name here