നാല് വയസ്സുകാരിയെ വീട്ടുമുറ്റത്ത് തെരുവുനായ കടിച്ചുകീറി

Posted on: November 30, 2015 12:03 am | Last updated: November 30, 2015 at 12:03 am
SHARE

theruv naaya aakramanam Haifa KNRകണ്ണൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനും കണ്ണൂര്‍ കോര്‍പറേഷന്‍ സെക്രട്ടറിക്കുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അഴീക്കല്‍ കപ്പക്കടവ് വി കെ ഹൗസില്‍ അശ്‌റഫിന്റെ മകള്‍ ഹൈഫയെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
കുട്ടിയുടെ മുഖത്തിന്റെ രണ്ട് വശങ്ങള്‍ നായ കടിച്ചെടുത്തു. കരച്ചില്‍ കേട്ട് വീട്ടുകാരെത്തിയതിനു ശേഷമാണ് നായ കുട്ടിയെ വിട്ടത്. ഉടനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹൈഫയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. രാവിലെ ഒമ്പതിന് തൊട്ടടുത്ത പ്രദേശമായ മൂന്നുനിരത്തിലും തെരുവുനായയുടെ ആക്രമണമുണ്ടായി. മൂന്നുനിരത്ത് ദേശബന്ധു വായനശാലയ്ക്കു സമീപം പത്മിനി (60), ജനകീയ റോഡിനു സമീപം സുജിത്ത് (40), രാജേഷ് (34) എന്നിവര്‍ക്കാണ് കടിയേറ്റത്. മൂവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഴീക്കല്‍ മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. പത്തിലേറെ പേരെ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here