നിയമസഭയിലെ കൈയാങ്കളി: ആറ് എം എല്‍ എമാര്‍ കുറ്റക്കാര്‍

Posted on: November 30, 2015 12:01 am | Last updated: November 30, 2015 at 8:57 am

niyamasabhaതിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് ചേരാനിരിക്കെ കഴിഞ്ഞ ബജറ്റ് ദിനം നടന്ന കൈയാങ്കളിയില്‍ ആറ് പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ കേസ്. ബജറ്റ് അവതരണം നടക്കുന്നതിനിടെ നടന്ന കൈയാങ്കളിയില്‍ എം എല്‍ എമാര്‍ കുറ്റക്കാരാണെന്ന് ക്രൈം ബ്രാഞ്ച്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മാസം മുമ്പ് സമര്‍പ്പിച്ച എഫ് ഐ ആറിലാണ് ആറ് എം എല്‍ എമാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചത്.
സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശാനുസരണമാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ഇ പി ജയരാജന്‍, വി ശിവന്‍കുട്ടി, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍, കെ അജിത്ത്, കെ ടി ജലീല്‍ എന്നിവരെ പ്രതി ചേര്‍ത്താണ് കേസ്. ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ഇവര്‍ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. മാര്‍ച്ച് 13നാണ് നിയമസഭയില്‍ കൈയാങ്കളി അരങ്ങേറിയത്. സ്പീക്കറുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിച്ച കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന അഭിപ്രായത്തെ തുടര്‍ന്ന് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട സി സി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പോലിസ് പരിശോധിച്ചു. സ്പീക്കറുടെയും എം എല്‍ എമാരുടെയും മൊഴിയും രേഖപ്പെടുത്തി. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേസിലെ അന്തിമ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഉടന്‍ സമര്‍പ്പിക്കും.
നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് എഫ് ഐ ആര്‍ നല്‍കിയ വിവരം പുറത്തുവന്നത്. ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി രംഗത്തെത്തുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ചിന്റെ എഫ് ഐ ആര്‍ സാഹചര്യം കൂടുതല്‍ വഷളാക്കും. മന്ത്രി ബാബുവിന്റെ രാജിക്കായി സമരം ശക്തമാക്കാന്‍ ഒരുങ്ങുന്ന പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കാനുള്ള ഭരണപക്ഷത്തിന്റെ ആയുധമാണ് എഫ് ഐ ആര്‍.
പൊതുമുതല്‍ നശിപ്പിച്ച എം എല്‍ എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പി ഡി ജോസഫ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാറിനോട് നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. നിയമസഭയുടെ അകത്തും തുടര്‍ന്നു നടന്ന ഹര്‍ത്താലിന്റെ പേരിലുമുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കും ഉത്തരവാദികളായ എം എല്‍ എമാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എന്നാല്‍, ജമീല പ്രകാശം ഉള്‍പ്പടെയുള്ള പ്രതിപക്ഷ വനിതാ എം എല്‍ എല്‍മാര്‍ കെ ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എം എ വഹിദ് എന്നിവര്‍ക്കെതിരെ നല്‍കിയ പരാതിയുടെ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കോടതി നേരിട്ടാണ് ഈ കേസ് അന്വേഷിക്കുന്നത്. കേസെടുക്കുന്നുണ്ടെങ്കില്‍ ആദ്യം വനിതാ എം എല്‍ എമാരെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. വാര്‍ത്ത കണ്ടപ്പോഴാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്ന വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കേസെടുത്തത് അറിയില്ല: സ്പീക്കര്‍
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്തെ അക്രമ സംഭവങ്ങളില്‍ എം എല്‍ എ മാര്‍ക്കെതിരെ കേസെടുത്ത കാര്യം തനിക്കറിയില്ലെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. അതിനാല്‍ തന്നെ കേസ് പിന്‍വലിക്കുമോ നിലനില്‍ക്കുമോ എന്നതും തനിക്ക് അറിയില്ല. മാധ്യമങ്ങളിലൂടെയാണ് താനും ഇക്കാര്യം അറിഞ്ഞത്. അന്ന് നിയമസഭാ സെക്രട്ടേറിയറ്റ് സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. അത് പ്രകാരം പോലീസ് നടപടിയെടുത്തിട്ടുണ്ടാകും. സഭ സന്തോഷത്തോടെ പിരിയണമെന്നാണ് ആഗ്രഹമെന്നും ശക്തന്‍ പറഞ്ഞു.