Connect with us

Ongoing News

ഇസ്ലാമിക് ബേങ്കിംഗിന്റെ ഇസ്ലാമികേതര വാര്‍ത്തകള്‍

Published

|

Last Updated

ഇസ്ലാമിക് ബേങ്കുകളുടെ വളര്‍ച്ചാ വഴികളും ആസ്തികളുടെ വര്‍ധനവും സാമ്പത്തിക ലോകത്ത് ചര്‍ച്ചയാകുന്നു. കിഴക്കേഷ്യന്‍ രാജ്യങ്ങളിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഇസ്ലാമിക് ബേങ്കിംഗ് ആസ്തി രണ്ടു വര്‍ഷത്തിനകം (2018ല്‍) 770 ബില്യന്‍ അമേരിക്കന്‍ ഡോളറിലെത്തുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്ക്. 2013ലെ 391 ബില്യനില്‍ നിന്നാണ് ഈ വളര്‍ച്ച എന്നത് ശ്രദ്ധിക്കണം. തെക്കുകിഴക്കന്‍ ഏഷ്യയിലെ മുസ്ലിം രാജ്യങ്ങളാണ് സ്വാഭാവികമായും ഈ വളര്‍ച്ചക്ക് പ്രധാന പങ്കു വഹിക്കുന്നത്.

എന്നാല്‍, ഇസ്ലാമികേതര രാജ്യങ്ങള്‍കൂടി ഈ വളര്‍ച്ചയില്‍, വിശിഷ്യാ 2018ല്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കുന്നു. അഥവാ ഈ രാജ്യങ്ങളില്‍ ഇസ്ലാമിക് ബേങ്കിംഗ് അതിവേഗ വികസനം നേടിക്കൊണ്ടിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഇസ്ലാമിക ബേങ്കുകളുടെ ഗ്ലോബല്‍ അസറ്റില്‍ നാലിലൊന്നും ഇസ്ലാമികേതര രാജ്യങ്ങളില്‍ നിന്നാണ് എന്ന് ക്വാലാലംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലേഷ്യ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഥവാ ഇസ്ലാമിക് ഫിനാന്‍സിംഗ് ലോകത്ത് ഒരു ബദല്‍ സാമ്പത്തിക വ്യവസ്ഥയായി വികസിച്ചു വന്നുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇടതു മുന്നണി സര്‍ക്കാര്‍ താത്പര്യമെടുത്ത് ആരംഭിക്കാനിരുന്ന ഇസ്ലാമക് ബേങ്കിംഗ് സംവിധാനത്തെ ഇസ്ലാമിക വ്യവസ്ഥിതിയോടുള്ള വിരോധം കൊണ്ട് നിയമപരമായി പ്രതിരോധം സൃഷ്ടിക്കാന്‍ നടന്ന ശ്രമങ്ങള്‍ക്കു നേരേ കൂടിയാണ് മതേതര രാജ്യങ്ങളില്‍ നിന്നുള്ള ഇസ്ലാമിക് ബേങ്കിംഗ് വിജയഗാഥകള്‍ പുഞ്ചിരിക്കുന്നത്.

ഇസ്ലാമിക് ബേങ്കിംഗിന്റെ വികാസത്തില്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന ഒരു ഘടകം ശക്തമായ പോളിറ്റിക്കല്‍ സപ്പോര്‍ട്ടാണ്. ഏഷ്യയില്‍ ഇസ്ലാമിക് ഫിനാന്‍സിലെ നിക്ഷേപം ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് എക്കണോമിക് റി്‌പ്പോര്‍ട്ടുകള്‍. മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണേ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്ലാമിക് ബേങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്നത്. മലേഷ്യമാത്രം ഇസ്ലാമിക് ഫിനാന്‍സിംഗ് അസ്റ്റിന്റെ 40 ശതമാനം കയ്യാളുന്നു. ഗള്‍ഫ് നാടുകള്‍ ഇസ്ലാമിക് ബേങ്കിംഗ് രംഗത്തേക്ക് കൂടുതല്‍ ശ്ക്തിയോടെ കടന്നു വരികയാണ്. യു എ ഇയില്‍ നേരത്തേ തന്നെ ഇസ്ലാമിക് ബേങ്കിംഗ് നിലവിലുണ്ടെങ്കിലും ഒമാന്‍ പോലുള്ള രാജ്യങ്ങളില്‍ ഏതാനും വര്‍ഷം മുമ്പു മാത്രമാണ് ഇസ്ലാമിക് ബേങ്കുകള്‍ ആരംഭിച്ചത്. ഇപ്പോള്‍ കണ്‍വെന്‍ഷനല്‍ ബേങ്കുകള്‍കൂടി ഇസ്ലാമിക് ബേങ്കിംഗ് വിന്‍ഡോ ആരംഭിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു.

ഇസ്ലാമികേതര രാജ്യങ്ങളില്‍ ഇസ്ലാമിക് ഫിനാന്‍സില്‍ മുന്നോട്ടു കുതിക്കുന്ന രാജ്യങ്ങളില്‍ ആദ്യമുള്ളത് തായ്‌ലന്റ് ആണ്. ഒപ്പം ഫിലിപ്പൈനുമുണ്ട്. ഈ രണ്ടു രാജ്യങ്ങളിലും മുസ്ലിം ജനസംഖ്യ തീരേ ന്യൂനപക്ഷമാണ്. രണ്ടു പ്രധാന ഏഷ്യന്‍ രാജ്യങ്ങളും ലോകത്തെ സാമ്പത്തിക ശക്തികളുമായി ചൈനയും ഇന്ത്യയും ഇസ്ലാമിക് ഫിനാന്‍സിംഗിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സിംഗപ്പൂര്‍, ഹോംഗ്‌കോംഗ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലു ഇസ്ലാമിക് ബേങ്കിംഗ് സ്വീകരിക്കപ്പെടുകയാണ്. നിലവില്‍ ചൈനീസ് കമ്പനികളുടെ ഇസ്ലാമിക് ഫിനാന്‍സ് ഹബ്ബായി പ്രവര്‍ത്തിക്കാന്‍ ഹോംഗ്‌കോംഗ് തയാറെടുക്കുകയാണ്. ഇന്ത്യയില്‍ മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചരിത്രത്തില്‍ ആദ്യമായി ഇസ്ലാമിക് ഫോക്കസ്ഡ് ഓഹരി സൂചിക തയാറാക്കുകയാണ്. 500 ശരീഅ ഇന്‍ഡക്‌സുകള്‍ക്കാണ് മുംബൈ എക്‌സ്‌ചേഞ്ച് പദ്ധതി.

Latest